ബൊറാ ഗുഹയിലെ ചുണ്ണാമ്പ് ശില്പങ്ങൾ
കിഴക്കൻ തീരത്തിന്റെ രത്നം എന്നാണ് വിശാഖപട്ടണത്തിന്റെ വിളിപ്പേര്. ഭാരതത്തിന്റെ പ്രതിരോധ ഭൂപടത്തിൽ സ്ഥാനം പിടിച്ച പട്ടണം. ഈസ്റ്റേൺ നേവൽ കമാൻഡും, രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമ്മാണ ശാലകളും പ്രവർത്തിക്കുന്നത് ഇവിടെയാണ്. ഇന്ദിരാഗാന്ധി സുവോളജിക്കൽ മ്യൂസിയം, നാവികസേനയുടെ യുദ്ധോപകരണങ്ങളും മറ്റും പ്രദർശനത്തിനു വച്ച മ്യൂസിയം, അന്തർവാഹിനി മ്യൂസിയം തുടങ്ങിയവ ഉൾപ്പെടെ നഗരക്കാഴ്ചകൾ കണ്ടുതീർന്നാൽ, അരാക്ക് വാലി മലനിരകളുടെ സ്വപ്നതുല്യമായ നൈസർഗിക ദൃശ്യഭംഗി നുകരാനും, ബൊറാ ഗുഹകൾ സന്ദർശിക്കാനും കുറച്ചു ദൂരം യാത്രയുണ്ട്.വിശാഖപട്ടണം നഗരത്തിൽ നിന്ന് 97 കിലോമീറ്റർ ദൂരമുണ്ട്, അരാക്ക് വാലിയിലേക്ക്. ആന്ധ്രയിലെ ഊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലനിരകളിലെ വളവുതിരിവുകളിലൂടെ സഞ്ചരിക്കുമ്പോൾ റോഡുകൾ അവസാനിക്കുന്നത് അനന്തഗിരി കുന്നുകളുടെ ഓരം ചേർന്നുകിടക്കുന്ന ബൊറാ ഗുഹാമുഖത്താണ്. ചുറ്റും കലപില കൂട്ടി ഓടിച്ചാടി നടക്കുന്ന കുരങ്ങുകളുടെ സാന്നിദ്ധ്യമൊഴിച്ചാൽ ഒരു ചരിത്ര വിസ്മയത്തിനു മുന്നിലാണ് എത്തിനിൽക്കുന്നത് എന്നതിന്റെ ലക്ഷണങ്ങളൊന്നും പുറത്തു കാണിക്കാത്ത പ്രകൃതി!നാല്പതു രൂപ ടിക്കറ്റെടുത്ത്, കൗണ്ടറും കഴിഞ്ഞ് ഇടതൂർന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെയുള്ള വഴിയിലൂടെ നടക്കുമ്പോൾ പാതാളത്തിലേക്കുള്ള പ്രവേശന കവാടം പോലെ ബൊറാ ഗുഹ. ഗുഹയ്ക്കുള്ളിൽ പ്രവേശിച്ചു കഴിഞ്ഞാൽ താഴോട്ട് ഇറങ്ങണമോ, അതോ മുകളിലേക്ക് കയറണമോ എന്ന കൺഫ്യൂഷനിൽ, വിശ്വകർമ്മാവ് ചുണ്ണാമ്പുകല്ലുകളാൽ മെനഞ്ഞെടുത്ത വിസ്മയക്കാഴ്ചകൾക്കു മുന്നിൽ നാം തെല്ലിട സ്തബ്ദ്ധരായി നിന്നു പോകും! നടക്കുന്തോറുംനീളുന്ന വഴിചെങ്കുത്തായ മലനിരകൾ പോലെയും, തട്ടുതട്ടായി കിടക്കുന്ന താഴ്വാരം പോലെയുമൊക്കെ വ്യത്യസ്ത ലാൻഡ്സ്കേപ്പുകളിൽ വ്യാപിച്ചു കിടക്കുകയാണ് ഗുഹാന്തർഭാഗം. ഗുഹാമുഖത്തിനു മാത്രം 100 മീറ്റർ വിസ്തൃതിയുണ്ട്. ഗുഹയ്ക്കുള്ളിൽ സഞ്ചരിക്കാനായി പ്രത്യേകമായ ഒരു സഞ്ചാരപഥം തിരഞ്ഞെടുക്കാനാവില്ല. മുമ്പോട്ടു മുമ്പോട്ട് നീങ്ങുമ്പോൾ ഗുഹ പുതിയ പുതിയ വഴികൾ വെളിപ്പെടുത്തിത്തരുന്നു. ആന്ധ്രാ ടൂറിസം വകുപ്പ് മിക്ക ഭാഗത്തും വേണ്ട രീതിയിൽ കോണിപ്പടികളും പിരിയൻ കോണികളുംസ്ഥാപിച്ചിരിക്കുന്നതിനാലും, അവിടവിടെ വൈദ്യുതി വിളക്കുകൾ പ്രകാശിക്കുന്നതിനാലും ഗുഹയിലൂടെ സഞ്ചരിക്കാൻ പ്രയാസം നേരിടുന്നില്ല.പഴനി മലയിലേക്ക് പടവുകൾ കയറിപ്പോകുന്നതു പോലെ പടികൾ കയറി മുകളിലേക്കു ചെന്നാൽ ഗുഹയുടെ മൂർദ്ധാവിലെത്തും. ഗുഹയുടെ പ്രധാന ഭാഗമാണ് ഇത്. ശിവലിംഗ പ്രതിഷ്ഠയും പൂജയും പൂജാരിയും പൂജാ ദ്രവ്യങ്ങളും ചന്ദനത്തിരിയുടെ സുഗന്ധവുമൊക്കെ ഇടകലർന്ന് ഒരു ആധ്യാത്മിക പരിവേഷം നിലനിൽക്കുന്ന ഇടം. താഴേയ്ക്കാണ് ഇറങ്ങുന്നതെങ്കിൽ പിരിയൻ ഗോവണികൾ പിടിച്ചുവേണം ഇറങ്ങാൻ. ഗുഹയ്ക്കുള്ളിൽ പാറി നടക്കുന്ന വവ്വാലുകളുടെ വിസർജ്യത്തിന്റെയും, മുകളിൽ നിന്നു വീഴുന്ന വെള്ളംകൊണ്ട് നനഞ്ഞ കല്ലുകളുടെയും മണം അസ്വാസ്ഥ്യമുണ്ടാക്കും.നീണ്ടുനീണ്ടു പോകുന്ന ഗുഹയിലെ വഴിത്താരകൾ നമ്മെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് അറിയാനാവില്ല. ഗുഹയിലെ സഞ്ചാര പാതകൾക്ക് രണ്ട് കിലോമീറ്ററോളം നീളമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ 350 മീറ്റർ ദൂരം മാത്രം സഞ്ചരിക്കുവാനേ സന്ദർശകർക്ക് അനുമതിയുള്ളൂ. ചില ഭാഗങ്ങളിൽ ചില വഴികൾ പെട്ടെന്ന് അവസാനിക്കും. മറ്റു ചിലയിടങ്ങളിൽ ഇടിഞ്ഞുനിൽക്കുന്ന പാറകൾക്കിടയിലൂടെ ഊർന്നു വരുന്ന സൂര്യവെളിച്ചം നമ്മെ മുന്നോട്ടു മുന്നോട്ട് നീങ്ങാൻ പ്രേരിപ്പിക്കും.വർഷങ്ങൾക്കു മുമ്പ് ഗുഹ സന്ദർശിക്കാനെത്തിയ ഒരു സംഘം കോളേജ് വിദ്യാർത്ഥികൾ ഗുഹാന്തർഭാഗത്തെ വെളിച്ചം വരുന്ന വഴികളിലൂടെ വളരെയേറെ മുന്നോട്ട് നീയെങ്കിലും അവർ തിരിച്ചുവന്നതായി ആരും കണ്ടിട്ടില്ല. ഗോസ്താനി നദിയുടെ ഉത്ഭവ സ്ഥാനത്താണ് ആ വഴികൾ അവസാനിക്കുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത് . ഗോസ്താനി നദിക്കല്ലാതെ മറ്റാർക്കും ആ കുട്ടികളുടെ നിജസ്ഥിതി അറിയാൻ കഴിഞ്ഞിട്ടില്ലെന്നാണ് കേട്ടുകേൾവി.പ്രകൃതിയുടെഗേറ്റ് വേപ്രത്യേക രൂപവിതാനങ്ങളൊന്നുമില്ലാതെ അവിടവിടെയായി മുഴച്ചും തെറിച്ചും തെറ്റിയും നിൽക്കുന്ന കൽ ഭിത്തികൾ.
കാലാകാലങ്ങളായി മുകളിൽ നിന്നു വീഴുന്ന വെള്ളത്തിന്റെ ശക്തിയിൽ രൂപപ്പെട്ട അത്ഭുതകരമായ വെൺതൂണുകൾ. ഗുഹാന്തർഭാഗത്തെ പഞ്ചപാണ്ഡവ ഗുഹ, ദക്ഷിണാമൂർത്തി ഗുഹ എന്നിങ്ങനെ പല മേഖലകളായി തിരിച്ചിട്ടുണ്ട്. വഴിമുട്ടി നിൽക്കുന്ന ഒരിടത്ത് മുന്നോട്ട് പ്രവേശിക്കണമെങ്കിൽ രണ്ട് പടുകൂറ്റൻ കല്ലുകൾ പരസ്പരം താങ്ങിനിൽക്കുന്ന, പ്രകൃതി ഒരുക്കിയ ഗേറ്റ് വേയിലൂടെ തലകുനിച്ച് നൂഴ്ന്നു കടക്കേണ്ടി വരും.ഇരുണ്ട വെളിച്ചത്തിലൂടെ ശ്വാസമടക്കിപ്പിടിച്ച് ഈ ഭാഗം താണ്ടി അപ്പുറമെത്തുമ്പോഴേക്കും നെഞ്ചിടിപ്പ് വർദ്ധിക്കാത്തവർ ചുരുക്കമായിരിക്കും. മറുപുറത്തെത്തിയാൽ വായുവും വെളിച്ചവും സമൃദ്ധമായ വിശാലമായ പ്രദേശം! ഗുഹയുടെ മേൽക്കൂരയിൽ ഏകദേശം മദ്ധ്യഭാഗത്തായി മുകളിൽ ഒരു കവാടം പോലെ പുറത്തേക്കുള്ള തുറസിലൂടെ സൂര്യപ്രകാശം ഗുഹയ്ക്കുള്ളിൽ പതിക്കുന്നു. ഗുഹയിൽ നിന്ന് ഈ തുറസിലൂടെ മുകളിലെ കാടിന്റെ പച്ചപ്പ് കാണാം. ഈ ഗുഹയ്ക്കു മുകളിലൂടെയാണ് വിശാഖപട്ടണം - കിരണ്ടൂൽ റെയിൽപ്പാത കടന്നുപോകുന്നത് . 1960-കളിലാണ് ഈ റെയിൽപ്പാത നിർമ്മിച്ചത്. വിശാഖപട്ടണത്തു നിന്ന് വരുന്ന സഞ്ചാരികൾക്ക് ട്രെയിനിറങ്ങി വന്ന് ബോറാ ഗുഹ സന്ദർശിക്കാനായി, ഗുഹയ്ക്കു സമീപം 'ബോറ ഗുഹാലു" എന്ന റെയിൽവേ സ്റ്റേഷനുണ്ട്.നാടൻ പാട്ടുകളിലൂടെയും നാടോടിക്കഥകളിലൂടെയും ബൊറ ഗുഹയുടെ ഉദ്ഭവവുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിക്കുന്നുണ്ട്. ഈ ഗുഹ ഭഗവാൻ വിഷ്ണു സൃഷ്ടിച്ചതാണെന്നും, വനവാസ കാലത്ത് പഞ്ചപാണ്ഡവരുടെ സുരക്ഷിത താവളമായിരുന്നെന്നും, സാക്ഷാൽ പരമശിവന്റെ ഭൂമിയിലെ വാസസ്ഥലമാണെന്നും മറ്റുമുള്ള ഐതിഹ്യങ്ങളും കെട്ടുകഥകളും ബൊറ ഗുഹകൾക്ക് ഒരു അഭൗമ പരിവേഷമാണ് നൽകുന്നത്.ഐതിഹ്യവുംകെട്ടുകഥയുംഗുഹ കണ്ടെത്തിയതിനു പിന്നിൽ വളരെ പ്രചാരത്തിലുള്ള ഒരു കഥയുണ്ട്. ഒരിക്കൽ ഗുഹയ്ക്കു മുകളിലെ പുൽമേടുകളിലൂടെ മേഞ്ഞു നടന്നിരുന്ന ഒരു പശു ഏതോ പാറയുടെ വിടവിലൂടെ അകത്തേക്കു വീണു. പശുവിനെ അന്വേഷിച്ചു നടന്ന കർഷകൻ പശു പോയ വഴിയേ താഴേക്ക് ഒരു തുറസ് കണ്ടു. അതിലൂടെ നോക്കിയപ്പോൾ വിശാലമായ ഗുഹയുടെ അന്തർഭാഗം അയാളുടെ ശ്രദ്ധയിൽപ്പെട്ടു. ഗുഹയ്ക്കുള്ളിൽ എത്തിയപ്പോൾ അവിടെ ഒരു ശിവലിംഗ രൂപം ശ്രദ്ധയിൽപ്പെട്ടു. ശിവലിംഗത്തിനടുത്ത് പരിക്കുകളൊന്നും ഏൽക്കാതെ പശു വാലാട്ടി, സന്തോഷവതിയായി നിൽക്കുന്നതും കണ്ടു.സ്വയംഭൂവായ ശിവലിംഗമാണ് ഇതെന്നും പശുവിനെ പരിക്കേല്ക്കാതെ രക്ഷിച്ചത് മഹാദേവനാണെന്നുമുള്ള വിശ്വാസത്താൽ കർഷകൻ ആരാധന തുടങ്ങി. ഈ കഥ നാട്ടിൽ പാട്ടായപ്പോൾ ഗുഹയ്ക്കു മുകളിൽ ഒരു ശിവക്ഷേത്രം പണിത് നാട്ടുകാർ അവിടെ ശിവനെ ആരാധിക്കാൻ തുടങ്ങി. മറ്റൊരു കഥയിൽ കാമധേനുവിന്റെ കൽരൂപമാണ് ഈ ഗുഹയെന്നും, അതിന്റെ അകിടിൽ നിന്നാണ് വിശാഖപട്ടണം നഗരത്തിലൂടെ ഒഴുകുന്ന ഗോസ്താനി നദി ഉത്ഭവിച്ചതെന്നും ഒരു വിശ്വാസമുണ്ട്.ജിയോഗ്രഫിക്കൽ സർവേ ഒഫ് ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന വില്യം കിംഗ് ജോർജ് ആണ് 1807-ൽ യാദൃച്ഛികമായി അനന്തഗിരി കുന്നുകളുടെ ഭാഗമായ ബൊറ ഗുഹ കണ്ടെത്തിയതെന്നാണ് ശാസ്ത്രമതം. സമുദ്രനിരപ്പിൽ നിന്ന് 1400 മീറ്റർ ഉയരത്തിലാണ് ഈ ഗുഹ. തദ്ദേശവാസികൾക്ക് ഒരു പുണ്യസ്ഥലമാണെങ്കിൽ, ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ഇത് ഗവേഷണ പ്രവർത്തനങ്ങളുടെ അക്ഷയഖനിയാണ്.ചരിത്രാതീതകാലം മുതലുള്ള മനുഷ്യവാസത്തിന്റെ തെളിവുകൾ ചരിത്രകാരന്മാർ ഇവിടെ നിന്ന് ശേഖരിച്ചിട്ടുണ്ട്. വിസ്മയങ്ങൾ കരുതിവച്ച കേവലമായ ഒരു ഗുഹ എന്നതിനപ്പുറം, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഒരു ജൈവ വൈവിദ്ധ്യ മേഖല എന്ന പരിഗണന കൂടി ഈ പ്രദേശം അർഹിക്കുന്നുണ്ട്. മലിനീകരണത്തിൽ നിന്നും,ഗുഹയ്ക്കു മുകളിൽ നിന്നെത്തുന്ന ശക്തി കൂടിവരുന്ന നീരൊഴുക്കിൽ നിന്നും, മനുഷ്യരുടെ നശീകരണ പ്രവർത്തനങ്ങളിൽ നിന്നും ബൊറ ഗുഹയെ സംരക്ഷിക്കേണ്ടതുണ്ട്.ബൊറ ഗുഹയുടെ സുഖശീതളിമയിൽ നിന്ന് പുറത്തുകടന്നാലും പെട്ടെന്നൊന്നും തിരിച്ചുപോകാൻ അരാക്ക് വാലി മലനിരകൾ സഞ്ചാരികളെ സമ്മതിക്കില്ല. ചുറ്റും നീലക്കുന്നുകൾ, നടുവിൽ നിശബ്ദമായ താഴ്വര! കാഴ്ചകൾ കാണാനല്ല; പുതു മണവാട്ടിയെപ്പോലെ നാണിച്ചുനിൽക്കുന്ന പ്രകൃതിയുടെ നൈസർഗിക ഭംഗിയെ മനസിലേക്ക് ആവാഹിക്കാനാണ് ഇവിടെ എത്തേണ്ടത്. മലനിരകൾക്ക് അരഞ്ഞാണം ചാർത്തിക്കൊണ്ട് താഴ്വരകളിലെ പച്ചപ്പുകളെ വകഞ്ഞുമാറ്റി ഒഴുകിവരുന്ന അരുവികളും കൈത്തോടുകളും. ശാന്തമായ അന്തരീക്ഷത്തിലൂടെ സ്വച്ഛന്ദമായി ഒഴുകിയെത്തി ചില്ലുമണികൾ പോലെ ചിതറിത്തെറിക്കുന്ന കൊച്ചുകൊച്ചു വെള്ളച്ചാട്ടങ്ങൾ...തഴുകിത്തലോടുന്ന മന്ദമാരുതൻ, കാപ്പിത്തോട്ടങ്ങളിൽ നിന്ന് ഇറങ്ങിവരുന്ന സുഗന്ധരേണുക്കൾ,പ്രഭാതങ്ങളിൽ മലമുകളിൽ ഉദിച്ചുയരുന്ന സൂര്യകിരണങ്ങൾ, സായാഹ്നങ്ങളിൽ താഴ്വരയിൽ ചാരുത ചാർത്തുന്ന അസ്തമയ സൂര്യന്റെ തങ്കവർണം...! സാഹസികരായ യാത്രികർക്കായി ക്യാമ്പിംഗ്, ട്രക്കിംഗ്... സഞ്ചാരികളെ ഉന്മത്തരാക്കാൻ പോന്ന എല്ലാ ചേരുവകളും ഉള്ളിലടക്കി ഒന്നുമറിയാത്ത ഭാവത്തിൽ നിസംഗമായി നില്പാണ് അരാക്ക് വാലി പർവതനിരകൾ. (ലേഖകന്റെ ഫോൺ: 94460 97241) ഗുഹയ്ക്കുള്ളിലെ ശില്പ ചാരുത 260 അടി വരെ ആഴത്തിൽ വ്യാപിച്ചുകിടക്കുന്ന, ചുണ്ണാമ്പ് കല്ലുകളാൽ നിർമ്മിതമായ ഈ ഗുഹ ഇന്ത്യയിലെ ഏറ്റവും ആഴമുള്ള ഗുഹയാണ്. ഗോസ്താനി നദിയുടെ വറ്റാത്ത ജലപ്രവാഹത്താൽ ചുണ്ണാമ്പു പാറകൾ ദ്രവിച്ച് ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുമ്പുതന്നെ രൂപപ്പെട്ടവയാണ് ഈ ചുണ്ണാമ്പ് ഗുഹകൾ. ചുണ്ണാമ്പു കല്ലിൽ വെള്ളത്തുള്ളികൾ വീഴ്ത്തി പ്രകൃതി രൂപപ്പെടുത്തിയെടുത്ത, മുകളിലേക്ക് വളരുന്നവയും (Stalacitites), മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നവുമായ (Stalagmites) സുന്ദര ശില്പങ്ങളാണ് ഗുഹയുടെ പ്രധാന ആകർഷണം. ഒരു ക്യാൻവാസിൽ നിറങ്ങൾ പരന്നൊഴുകിയിരിക്കുന്നതു പോലെയാണ് ഇതിനുള്ളിൽ പാറകളിലെ ശില്പങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. ശിവ- പാർവതിമാരുടെയും ഋഷിമാരുടെയും ശിവലിംഗത്തിന്റെയും പശുവിന്റെയും രൂപങ്ങളോട് ഇവയ്ക്കുള്ള സാമ്യം ഭക്തജനങ്ങളെ നിർവൃതിയിൽ ആറാടിക്കുന്നു. മുതല, കടുവ തുടങ്ങിയ മൃഗങ്ങളോട് സാദൃശ്യമുള്ള നിരവധി ശില്പങ്ങൾ ഗുഹയുടെ പല ഭാഗങ്ങളിൽ പ്രകൃതിയുടെ അദൃശ്യ കരങ്ങളാൽ വിതാനിക്കപ്പെട്ടിരിക്കുന്നു.