ഇറാനിൽ പ്രക്ഷോഭം അയയുന്നു

Saturday 17 January 2026 7:42 AM IST

ടെഹ്‌‌റാൻ: യു.എസ് ആക്രമണ ഭീഷണി മയപ്പെടുത്തിയ പിന്നാലെ, ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം അയയുന്നു. പ്രതിഷേധങ്ങളും അറസ്‌റ്റും തുടരുന്നുണ്ടെങ്കിലും ഗുരുതരമായ അക്രമ സംഭവങ്ങളോ ഏറ്റുമുട്ടലുകളോ ഇന്നലെയുണ്ടായില്ലെന്നാണ് വിവരം. തലസ്ഥാനമായ ടെഹ്‌റാനിൽ ജനജീവിതം സാധാരണഗതിയിലേക്ക് മടങ്ങിത്തുടങ്ങി. സുരക്ഷാ സേനയുടെ ഡ്രോൺ നിരീക്ഷണം നഗരത്തിൽ ശക്തമാണ്.

അതേസമയം, ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. പ്രക്ഷോഭത്തിനിടെയുള്ള കൊലപാതകങ്ങൾ കുറഞ്ഞെന്നും ആരെയും വധശിക്ഷയ്ക്ക് വിധേയമാക്കില്ലെന്നും ഇറാൻ ഉദ്യോഗസ്ഥർ അറിയിച്ചതിനാലാണ് സൈനിക നടപടി തത്കാലം വേണ്ട എന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചത്. സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നിവരുടെ ഇടപെടലും നിർണായകമായി.

എന്നാൽ, അനിഷ്ട സംഭവങ്ങൾ ആവർത്തിച്ചാൽ യു.എസ് ഇടപെടും. പദ്ധതികളൊന്നും ഉപേക്ഷിച്ചിട്ടില്ലെന്നും പ്രതിഷേധക്കാർക്ക് ഒപ്പമാണെന്നും യു.എസ് ഓർമ്മിപ്പിച്ചു. ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി 800 പ്രതിഷേധക്കാരുടെ വധശിക്ഷകൾ ഇറാൻ റദ്ദാക്കിയെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ, ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഫോൺ സംഭാഷണം നടത്തി. പ്രാദേശിക സംഘർഷം തടയാനുള്ള ചർച്ചകൾക്ക് മദ്ധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് പുട്ടിൻ പറഞ്ഞു.

# ഇന്റർനെറ്റ് നിയന്ത്രണം മാർച്ച് വരെ

 ഇന്റർനെറ്റ് നിയന്ത്രണം നീക്കിയിട്ടില്ല. മാർച്ച് അവസാനം വരെ നിയന്ത്രണം തുടരാൻ സർക്കാർ ആലോചിക്കുന്നുണ്ട്

 പ്രക്ഷോഭം തുടങ്ങിയ ഡിസം. 28 മുതൽ 3,428 പേർ കൊല്ലപ്പെട്ടു. 19,000 പേർ അറസ്റ്റിലായി

 പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വിട്ടുനൽകാൻ സുരക്ഷാ സേന ലക്ഷക്കണക്കിന് റിയാൽ ആവശ്യപ്പെടുന്നെന്ന് ആരോപണമുണ്ട്

 സംഘർഷ സാദ്ധ്യത ഒഴിഞ്ഞിട്ടില്ലാത്തതിനാൽ ലുഫ്‌താൻസ, ബ്രിട്ടീഷ് എയർവേയ്സ് തുടങ്ങിയ യൂറോപ്യൻ എയർലൈനുകൾ ഇറാൻ വ്യോമപാത ഉപയോഗിക്കുന്നില്ല