എല്ലാത്തിനും സംശയം, കണ്ടില്ലെങ്കിൽ വീട്ടിലെത്തും; മലപ്പുറത്ത് 14കാരിയുടെ ജീവനെടുത്തത് ടോക്‌സിക് പ്രണയം?

Saturday 17 January 2026 10:36 AM IST

മലപ്പുറം: കരുവാക്കുണ്ടിൽ 14കാരിയെ 16കാരൻ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംശയരോഗവും അടക്കാനാകാത്ത ദേഷ്യവും പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

കൊല്ലപ്പെട്ട പെൺകുട്ടിയും ആൺസുഹൃത്തും തമ്മിലുള്ള ബന്ധം നേരത്തേ വീട്ടുകാർക്ക് അറിയാമായിരുന്നു. പെൺകുട്ടിയെ കാണാതിരുന്നാൽ അസ്വസ്ഥനാകുന്ന പ്രതിക്ക് വീട്ടിൽ അന്വേഷിച്ചെത്തുന്ന ശീലമുണ്ടായിരുന്നു. ഇങ്ങനെ വീട്ടിലെത്തി ശല്യം ചെയ്യുന്നതിനെതിരെ പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ആൺകുട്ടിയെ താക്കീത് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. പെട്ടെന്ന് പ്രകോപിതനാകുന്ന ആൺസുഹൃത്തിനെ പെൺകുട്ടിക്ക് ഭയമായിരുന്നു.

വ്യാഴാഴ്‌ച സ്‌‌കൂളിലെത്തിയ പെൺകുട്ടിയെ പ്രതി നിർബന്ധിച്ചാണ് കൂടെ കൊണ്ടുപോയത്. വൈകിട്ട് മകളെ കാണാതായതോടെ അമ്മ പൊലീസിൽ പരാതി നൽകി. സംശയം തോന്നിയ പൊലീസ് ആൺസുഹൃത്തിനെ വിളിച്ചു. സ്‌കൂളിൽ വച്ച് പെൺകുട്ടിയെ കണ്ടിരുന്നുവെന്നും അല്ലാതെ മറ്റൊന്നും അറിയില്ലെന്നുമായിരുന്നു മറുപടി. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഇന്നലെ ആൺകുട്ടിയും പിതാവും സ്റ്റേഷനിലെത്തി. വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.

വ്യാഴാഴ്‌ച കരുവാരക്കുണ്ടിൽ നിന്ന് പാണ്ടിക്കാട്, വണ്ടൂ‌ർ വഴി ബസ് മാർഗം ഇരുവരും വാണിയമ്പലത്തെത്തി. അവിടെ നിന്നും റെയിൽവേ പാതയിലൂടെ നടന്നാണ് ആളൊഴിഞ്ഞ സ്ഥലത്തെത്തിയത്. മറ്റൊരാളോട് അടുപ്പമുണ്ടെന്ന സംശയത്തെച്ചൊല്ലി പ്രതി അവിടെവച്ച് പെൺകുട്ടിയെ ശകാരിച്ചു. വാക്കുതർക്കത്തിനിടെ പ്രകോപിതനായ ആൺസുഹൃത്ത് ബലപ്രയോഗത്തിലൂടെ പെൺകുട്ടിയുടെ കൈകൾ കെട്ടുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറഞ്ഞത്.

പ്രതിയുടെ സ്വഭാവത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ മാറ്റമുണ്ടെന്നാണ് സുഹൃത്തുക്കളും നാട്ടുകാരും പറയുന്നത്. പലപ്പോഴും നിയന്ത്രണംവിട്ട് ദേഷ്യപ്പെടുന്നത് പലരുടെയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം തൊടിയപ്പുലത്ത് അടുത്തൊരു വീട്ടിലെത്തി വെള്ളം വാങ്ങി കുടിച്ചു. അവിടെനിന്നും ഫോൺ വാങ്ങി വീട്ടുകാരെ വിളിക്കുകയും ചെയ്‌തു. ആർക്കും സംശയം തോന്നാത്ത രീതിയിൽ വിദഗ്ദ്ധരായ കുറ്റവാളികളെപ്പോലെയാണ് ആൺകുട്ടി പെരുമാറിയത്. കൃത്യം പൊലീസിനോട് വിവരിക്കുമ്പോൾ പോലും ശബ്‌ദത്തിൽ ഇടർച്ചയോ ഭയമോ പ്രതിക്ക് ഇല്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.