പ്ലാസ്റ്റിക് പാത്രങ്ങൾ പൊട്ടിയാലും കളയേണ്ട; വെറും പത്തുരൂപ ചെലവാക്കിയാൽ വർഷങ്ങളോളം ഉപയോഗിക്കാം
വീട്ടിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ,ബക്കറ്റുകൾ, കുപ്പികൾ, ടിൻ ഷീറ്റുകൾ തുടങ്ങിയവ പൊട്ടിപോയാൽ എന്താണ് ചെയ്യാറുള്ളത്. ചിലർ അവ ഉപേക്ഷിക്കും. മറ്റുചിലർ വിലകൊടുത്ത് വാങ്ങിയ പ്ലാസ്റ്റിക് പാത്രങ്ങൾ ചെടികൾ നടാനോ മാലിന്യം ശേഖരിക്കാനോ മാറ്റിവയ്ക്കും. വീട്ടിൽ വെള്ളം ശേഖരിക്കുന്ന ടാങ്ക് പൊട്ടിയാലും ഇതുതന്നെയാണ് അവസ്ഥ. എന്നാൽ വെറും പത്തുരൂപയുണ്ടെങ്കിൽ ഈ പ്രശ്നം എളുപ്പത്തിൽ പരിഹരിക്കാം.
പത്തുരൂപയുടെ പെട്രോളും തെർമോകോളും ഉപയോഗിച്ച് ഒരു പശ തയ്യാറാക്കി പാത്രത്തിന്റെ പൊട്ടിയ ഭാഗത്ത് പുരട്ടുകയാണെങ്കിൽ വർഷങ്ങളോളം യാതൊരു കേടുപാടുമില്ലാതെ അവ ഉപയോഗിക്കാവുന്നതാണ്. പ്രത്യേക പശ തയ്യാറാക്കുന്ന രീതി എങ്ങനെയെന്ന് നോക്കാം. അപകടകാരിയായ വസ്തുവാണ് പെട്രോൾ. അതിനാൽ കുട്ടികളിൽ നിന്ന് പെട്രോൾ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കുക. അധികം വെയിലേൽക്കാത്ത സ്ഥലത്തുവച്ചുമാത്രമേ പെട്രോൾ നിറച്ചിരിക്കുന്ന കുപ്പിയും തുറക്കാവൂ.
ആദ്യം ഉപയോഗ ശൂന്യമായ പാത്രത്തിലേക്ക് അൽപം പെട്രോൾ ഒഴിക്കുക. ശേഷം അതിലേക്ക് കഷ്ണങ്ങളാക്കി വച്ചിരിക്കുന്ന തെർമോകോൾ ഇടുക. തെർമോകോൾ പെട്രോളുമായി അലിയുന്നത് കാണാൻ സാധിക്കും. ഇത്തരത്തിൽ തയ്യാറാക്കിയ പശ പ്ലാസ്റ്റിക് പാത്രത്തിന്റെ പൊട്ടിയ ഭാഗത്ത് പുരട്ടികൊടുത്തതിനുശേഷം വെയിലത്തുവച്ച് ഉണക്കിയെടുക്കുക. പെട്രോളുപയോഗിച്ച് തയ്യാറാക്കിയ പശ പാത്രങ്ങളിൽ പുരട്ടുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക. ഭക്ഷണസാധനങ്ങൾ ശേഖരിച്ചുവയ്ക്കുന്ന പാത്രത്തിലാണ് ഇത്തരത്തിൽ പശ പുരട്ടുന്നതെങ്കിൽ ഉൾവശത്ത് പുരട്ടാതിരിക്കുക.