പൊലീസ് നോക്കിനിൽക്കെ നടുറോഡിൽ യുവാക്കളുടെ ബൈക്ക്  അഭ്യാസം

Saturday 17 January 2026 11:51 AM IST

പാട്ന: പൊലീസിന്റെ മുന്നിൽ നടുറോഡിൽ യുവാക്കളുടെ അഭ്യാസപ്രകടനം. ബീഹാറിലെ തിരക്കേറിയ ഹൈവേയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് പൊലീസുകാർക്കെതിരെയും യുവാക്കൾക്കെതിരെയും ഉയരുന്നത്.

അമിതവേഗതയിൽ പോകുന്ന ബൈക്കിന് മുകളിൽ കൈകൾ കോർത്ത് എഴുന്നേറ്റ് നിന്ന് യുവാക്കൾ അഭ്യാസം നടത്തുന്നതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. തൊട്ടടുത്ത് ഒരു ട്രക്ക് പോകുന്നുണ്ടെന്നത് പോലും വകവയ്ക്കാതെയായിരുന്നു ഇവരുടെ പ്രകടനം. ഇതിനിടയിലാണ് അതുവഴി വന്ന ബീഹാർ പൊലീസിന്റെ ജീപ്പിനെ മറികടന്നാണ് ഈ രീതിയിൽ യുവാക്കൾ മുന്നോട്ട് പോയത്. നിയമങ്ങൾ കാറ്റിൽപറത്തി പൊലീസിനെ പോലും വെല്ലുവിളിക്കുന്ന യുവാക്കളുടെ പ്രവൃത്തിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

'പൊലീസിനെ പോലും ആർക്കും പേടിയില്ലാതായിരിക്കുന്നു. ഉദ്യോഗസ്ഥരുടെ മുന്നിൽ ഇത്തരം സ്റ്റണ്ട് നടത്തിയിട്ടും നടപടിയില്ലേ?' എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് കണ്ടെത്തി വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കുകയും, ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് എന്നെന്നേക്കുമായി റദ്ദാക്കുകയും ചെയ്യണമെന്ന് പലരും അഭിപ്രായപ്പെട്ടു.

അതേസമയം വീഡിയോ വൈറലായതോടെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചു. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനൽകി. റോഡുകളിൽ ഇത്തരം സ്റ്റണ്ടുകൾ പെരുകുന്നത് മറ്റ് യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയാകുന്നുണ്ട്. ശിക്ഷാനടപടികൾ കർശനമാക്കുന്നതിനൊപ്പം ട്രാഫിക് നിയമങ്ങളെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കണമെന്ന ആവശ്യവും ശക്തമാണ്.