ആഘോഷങ്ങൾക്ക് അരങ്ങൊരുക്കാൻ പ്രണവ് ഡെക്കറേഷൻസ്
മൂന്ന് പതിറ്രാണ്ടുമുമ്പ് അറേബ്യൻ മണലാരണ്യത്തിൽ പൊലിഞ്ഞുപോയ ജീവിത സ്വപ്നങ്ങൾ ജന്മനാട്ടിലെത്തി സ്വയം സംരംഭകത്വത്തിലൂടെ വീണ്ടെടുത്തൊരു പ്രവാസിയുടെ കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റേയും നേർ സാക്ഷ്യമാണ് ഇവന്റ് മാനേജ്മെന്റ് രംഗത്ത് സംസ്ഥാനത്തെ പ്രമുഖ ബ്രാൻഡ് ആയി വളർന്ന ചോറ്റാനിക്കരയിലെ പ്രണവ് ഡെക്കറേഷൻസ്. 1992ൽ കുറച്ച് ഇരുമ്പ് കസേരയും മേശയും പടുതയുമൊക്കെ വാടകയ്ക്ക് കൊടുക്കുന്ന ചെറിയൊരു സംരംഭം തുടങ്ങിയ എരുവേലി വട്ടപ്പറമ്പിൽ വി.ആർ. പ്രകാശനാണ്, ഐതിഹാസികമായ ആ വിജയഗാഥയുടെ നായകൻ. 1991ലാണ് എട്ട് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് വെറും കൈയ്യോടെ പ്രകാശൻ നാട്ടിലേക്ക് മടങ്ങിയത്. മോട്ടോർമെക്കാനിക്ക് എന്ന പ്രായോഗിക പരിജ്ഞാനവുമായി 21ാം വയസിൽ ഖത്തറിലേക്ക് വിമാനം കയറുമ്പോൾ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് വർഷം വലിയ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. ഒരു അറബിയുടെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിലെ ഏക ജീവനക്കാരനായിരുന്നു. പിന്നീട് വരുമാനം കുറഞ്ഞുതുടങ്ങിയപ്പോൾ അറബി പിന്മാറി. വർക്ക്ഷോപ്പ് പ്രകാശന് വാടയ്ക്ക് നൽകി. അങ്ങനെ ഖത്തറിൽ ഒരു സംരംഭകനായെങ്കിലും കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ മുന്നോട്ടുപോയില്ല. വർക്ക്ഷോപ്പിനുമുമ്പിലൂടെ ഒരു സീവേജ് കനാൽ വന്നപ്പോൾ വാഹനങ്ങൾ അങ്ങോട്ടുകയറാതായി. രണ്ടുവർഷത്തോളം നീണ്ട ആ പ്രതിസന്ധി പ്രകാശനെ അടിമുടി തളർത്തി. നാട്ടിലേക്ക് മടങ്ങുകയല്ലാതെ മറ്റ് വഴികളൊന്നും മുമ്പിലുണ്ടായിരുന്നില്ല. കുറേ മലയാളി സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു മടക്കം.9-ാം ക്ലാസിൽ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച് ഒരു പരിചയക്കാരന്റെ വർക്ക്ഷോപ്പിൽ പണിയെടുത്ത് സ്വായത്തമാക്കിയ തൊഴിൽ മാത്രമേ കൈവശമുള്ളൂ. നാട്ടിൽ അതുമായി മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസമൊട്ടില്ലതാനും. അന്ന് എരുവേലി ഒരു ചെറിയ ഗ്രാമമാണ്. ഇന്നത്തെപ്പോലെ സമ്പന്നരായ ആളുകൾ തീരെ കുറവ്. അങ്ങനെയുള്ള നാട്ടിൽ നിലനിന്നുപോകാവുന്നൊരു തൊഴിൽ കണ്ടെത്തണമെന്നായിരുന്നു ചിന്ത. അങ്ങനെയാണ് ചെറിയതോതിൽ ഹയറിംഗ് സർവീസ് ആരംഭിച്ചത്. 150 ഇരുമ്പു കസേരയും 50 പ്ലാസ്റ്റിക് കസേരയും, 10 സിൽപോളിൻ ടാർപ്പായയും 48 മേശകളുമായിരുന്നു ആകെയുള്ള ആസ്തി. പന്തൽ നിർമ്മാണത്തിനുള്ള 150 മുളയും കുറേ കവുങ്ങും കരുതിയിരുന്നു. അന്നത്തെ സാഹചര്യത്തിൽ വലിയ സാദ്ധ്യതകളൊന്നുമില്ലാത്ത ബിസിനസ് ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഒരു സാഹസത്തിന് മുതിർന്നത്. ഇതുകൊണ്ട് എങ്ങനെ മുന്നോട്ടുപോകും പ്രകാശാ എന്ന് മുഖത്തുനോക്കി ചോദിച്ചവരും ഉണ്ടായിരുന്നു. അതേസമയം അറിയുന്ന വർക്കുകളൊക്കെ നൽകി നാട്ടുകാരും സഹായിച്ചിരുന്നു. കാലത്തിന്റെ മാറ്റം അതിവേഗമായിരുന്നു. ചോറ്റാനിക്കരയും എരുവേലിയുമൊക്കെ പെട്ടന്ന് വളർന്നു. വീടുകളിലെ വിവാഹ ആവശ്യങ്ങളും നാട്ടിലെ ഉത്സവങ്ങൾക്കുമൊക്കെ പന്തൽ അനിവാര്യമായി മാറി. അതോടൊപ്പം പന്തൽ നിർമ്മാണത്തിൽ നിന്ന് മുളയും കവുങ്ങുമൊക്കെ പുറത്തായി. പകരം ജി.ഐ പൈപ്പും ജി.ഐ ഷീറ്റും വന്നു. എന്നാൽ അതിനനുസരിച്ച് മുതൽ മുടക്കാനുള്ള പ്രതിസന്ധി പ്രകാശനെ അലട്ടിക്കൊണ്ടിരുന്നു. ആത്മാർത്ഥതയും അർപ്പണബോധവുമുള്ളവരെ ദൈവം കൈവിടില്ലെന്നാണല്ലോ പറയുന്നത്. പ്രകാശന്റെ ജീവിതത്തിലും അതുതന്നെയാണ് സംഭവിച്ചത്. ആത്മാർത്ഥ സുഹൃത്തും അഭ്യുദയകാംഷിയുമായ കലേശൻ ദൈവദൂതനെപ്പോലെ രംഗത്തുവന്നു. പന്തൽ നിർമ്മാണത്തിന് ആവശ്യമായ പൈപ്പും ഷീറ്റും ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും കടമായി വാങ്ങിനൽകി. അതായിരുന്നു പ്രണവ് ഡെക്കറേഷൻസിന്റെ വളർച്ചയിലെ പ്രധാന വഴിത്തിരിവ്. അങ്ങനെ അധികകാലം കഴിയുംമുമ്പേ പന്തൽ നിർമ്മാണ സാമഗ്രികൾ ആകെ മാറി. ജർമൻ ടെക്നോളജിയിൽ കൂറ്റൻ പന്തലുകൾ വന്നുതുടങ്ങി. 2000-ൽ എറണാകുളം ജവഹർലാൽ നെഹ്രുസ്റ്റേഡിയത്തിൽ മാതാ അമൃതാനന്ദമയി ദേവിയുടെ അൻപതാം പിറന്നാൾ ആഘോഷം നടന്നത് ഹാങ്ങർ ടെക്നോളജിയിൽ അന്യ സംസ്ഥാനത്ത് നിന്ന് വന്നവർ നിർമ്മിച്ച കൂറ്റൻ പന്തലിലായിരുന്നു. ആ ചടങ്ങിന് ശേഷം എറണാകുളത്തെ പന്തൽ സംസ്കാരം തന്നെ മാറി. എല്ലാ ചടങ്ങുകൾക്കും എയർകണ്ടീഷൻ ചെയ്ത കൂറ്റൻ പന്തലുകൾ ആയി. അതോടെ പ്രകാശനും ചുവടുമാറ്റി. ജർമൻ ടെക്നോളജി ഇറക്കുമതി ചെയ്ത് വലിയ പന്തലുകൾ നിർമ്മിക്കാനുള്ള ശേഷി കൈവരിച്ചു. ജർമ്മൻ ഹാങ്ങർ ടെക്നോളജിക്ക് ഒരുപാട് സവിശേഷതകളുണ്ട്. അതിൽ പ്രധാനം സുരക്ഷയാണ്. തീപിടിക്കില്ല, ചൂടിനെ പ്രതിരോധിക്കും, എത്ര വലിയ പന്തലുകളായാലും ഇടയ്ക്ക് തൂണുകൾ ആവശ്യമില്ല, ആവശ്യമെങ്കിൽ എയർകണ്ടീഷൻ ചെയ്യാം തുടങ്ങി ഒട്ടേറെ സവിശേഷതകളുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോൾ വലിയ സമ്മേളനങ്ങളും എക്സിബിഷനുമൊക്കെ അത്തരം പന്തലുകളിലാണ് നടത്തുന്നത്. എത്ര വലിയ പന്തലുകളും നിർമ്മിക്കാനുള്ള സംവിധാനങ്ങൾ പ്രണവ് ഡെക്കറേഷൻസിന് സ്വന്തമായി ഉണ്ട് . അതിലും കൂടിയ അളവിൽ ആവശ്യമായി വന്നാലും കരാർ ഏറ്റെടുത്ത് ചെയ്യും. കേരളത്തിലെ സ്കൂൾ കലോത്സവം, കൈരളി ടെലിവിഷൻ ഇവന്റ്, മാതൃഭൂമി ആസ്പയർ, മനോരമ കർഷകശ്രീ അവാർഡ്, കൊച്ചി ബിനാലെ, നവ കേരള സദസ്, എന്റെ കേരളം, കോട്ടയത്ത് നടന്ന മാർത്തോമ പൈതൃക സംഗമം, വൈക്കത്ത് നടന്ന തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ പങ്കെടുത്ത പ്രോഗ്രാം തുടങ്ങി പ്രധാനപ്പെട്ട ചടങ്ങുകൾക്കെല്ലാം പ്രണവ് ഡെക്കറേഷൻസ് ആണ് വേദിയൊരുക്കിയത്. കൊച്ചിൻ നേവൽ ബേസിൽ ഐ.എൻ.എസ് വിക്രാന്തിന്റെ നീരണയിക്കൽ ചടങ്ങ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം, നാവികസേന ലക്ഷദ്വീപിൽ സംഘടിപ്പിച്ച ചടങ്ങ് തുടങ്ങി തന്ത്രപ്രധാനമായ ചടങ്ങുകളിലെല്ലാം പ്രണവ് ഡെക്കറേഷന് ഭാഗഭാക്കാവാൻ സാധിച്ചു. കൂടാതെ ഇന്ത്യൻ പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രി തുടങ്ങി വി.വി.ഐ.പികൾ പങ്കെടുത്ത നിരവധി ചടങ്ങുകളിലും ലക്ഷദ്വീപിൽ നടന്ന വിവിധ പരിപാടികൾക്കും പ്രണവ് ഡെക്കറേഷൻ വേദിയൊരുക്കിയിട്ടുണ്ട്. ചെറുതും വലുതുമായ ധാരാളം വിവാഹങ്ങൾക്കും പ്രണവ് അരങ്ങൊരുക്കിയിട്ടുണ്ട്. 40മീറ്റർ വരെ വീതിയുള്ള ജർമ്മൻ ഹാങ്ങർ പന്തലുകൾ പ്രണവ് ഡെക്കറേഷൻസിനുണ്ട്. കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്സ് അസ്സോസിയേഷന്റെ (പന്തൽ, അലങ്കാരം, ശബ്ദവും വെളിച്ചവും) കഴിഞ്ഞ രണ്ട് ടേം (6 വർഷം) ജില്ലാ സെക്രട്ടറി ആയിരുന്നു. പ്രവർത്തന മികവിന്റെയും നേതൃപാടവത്തിന്റെയും മികവിൽ വി.ആർ പ്രകാശൻ ഈ വർഷം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മക്കൾക്ക് വഴികാട്ടിയായ പിതാവ് മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകി വിദേശത്തേക്ക് അയക്കുന്നത് ഇന്നത്തെ ശരാശരി മലയാളികളുടെ രീതിയാണ്. എന്നാൽ വി.ആർ. പ്രകാശൻ എന്ന ഈ മുൻ പ്രവാസി, അതിൽ നിന്നൊക്കെ വ്യത്യസ്തമായി ചിന്തിക്കുന്ന ആളുകൂടിയാണ്. വിദേശത്ത് ഉന്നതവിദ്യാഭ്യാസം ചെയ്ത മക്കളെ നാട്ടിലേക്ക് തിരികെ വിളിച്ച് തന്റെയൊപ്പം ചേർത്തുനിറുത്തിയാണ് അദ്ദേഹം മാതൃകയായത്. താൻ പടുത്തുയർത്തിയ തൊഴിൽ മേഖലയിലുള്ള ആത്മവിശ്വാസമാണ് പ്രകാശനെ അതിന് പ്രേരിപ്പിച്ചത്. ഒരിക്കൽ വെറും കൈയ്യോടെ ഖത്തറിൽ നിന്ന് മടങ്ങുമ്പോൾ ഏറെ നിരാശനായിരുന്നെങ്കിലും പിന്നീട് ദൈവം തുറന്നുകൊടുത്ത പാതയിലൂടെ നേർവഴി സഞ്ചരിച്ച് നേടിയെടുത്ത സൗഭാഗ്യങ്ങൾ മക്കൾക്ക് അനുഭവവേദ്യമാകണമെന്ന പിതാവിന്റെ ചിന്ത മാത്രമാണ് അത്. പ്രകാശൻ -ലേഖ ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. പ്രണവും വൈഷ്ണവും. മരുമക്കൾ :അപർണ പ്രണവ്, സാന്ദ്ര വൈഷ്ണവ്. പേരക്കുട്ടികൾ : ഹർദിക് പ്രണവ്, ഹയാൻ പ്രണവ് . ബിരുദാനന്തര ബിരുദധാരികളായ മക്കൾ രണ്ടുപേരും ഇന്ന് പിതാവിനൊപ്പം ബിസിനസിൽ പങ്കാളികളാണ്. ഏറെ ഉത്തരവാദിത്വം ആവശ്യമുള്ളൊരു മേഖലയാണ് പന്തൽ നിർമ്മാണം. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന എക്സിബിഷനുകളും കാർണിവലുകളുമൊക്കെ നടക്കുമ്പോൾ പന്തലിന്റെ സുരക്ഷ, കാര്യക്ഷമത തുടങ്ങിയ കാര്യങ്ങളിൽ നല്ല ശ്രദ്ധവേണം. എവിടെയെങ്കിലും ഒരു കരാർ എടുത്തുകഴിഞ്ഞാൽ അവിടുത്തെ എല്ലാ ചടങ്ങുകളും കഴിയുന്നതുവരെ ജാഗ്രതയോടെ പ്രവർത്തിക്കണം. ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏൽപ്പിച്ചുപോയാൽ പ്രകാശന് ഉറക്കം വരില്ല. അതുകൊണ്ടാണ് ഏറ്റവും വിശ്വസ്തരായ മക്കളെ കൂടെകൂട്ടിയത്. ആ കാര്യത്തിൽ അച്ഛന്റെ മനസ് അറിഞ്ഞ് പ്രവർത്തിക്കുന്ന മക്കളാണ് പ്രണവും വൈഷ്ണവും. ഓലപന്തലിൽ തുടങ്ങി ജർമ്മൻ ഹാങ്ങറിൽ വരെ എത്തിനിൽക്കുന്ന പന്തൽ മേഖല അതിവേഗം പരിണാമം പ്രാപിച്ചുകൊണ്ടിരിക്കുന്ന വ്യവസായമാണ്. അതുകൊണ്ടുതന്നെ ഈ രംഗത്തെ മാറ്റങ്ങൾക്കൊപ്പം വ്യവസായം പരിപോഷിപ്പിക്കുന്നതിന് യുവതലമുറയുടെ ആശയങ്ങളും ഭാവനയും കൂടിയേതീരു. അതുതന്നെയാണ് പന്തൽ, അലങ്കാരം, ഇവന്റ് മാനേജ്മെന്റ് രംഗത്ത് കേരളത്തിലെ അറിയപ്പെടുന്ന ബ്രാൻഡ് ആയി വളരാൻ പ്രണവ് ഡെക്കറേഷൻസിനും കരുത്തായത്.