എയറിലായ ശബരിമല വിമാനതാവള പദ്ധതി , തിങ്കളാഴ്‌ച തീരുമാനം

Saturday 17 January 2026 5:09 AM IST

കോട്ടയം: ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെ 'എയറിലായ' ശബരിമല വിമാനത്താവള പദ്ധതിയ്ക്ക് തിങ്കളാഴ്‌ച നിർണായക ദിനം. വിമാത്താവള പദ്ധിതിക്കായി കണ്ടെത്തിയ ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസിൽ പാലാ സബ്കോടതി 19-ാം തീയതി തിങ്കളാഴ്‌ച വിധി പറയും. ഭൂമിസർക്കാരിന് അവകാശപ്പെട്ടതെന്നു വിധി വന്നാൽ വിമാനത്താവള സ്ഥലമേറ്റെടുക്കൽ നടപടി വേഗത്തിലാകും. വിധി എതിരാണെങ്കിൽ പദ്ധതി അനന്തമായി നീളും. അഞ്ചു വർഷം നീണ്ട നിയമ യുദ്ധത്തിനാണ് കോടതി വിധിപറയുക.

ചെറുവള്ളി എസ്റ്റേറ്റ് അയന ചാരിറ്റബിൾട്രസ്റ്റാണ് കൈവശം വെച്ചിരിക്കുന്നത്. അയന കൈവശം വച്ചിരിക്കുന്ന 2570 ഏക്കർ ഭൂമിയുടെ പാട്ടക്കാലാവധി കഴിഞ്ഞതിനാൽ സർക്കാരിന്റെ സ്വന്തമാണെന്നു കാട്ടി മുൻ കോട്ടയം കളക്ടറാണ് കോടതിയെ സമീപിച്ചത്. ഈ കേസിലാണ് 19ന് വിധി. കേസിൽ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. സുപ്രീം കോടതി വരെയെത്തിയ കേസിൽ സിവിൽ കോടതിയെ സമീപിക്കാനായിരുന്നു നിർദ്ദേശം.

എറെ നിർണായകം

2570 ഏക്കർ ഭൂമി വിമാനത്താവളത്തിന് ആവശ്യമില്ലെന്നുകാട്ടി അയന ട്രസ്റ്റ് ഹൈക്കോടതിയിൽ നൽകിയ മറ്റൊരു കേസിൽ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം റദ്ദാക്കിയിരുന്നു. ഇതോടെയാണ് പാലാ സബ് കോടതി വിധി നിർണായകമാവുക.

2263 ഏക്കർ ചെറുവളളി എസ്റ്റേറ്റും 307 ഏക്കർ മറ്റു സ്വകാര്യ ഭൂമിയുമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ച് നടപടികൾ ആരംഭിച്ചത്. ഭാവി വികസനം കൂടി കണ്ടാണ് ഇത്രയും ഭൂമി ആവശ്യം വരുന്നതെന്ന് വാദിച്ചെങ്കിലും കൃത്യമായ വിശദീകരണം നൽകാൻ സർക്കാരിന് കഴിയാതെ വന്നതോടെയാണ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയത്.

ആകെ പ്രതിസന്ധി

ഹൈക്കോടതി വിധി അംഗീകരിച്ച് വിസ്തൃതികുറച്ച് ഭൂമി ഏറ്റെടുത്താൽ പദ്ധതിയിൽ വലിയ മാറ്റം വരുത്തേണ്ടിവരും. 35 കി.മി നീളം വരുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ റൺവേ എന്ന ഉൾപ്പെടെ അടങ്ങിയ പദ്ധതി ചെറുതാക്കേണ്ടി വരും. അപ്പീലുമായി പോയാൽ വിമാനത്താവള നിർമാണം സമീപകാലത്തൊന്നും ആരംഭിക്കാനും കഴിയില്ല.

രണ്ട് തവണ സാമൂഹികാഘാത പഠനം റദ്ദ് ചെയ്യേണ്ടി വന്നു.