ചരിത്രമാണ് കേരളം പിന്നിട്ട വികസന വഴികൾ
വികസിത കേരളത്തിന്റെ വികസന ചരിത്രമാണ് 'കേരളം പിന്നിട്ട വികസന വഴികൾ" എന്ന പുസ്തകത്തിലൂടെ ഗ്രന്ഥ കർത്താവ് അഡ്വ. പി. എസ്. ശ്രീകുമാർ നമുക്കു മുന്നിൽ അനാവരണം ചെയ്യുന്നത്. അതാത് കാലങ്ങളിൽ കേരളം ഭരിച്ച സർക്കാരുകളുടെ രാഷ്ട്രീയ നിറം നോക്കാതെ,ആ സർക്കാരുകൾ സംസ്ഥാനത്ത് നടപ്പാക്കിയ വികസനത്തിന്റെ നേർചിത്രമാണ് വാക്കുകളിലൂടെയും പടങ്ങളിലൂടെയും ശ്രീകുമാർ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് നടപ്പാക്കിയ വികസനങ്ങളെക്കുറിച്ച് രാഷ്ട്രീയ ലാഭം മുന്നിൽക്കണ്ട് എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും ആണ് ഇതുവരെ നമ്മുടെ മുന്നിൽ വായിക്കാനായി എത്തിയിരുന്നത്. അതിന് അപവാദമാണ് ശ്രീകുമാറിന്റെ 'കേരളം പിന്നിട്ട വികസന വഴികൾ" എന്ന പുസ്തകം. വ്യക്തമായ രാഷ്ട്രീയ വീക്ഷണമുള്ള ശ്രീകുമാറിനെയോ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ശ്രീകുമാറിനെയോ അല്ല ഈ പുസ്തകത്തിന്റെ താളുകളിൽ നാം ദർശിക്കുന്നത്. കേരളത്തിന്റെ വികസന വഴികൾ അതിസൂഷ്മമായി നിരീക്ഷണം ചെയ്യുന്ന ഒരു ആസൂത്രകന്റെ മുഖമാണ് ഈ പുസ്തകത്തിലൂടെ നമ്മൾ കാണുന്നത്. സംസ്ഥാനം രൂപീകൃതമായിട്ട് ഏഴ് ദശാബ്ദങ്ങൾ പൂർത്തിയാകുന്നതിനിടയിൽ സംസ്ഥാനം കൈവരിച്ച വികസനങ്ങളെക്കുറിച്ച് നിഷ്പക്ഷവും സത്യസന്ധവുമായ ഒരു വിലയിരുത്തലാണ് ഈ പുസ്തകം നമുക്ക് സമ്മാനിക്കുന്നത്. സംസ്ഥാന സർക്കാരിൽ ഉണ്ടായ രാഷ്ട്രീയപരമായ മാറ്റങ്ങൾ വികസനത്തെ പൊതുവിൽ ബാധിച്ചിട്ടില്ല എന്ന് ഈ പുസ്തകം വായനക്കാരെ പഠിപ്പിക്കുന്നു. കേരളം രൂപം കൊണ്ട ശേഷം വിവിധ സർക്കാരുകൾ ഇവിടെ ഭരണം നടത്തി. വ്യത്യസ്ത രാഷ്ട്രീയവും വികസനത്തിന്റെ കാര്യത്തിൽ വ്യത്യസ്ത വീക്ഷണവുമുള്ള സർക്കാരുകൾ ആയിരുന്നു അവയെങ്കിലും എല്ലാ സർക്കാരുകളുടെയും വികസന വഴികളും വികസന പ്രവർത്തനങ്ങളും ഒന്നുതന്നെ ആയിരുന്നുവെന്ന് ഈ പുസ്തകം സമർത്ഥിക്കുന്നു. വർത്തമാനകാല ആധുനിക വികസന പ്രവർത്തനങ്ങളുടെ പടവുകളിൽ ഇപ്പോൾ നിൽക്കുന്ന , അതിനുമാത്രം പ്രാധാന്യം കൊടുക്കുന്ന ഇന്നത്തെ തലമുറയെ പരിമിതികളെയും സാമ്പത്തിക ക്ലേശങ്ങളെയും അതിജീവിച്ച് വികസനത്തിന്റെ കൈത്തിരി കൊളുത്തി, ഇന്നത്തെ സ്ഥിതിയിലേക്ക് എത്തിച്ച വികസന ശില്പികളെ ഈ പുസ്തകം വായനക്കാരുടെ ഓർമ്മയിൽ കൊണ്ടുവരുന്നു. ആധുനിക വികസനത്തിന്റെ അസ്ഥിവാരം ഉറച്ചിരിക്കുന്നത് പഴയ കാലത്തിന്റെ വികസന പടവുകളിലാണ് എന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. മാറിമാറി വന്ന സർക്കാരുകൾ, മാറിമാറി വന്ന വികസന പദ്ധതികൾ, വികസന സങ്കൽപ്പങ്ങളെക്കുറിച്ച് മാറി മാറി വന്ന വിവിധ ഈക്ഷണ വീക്ഷണങ്ങൾ, എല്ലാം സംസ്ഥാനം രൂപീകൃതമായ ശേഷം നമ്മൾ നടത്തിയ,നമ്മൾ നേടിയ വികസനങ്ങളിലേക്കുള്ള പന്ഥാവുകളുടെ പടവുകൾ ഈ പുസ്തകത്തിലൂടെ കാണാം. ഐക്യ കേരളത്തിന്റെ രൂപീകരണം മുതലാണ് ഈ പുസ്തകത്തിന്റെ തുടക്കം. സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ വികസനങ്ങളെക്കുറിച്ചും പുസ്തകം വിവരിക്കുന്നു. പട്ടം താണുപിള്ള,ആർ ശങ്കർ,ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്, സി. അച്യുതമേനോൻ,എ.കെ. ആന്റണി,കെ. കരുണാകരൻ,പി.കെ. വാസുദേവൻ നായർ,സി.എച്ച്. മുഹമ്മദ് കോയ,ഇ.കെ. നായനാർ,വി.എസ്. അച്യുതാനന്ദൻ,ഉമ്മൻചാണ്ടി , പിണറായി വിജയൻ തുടങ്ങിയവരുടെ കാലത്ത് സംസ്ഥാനത്ത് നടപ്പിലായ വികസന പദ്ധതികളെക്കുറിച്ച് വളരെ ലളിതമായ ഭാഷയിലാണ് ശ്രീകുമാർ പറയുന്നത്.നവ കേരള സ്വപ്നവുമായി മുന്നോട്ടുപോകുന്നപിണറായി സർക്കാരിന്റെ സ്വപ്നങ്ങളുംഈ പുസ്തകം ഉൾക്കൊള്ളുന്നുണ്ട്. ഐക്യ കേരളം രൂപം കൊണ്ട ശേഷം നാളിതുവരെയുള്ള വികസനത്തിന്റെ വാതായനങ്ങളാണ് ഈ പുസ്തകത്തിലൂടെ നമ്മുടെ മുമ്പിൽ തുറക്കപ്പെടുന്നത്. വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും ഗവേഷകർക്കും എല്ലാം ഈ പുസ്തകം ഒരു കൈത്താങ്ങായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഈ പുസ്തകം വായനാലോകം രണ്ട് കൈയും നീട്ടി സ്വീകരിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.