ഛബഹാർ തുറമുഖ പങ്കാളിത്തം: ഇന്ത്യ- യു.എസ് ചർച്ച

Saturday 17 January 2026 7:42 AM IST

ന്യൂൽഡഹി: ഇറാനിലെ തന്ത്രപ്രധാനമായ സ്ഥലത്തുള്ള ഛബഹാർ തുറമുഖ വികസനത്തിൽ പുതിയ സംഭവങ്ങൾ തടസമാകാതിരിക്കാൻ ശ്രമിച്ച് ഇന്ത്യ. ഇറാനുമായി സഹകരിക്കുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണിത്.

കഴിഞ്ഞ സെപ്‌തംബറിൽ, ഇറാനെതിരെ യുഎസ് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെങ്കിലും ഛബഹാർ തുറമുഖ പദ്ധതിയിൽ ഇന്ത്യയ്ക്ക് ആറ് മാസത്തെ ഇളവനുവദിച്ചിരുന്നതായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഏപ്രിൽ 26 ന് ഇളവ് അവസാനിക്കും. പങ്കാളിത്തം തുടരാൻ യു.എസുമായി ചർച്ച നടത്തി വരുന്നു.യു.എസ് ഭീഷണിയെ തുടർന്ന് ഇന്ത്യൻ തുറമുഖ പദ്ധതിയിൽ നിന്ന് പിൻമാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇറാൻ്റെ തെക്കൻ തീരപ്രദേശമായ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലെ ചബഹാർ തുറമുഖം ഇന്ത്യൻ സഹായത്തോടെയാണ് വികസിപ്പിക്കുന്നത്. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, അർമേനിയ, അസർബൈജാൻ, റഷ്യ, മധ്യേഷ്യ, യൂറോപ്പ് രാജ്യങ്ങളെ ബന്ധിപ്പിച്ചുള്ള ചരക്കു ഗതാഗതം ലക്ഷ്യമിടുന്ന 7,200 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്റർനാഷണൽ നോർത്ത്-സൗത്ത് ഗതാഗത ഇടനാഴിയിൽ ഛബഹാർ തുറമുഖവും ഉൾപ്പെടുന്നുണ്ട്. അതിനാൽ ഇന്ത്യൻ പിൻമാറാനുള്ള സാദ്ധ്യത വിരളമാണ്. ഇന്ത്യൻ പിൻമാറിയാൽ ചൈന കടന്നുവന്നേക്കും. ഇക്കാര്യം യു.എസിനെ ബോധ്യപ്പെടുത്താനാണ് ശ്രമം.

ഇറാനിൽ 9000

ഇന്ത്യക്കാർ

ഏകദേശം 9,000 ഇന്ത്യക്കാർ ഇറാനിലുണ്ടെന്നും അവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണെന്നും രൺധീർ ജയ്‌‌സ്വാൾ അറിയിച്ചു. ഇവരുമായി തെഹ്‌റാനിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.