ധനുഷ് - മൃണാൾ താക്കൂർ വിവാഹം ഉടൻ?; വാർത്തയിൽ ആദ്യ പ്രതികരണവുമായി നടന്റെ അടുപ്പക്കാർ
നടി മൃണാൾ താക്കൂറും നടൻ ധനുഷും വിവാഹിതരാകുന്നുവെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. ഫെബ്രുവരി 14ന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങിൽ താരങ്ങൾ വിവാഹിതരാകുമെന്നായിരുന്നു റിപ്പോർട്ട്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണെന്ന് നേരത്തേ വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവാഹ വാർത്ത വ്യാജമാണെന്നാണ് നടനോട് അടുത്ത വൃത്തങ്ങൾ പറയുന്നതെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.
'വാർത്ത തീർത്തും വ്യാജവും അടിസ്ഥാനരഹിതവുമാണ്. അതിൽ വീഴരുത്. വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണം ', എന്നാണ് നടന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇതോടെ ഇരുതാരങ്ങളും തമ്മിലുള്ള വിവാഹ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അജയ് ദേവ്‌ഗണും മൃണാളും പ്രധാന വേഷത്തിൽ എത്തിയ സൺ ഒഫ് സർദാർ 2 എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ ഇരുവരും ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രം നേരത്തേ പ്രചരിച്ചിരുന്നു. മൃണാളിന്റെ പിറന്നാൾ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. എന്നാൽ അജയ് ദേവ്‌ഗണാണ് ധനുഷിനെ ക്ഷണിച്ചത് എന്നാണ് മൃണാൾ ഇതിനോട് പ്രതികരിച്ചത്.
പിന്നീട് ധനുഷിന്റെ മൂന്നു സഹോദരിമാരെയും മൃണാൾ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്നതായി സോഷ്യൽ മീഡിയ കണ്ടെത്തി. ധനുഷ് ചിത്രം 'തേരെ ഇഷ്‌ക്‌മോയുടെ നിർമ്മാതാവ് കനികാ ധില്ലൻ ഒരുക്കിയ പാർട്ടിയിലും ഇരുവരും ഒന്നിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. സ്‌പോട്ടിഫൈയിൽ ധനുഷും മൃണാളും ഒരേ പ്ലേ ലിസ്റ്റ് പങ്കുവയ്ക്കുന്നുവെന്നും ആരാധകർ കണ്ടെത്തി.