അരുണാചലിൽ തണുത്തുറഞ്ഞ തടാകത്തിലൂടെ നടന്ന രണ്ട് മലയാളി യുവാക്കൾ മുങ്ങിമരിച്ചു
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാക്കൾ തടാകത്തിൽ മുങ്ങിമരിച്ചു. കൊല്ലം സ്വദേശി ദിനു (26), മാധവ് മഹാദേവ് എന്നിവരാണ് കാണാതായി. കൊല്ലത്ത് നിന്ന് വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് അഞ്ചുപേർ രക്ഷപ്പെട്ടു.
തവാങ്ങിലെ തണുത്തുറഞ്ഞ സേല തടാകത്തിലൂടെ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തടാകത്തിൽ മുങ്ങിയ ഒപ്പമുണ്ടായിരുന്നയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദിനുവും മാധവും വെള്ളത്തിൽ വീണത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. പൊലീസും ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ദിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വെളിച്ചക്കുറവ് കാരണം മാധവിനായുള്ള തെരച്ചിൽ വൈകിട്ടോടെ നിർത്തിവച്ചിരുന്നു. പിന്നീട് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിൽ മാധവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ദിനുവിന്റെ മൃതദേഹം ജാംഗ് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. രക്ഷപ്പെട്ട അഞ്ചുപേർ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. മഞ്ഞുമൂടിയ ഹിമാലയൻ മലനിരകൾക്ക് നടുവിൽ കണ്ണാടി പോലെ കിടക്കുന്ന സേലാ തടാകം വർഷത്തിൽ മിക്കവാറും സമയങ്ങളിലും മഞ്ഞുമൂടിയാണ് കിടക്കുന്നത്. തടാകത്തിൽ ഇറങ്ങുന്നതിന് വിനോദസഞ്ചാരികൾക്ക് അനുമതിയില്ല. തടാകത്തിന് ചുറ്റിലും കോൺക്രീറ്റ് നടപ്പാതയുണ്ട്.