രാജയോഗിനി ജയന്തി ദീദിജി ...................................................... ആത്മീയ നേതാവും ദാർശനികയും
സ്ത്രീകൾ നേതൃത്വം നല്കുന്ന ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഘടനയായ പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഡിഷണൽ അഡ്മിനിസ്ട്രേറ്റീവ് മേധാവിയായി സേവനമനുഷ്ഠിക്കുന്ന രാജയോഗിനി ജയന്തി ദീദിജി, അന്താരാഷ്ട്ര പ്രശസ്തയായ ആത്മീയ നേതാവ് എന്നതിലുപരി, എഴുത്തുകാരിയും ലോകമാകെ അറിയപ്പെടുന്ന പ്രഭാഷകയുമാണ്. ഭാരതീയ ആത്മീയ സംസ്കൃതിയെ പാശ്ചാത്യ രാജ്യങ്ങളിൽ പകർന്നു നൽകുന്ന ദീദിജി പത്തൊമ്പതാം വയസിൽ ബ്രഹ്മാകുമാരീസിന് ഒപ്പം ആത്മീയയാത്ര ആരംഭിച്ചതാണ്. ബ്രഹ്മാകുമാരീസ് പഠിപ്പിക്കുന്ന രാജയോഗ ധ്യാനം കിഴക്കുപടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് എത്തിക്കുന്നതിൽ ദീദിയോടൊപ്പം തന്നെ അവരുടെ കുടുംബവും പ്രധാന പങ്ക് വഹിച്ചു. 1949-ൽ പൂനയിൽ ജനിച്ച ദീദി തന്റെ എട്ടാം വയസിൽ സിന്ധിൽ നിന്ന് ലണ്ടനിലേക്ക് സ്ഥിരതാമസം മാറ്റിയ കുടുംബത്തോടൊപ്പം ലണ്ടനിൽ സ്ഥിര താമസമാക്കി. കുട്ടിക്കാലം മുതൽ തന്നെ ആത്മീയതയിലേക്ക് ആകർഷിക്കപ്പെട്ട് ആത്മീയ മൂല്യങ്ങൾക്കും മാനവികതയ്ക്കും മുൻതൂക്കം നൽകിയ ദീദിയുടെ ലാളിത്യമാർന്ന വ്യക്തിത്വം മറ്റുള്ളവർക്കും പ്രചോദനം ഏകുന്നതാണ്. ബ്രഹ്മകുമാരീസ് എന്ന സംഘടനയെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തിക്കൊണ്ടു വരുന്നതിൽ ദീദിയുടെ പങ്ക് സ്തുത്യർഹ്യമാണ്. 1982 മുതൽ ജനീവയിലെ ഐക്യരാഷ്ട്ര സംഘടനയിൽ ബ്രഹ്മാകുമാരീസിനെ പ്രതിനിധാനം ചെയ്യുന്ന ജയന്തി ദീദിജി സമാധാനത്തിനും മൂല്യാധിഷ്ഠിത നേതൃത്വത്തിനും കാലാവസ്ഥാ അവബോധത്തിനും സ്ത്രീ ശാക്തീകരണത്തിനും വേണ്ടിയുള്ള ശക്തമായ ശബ്ദമായി നിലകൊള്ളുന്നു. ആത്മീയ സേവനാർത്ഥം ഏകദേശം 80-ലധികം രാജ്യങ്ങൾ സന്ദർശിച്ച് ആയിരക്കണക്കിന് യുവതീയുവാക്കളിൽ സ്വഭാവ സംസ്കാര പരിവർത്തനം നടത്തി, മൂല്യബോധമുള്ളവരാക്കി അവരെ സാമൂഹിക സേവനത്തിൽ തത്പരരാക്കുന്നതിൽ ദീദിജി നൽകിയ സേവനം നിസ്തുലമാണ്. ആത്മീയ മൂല്യങ്ങളുടെ തകർച്ച ഒരു പ്രധാന ആഗോള വെല്ലുവിളിയായി ചൂണ്ടിക്കാണിച്ചുകൊണ്ട് ഓരോരുത്തരും ആന്തരികമായി ശാക്തീകരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം തന്റെ പ്രഭാഷണങ്ങളിലൂടെയും പുസ്തകങ്ങളിലൂടയും അവർ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെയും യുവാക്കളുടെയും മാനസികവും ആത്മീയവുമായ ഉയർച്ചയ്ക്കായി അനേകം പദ്ധതികൾ ബ്രഹ്മകുമാരീസിൽ നിന്നുകൊണ്ട് നടപ്പാക്കിയ ദീദിജിയെ അവരുടെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് കൗൺസിൽ ഫോർ എ പാർലമെന്റ് ഒഫ് ദ വേൾഡ്സ് റിലീജിയൻസ്, ഇന്റർനാഷണൽ ഇന്റർ ഫെയ്ത്ത് സെന്റർ എന്നിവ അംഗീകരിച്ചിട്ടുണ്ട്. ഒരു സ്ത്രീയുടെ ഇച്ഛാശക്തിക്കു മുന്നിൽ ഭൂമിശാസ്ത്രപരമായ അതിർത്തികൾ പോലും ഇല്ലാതാകുമെന്ന് ദീദിജിയുടെ ജീവിതം തെളിയിക്കുന്നു. ദീദിയുടെ കാഴ്ചപ്പാടുകളിൽ എന്നും മാതൃത്വത്തിന്റെ കരുണയും നേതൃത്വത്തിന്റെ വ്യക്തതയും ഒത്തിണക്കപ്പെട്ടിരിക്കുന്നു. സ്നേഹവും കരുണയും സമാധാനവും നിറഞ്ഞ ദീദിജിയുടെ ജീവിതം സ്വന്തം പരിമിതികളെ അതിജീവിച്ച് ലോകത്തിനു മുഴുവൻ ഉപയോഗപ്രദമാകുവാൻ വേണ്ടി കഴിവും ശക്തിയുമുള്ളവരാകൂ എന്ന സന്ദേശം ലോകമെമ്പാടുമുള്ള വനിതകൾക്കായി പകർന്നു നൽകുന്നു. ദീദിജി ജനുവരി 28, 29 തീയതികളിൽ തിരുവനന്തപുരം സന്ദർശിക്കുമ്പോൾ ദീദിയോടൊപ്പം ഒരു ആത്മീയ സായാഹ്നം ചെലവിടാൻ കൂടി അവസരമുണ്ട്.