ലോകത്തെ അത്ഭുതപ്പെടുത്താൻ ദുബായ്; ടാക്സി ഇനി പറന്നെത്തും, അറിയേണ്ട കാര്യങ്ങൾ

Saturday 17 January 2026 3:57 PM IST

സ്വപ്നങ്ങളിൽ നിന്ന് യാഥാർഥ്യത്തിലേക്ക് അതിവേഗം കുതിക്കുന്ന ദുബായ്, ലോകത്ത് ഏറ്റവും വേഗത്തിൽ വികസിക്കുന്ന നഗരങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ ഗതാഗത മേഖലയിൽ പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങുകയാണ് ഈ നഗരം. 2026ന്റെ അവസാനത്തോടെ നഗരത്തിൽ എയർ ടാക്സി സേവനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ഈ വർഷം ആദ്യ പാദത്തിൽ തന്നെ ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറങ്ങുമെന്നും റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ മത്തർ അൽ തായർ അറിയിച്ചു. ദുബായ് നഗരത്തെ കീഴടക്കാൻ പോകുന്ന എയർ ടാക്സി സേവനങ്ങളെക്കുറിച്ച് അറിയാം.

ലോക ഗവൺമെന്റ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് ദുബായുടെ ഭാവി ഗതാഗത പദ്ധതികളെക്കുറിച്ച് മത്തർ അൽ തായർ വിശദീകരിച്ചത്. വർഷങ്ങൾക്കു മുൻപ് കണ്ട സ്വപ്നം യാഥാർഥ്യമാവുകയാണെന്ന് മത്തർ അൽ തായർ പറഞ്ഞു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സഹായിക്കുന്ന പുതിയൊരു പ്രീമിയം ഗതാഗത മാർഗമായിരിക്കും ഇത്. എയർ ടാക്സികൾക്കായി പ്രത്യേക സ്‌കൈപോർട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.

ദുബായുടെ റോഡുകളിലൂടെ ഡ്രൈവറില്ലാതെ ഓടുന്ന ടാക്സികൾ ഈ വർഷം ആദ്യ മാസങ്ങളിൽ തന്നെ പ്രവർത്തനം തുടങ്ങും. ആസൂത്രണം ആരംഭിച്ച് വെറും 10 മാസത്തിനുള്ളിലാണ് ഈ പദ്ധതി നിർവ്വഹണ ഘട്ടത്തിലേക്ക് എത്തിയത്. ചൈനീസ് കമ്പനിയായ ബൈഡു ഉൾപ്പെടെയുള്ള പ്രമുഖ സ്വയംനിയന്ത്രിത വാഹന നിർമ്മാതാക്കളുമായി സഹകരിച്ചാണ് ഇതിന്റെ പരീക്ഷണയോട്ടങ്ങൾ പൂർത്തിയാക്കിയത്. ഈ വാഹനങ്ങളെ നിരീക്ഷിക്കാൻ അത്യാധുനികമായ ഒരു സമർപ്പിത കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സജ്ജമാക്കിയിട്ടുണ്ട്.

സാമ്പത്തിക വളർച്ചയ്ക്കും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും കരുത്തുറ്റ അടിസ്ഥാന സൗകര്യങ്ങൾ അത്യന്താപേക്ഷിതമാണെന്ന് അൽ തായർ ചൂണ്ടിക്കാട്ടി. ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ല് ഇത്തരം സൗകര്യങ്ങളാണ്. വിദേശ നിക്ഷേപം ആകർഷിക്കാനും വൻകിട കമ്പനികൾക്ക് മികച്ച പ്രവർത്തനാന്തരീക്ഷം ഒരുക്കാനും ആധുനിക ഗതാഗത സംവിധാനങ്ങൾ ദുബായിയെ സഹായിക്കും.

എയർ ടാക്സി ദുബായിലെ എയർ ടാക്സി പദ്ധതി ലോകത്തിലെ തന്നെ ആദ്യത്തെ സ്ഥിരം എയർ ടാക്സി സേവനമായി മാറാനാണ് ലക്ഷ്യമിടുന്നത്. യുഎസ് ആസ്ഥാനമായ ജോബി ഏവിയേഷൻ എന്ന കമ്പനിയാണ് ദുബായ്ക്കായി ഈ വിമാനങ്ങൾ നിർമ്മിക്കുന്നത്. ഒരു പൈലറ്റും നാല് യാത്രക്കാരും അടങ്ങുന്നതാണ് ഈ ടാക്സി. ഇതിന് മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, ഡൗൺടൗൺ ദുബായ് (ബുർജ് ഖലീഫ പരിസരം), ദുബായ് മറീന, പാം ജുമൈറ എന്നീ നാല് പ്രധാന സ്ഥലങ്ങളിലാണ് എയർ ടാക്സി സ്റ്റേഷനുകൾ വരുന്നത്. ദുബായ് എയർപോർട്ടിൽ നിന്ന് മറീനയിലേക്ക് സാധാരണ 45 മിനിറ്റോളം റോഡ് യാത്ര വേണ്ടി വരുമെങ്കിൽ, എയർ ടാക്സിയിലൂടെ അത് വെറും 10 മിനിറ്റായി ചുരുങ്ങും.

ജനറൽ മോട്ടോഴ്സിന്റെ കീഴിലുള്ള ക്രൂസ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ദുബായ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2030ഓടെ ദുബായിലെ ആകെ യാത്രകളുടെ 25 ശതമാനം ഡ്രൈവറില്ലാ വാഹനങ്ങളിലേക്ക് മാറ്റാനാണ് ആർടിഎ പദ്ധതിയിടുന്നത്. സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ടാക്സികൾ മനുഷ്യ സഹായമില്ലാതെ തന്നെ ട്രാഫിക് സിഗ്നലുകളും കാൽനടയാത്രക്കാരെയും തിരിച്ചറിയാൻ ശേഷിയുള്ളവയാണ്. ഡിജിറ്റൽ നോൽ കാർഡ് എന്ന ടിക്കറ്റുകൾ സ്‌കാൻ ചെയ്യാതെ തന്നെ യാത്ര ചെയ്യാവുന്ന അത്യാധുനിക സംവിധാനങ്ങളും ആർടിഎ പരീക്ഷിക്കുന്നുണ്ട്.