ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റിന് ജയിൽ ശിക്ഷ
സോൾ: ദക്ഷിണ കൊറിയയിൽ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന് (65) അഞ്ച് വർഷം ജയിൽ ശിക്ഷ. രാജ്യത്ത് അപ്രതീക്ഷിത പട്ടാള നിയമം പ്രഖ്യാപിച്ച് പ്രതിസന്ധി സൃഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് ശിക്ഷ. യൂൻ അധികാര ദുർവിനിയോഗം നടത്തിയെന്നും നീതി തടസപ്പെടുത്തുകയും വ്യാജരേഖകൾ സൃഷ്ടിക്കുകയും ചെയ്തെന്ന് കോടതി പറഞ്ഞു. അറസ്റ്റ് തടയാൻ ശ്രമിച്ചതും യൂനിന് വിനയായി. വിധിക്കെതിരെ യൂൻ അപ്പീൽ നൽകും. മറ്റ് ഏഴ് ക്രിമിനൽ വിചാരണ കൂടി യൂൻ നേരിടാനുണ്ട്.
2024 ഡിസംബറിലാണ് യൂൻ പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രതിപക്ഷം ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നെന്നും ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു നടപടി. പ്രതിഷേധം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ നിയമം പിൻവലിച്ചു.
എന്നാൽ പാർലമെന്റിൽ ഇംപീച്ച് ചെയ്യപ്പെട്ടതോടെ അദ്ദേഹം സസ്‌പെൻഷനിലായി. കുറ്റക്കാരനെന്ന് തെളിഞ്ഞതോടെ ഭരണഘടനാ കോടതി യൂനിനെ പദവിയിൽ നിന്ന് പുറത്താക്കി. കഴിഞ്ഞ വർഷം ജനുവരിയിൽ അറസ്റ്റിലായ യൂൻ നിലവിൽ സോളിലെ തടങ്കൽ കേന്ദ്രത്തിൽ തുടരുകയാണ്.