നോബൽ മെഡൽ ട്രംപിന് നൽകി മറിയ: വിമർശനം

Saturday 17 January 2026 7:24 AM IST

വാഷിംഗ്ടൺ: തനിക്ക് ലഭിച്ച സമാധാന നോബൽ മെഡൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കൈമാറി വെനസ്വേലൻ പ്രതിപക്ഷ നേതാവ് മറിയ കൊറീന മചാഡോ. ഇന്നലെ വൈറ്റ് ഹൗസിൽ ഇരുവരും നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് അസാധാരണ സംഭവം.

വെനസ്വേലയുടെ സ്വാതന്ത്ര്യത്തിനായി ട്രംപ് കാട്ടിയ അതുല്യ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിതെന്ന് മറിയ അവകാശപ്പെട്ടു. മറിയയുടെ നടപടിക്കെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. ട്രംപിനെ പ്രീതിപ്പെടുത്താനുള്ള നീക്കമാണെന്നാണ് വിമർശനം. നീക്കം അസംബന്ധമാണെന്ന് നോർവേയിലെ (സമാധാന നോബൽ നൽകുന്നത് നോർവേയിൽ വച്ചാണ്) രാഷ്ട്രീയ നേതാക്കൾ കുറ്റപ്പെടുത്തി. നോബലിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആരോപണമുയർന്നു.

മഡുറോയെ പുറത്താക്കിയ പിന്നാലെ വെനസ്വേലയെ നയിക്കാൻ മറിയ താത്പര്യം അറിയിച്ചിരുന്നെങ്കിലും, ട്രംപ് അവഗണിക്കുകയും വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാരിനെ പിന്തുണയ്ക്കുകയുമായിരുന്നു. മറിയയ്ക്ക് വെനസ്വേലയ്ക്കുള്ളിൽ മതിയായ പിന്തുണയില്ലെന്നാണ് ട്രംപിന്റെ വിലയിരുത്തൽ.

# പദവിയിൽ മാറ്റമില്ല

മെഡൽ ലഭിച്ചതു കൊണ്ട് ട്രംപ് സമാധാന നോബൽ ജേതാവാകില്ലെന്ന് നോബൽ കമ്മിറ്റി വ്യക്തമാക്കി. 2025ലെ സമാധാന ജേതാവെന്ന പദവി മച്ചാഡോയ്ക്ക് തന്നെ ആയിരിക്കുമെന്നും പദവി പങ്കിടാനോ മറ്റൊരാൾക്ക് നൽകാനോ കഴിയില്ലെന്നും കമ്മിറ്റി പറഞ്ഞു.

# താൻ പ്രസിഡന്റാകുമെന്ന് മറിയ

ഉചിതമായ സമയത്ത് താൻ വെനസ്വേലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് മറിയ, ട്രംപിനെ കണ്ട ശേഷം ഒരു അമേരിക്കൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായിരിക്കും താനെന്നും അവർ അവകാശപ്പെട്ടു.

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മഡുറോ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ജയിച്ചത് തങ്ങളാണെന്നും മഡുറോ ഫലത്തിൽ കൃത്രിമത്വം നടത്തിയെന്നും മറിയയുടെ നേതൃത്വത്തിലെ പ്രതിപക്ഷം ആരോപിക്കുന്നു.