ബംഗ്ലാദേശിൽ ഹിന്ദു അദ്ധ്യാപകന്റെ വീട് കത്തിച്ചു
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വേട്ടയാടൽ തുടരുന്നതിനിടെ, ഹിന്ദു അദ്ധ്യാപകന്റെ വീടിന് അക്രമികൾ തീയിട്ടു. സിൽഹെറ്റ് ജില്ലയിലെ ഗോവൈൻഘട്ടിൽ ബീരേന്ദ്ര കുമാർ ഡേയിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്. വീട് കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. തീവ്രവാദ ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഈയാഴ്ച ആദ്യം ഫെനി ജില്ലയിൽ ഓട്ടോ ഡ്രൈവറായ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച ശേഷം കുത്തി കൊലപ്പെടുത്തിയിരുന്നു. ഡിസംബർ മുതൽ 15 ഓളം ഹിന്ദുക്കളാണ് രാജ്യത്ത് കൊല്ലപ്പെട്ടതെന്ന് വിവിധ സംഘടനകൾ പറയുന്നു. ഇതിനിടെ, ബംഗ്ലാദേശിലെ തെരുവുകളിൽ ഹിന്ദുക്കളെ കൊലപ്പെടുത്തുകയാണെന്നും ആരാധനാലയങ്ങൾ കത്തിക്കുന്നെന്നും ബ്രിട്ടീഷ് എം.പിമാർ പാർലമെന്റിൽ ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെടണമെന്ന് കൺസർവേറ്റീവ് അംഗം ബോബ് ബ്ലാക്ക്മാന്റെ നേതൃത്വത്തിലെ എം.പിമാർ ചൂണ്ടിക്കാട്ടി.