(അമൃതകിരണം) വിയോജിക്കുന്നവരെ ഉൾക്കൊള്ളുക
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുമ്പോൾ പലരും അമ്മയുടെ അടുത്തുവന്ന് ദുഃഖങ്ങൾ പറയാറുണ്ട്. ആഫ്രിക്കയിലെ ഒരു രാജ്യത്ത് ദർശനം കൊടുത്തുകൊണ്ടിരിക്കുമ്പോൾ വംശീയ കലാപത്തിൽ തങ്ങൾക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ചോർത്ത് കരയുന്നവർ ധാരാളമുണ്ടായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങൾ പറഞ്ഞു; 'അമ്മാ, ഞങ്ങളുടെ വീട് ലഹളക്കാർ തീവച്ചു നശിപ്പിച്ചു!" ഒരു മോൾ പറഞ്ഞു- 'എന്റെ ഭർത്താവിനെ വെട്ടിക്കൊന്നു." ഇങ്ങനെയുള്ള എത്രയോ സങ്കടങ്ങൾ അമ്മയ്ക്ക് കേൾക്കേണ്ടിവന്നിട്ടുണ്ട്. സംഘട്ടനങ്ങൾ ഏതെങ്കിലും മതവിഭാഗങ്ങൾ തമ്മിലോ വംശങ്ങൾ തമ്മിലോ രാജ്യങ്ങൾ തമ്മിലോ ആയിരിക്കും. അതെല്ലാം കേൾക്കുമ്പോൾ അമ്മയ്ക്ക് വളരെ ദുഃഖം തോന്നാറുണ്ട്. നമുക്ക് ഏതു മതത്തിലും വിശ്വസിക്കാം; ഏതു രാജ്യത്തെയും പൗരനാകാം; കറുത്തവനോ വെളുത്തവനോ ആകാം- എന്നാൽ, നമ്മൾ മനുഷ്യരാണ് എന്നത് അതിന്റെ പേരിൽ മറന്നുപോകരുത്. നമ്മുടെ മാനുഷിക മൂല്യങ്ങൾ മറക്കരുത്, മനുഷ്യത്വം നഷ്ടമാകരുത്. രണ്ടു രാഷ്ട്രങ്ങളുടെ ഇടയിൽ വിശാലമായ ഒരു തടാകം ഉണ്ടായിരുന്നു. അതിന്റെ അവകാശത്തെച്ചൊല്ലി രണ്ടു രാജ്യക്കാരും ശത്രുത വച്ചുപുലർത്തിയിരുന്നു. എന്നിരുന്നാലും ഇരുരാജ്യക്കാരും ആ തടാകത്തിൽ ഉല്ലാസയാത്രയ്ക്കു പോകുമായിരുന്നു. ഒരു ദിവസം പെട്ടെന്ന് കൊടുങ്കാറ്റിൽപ്പെട്ട് തടാകത്തിൽ യാത്ര ചെയ്തിരുന്ന ബോട്ടുകൾ മറിഞ്ഞു. ഒരു യാത്രക്കാരൻ കരപറ്റാൻ കഴിയാതെ മുങ്ങിത്താഴാൻ തുടങ്ങവെ ഒരു സഹയാത്രികൻ നീന്തി അടുത്തെത്തി സഹായിച്ചു. അങ്ങനെ രണ്ടുപേരും സുരക്ഷിതരായി കരയിലെത്തി. ഇരുവരും പരസ്പരം ആലിംഗനം ചെയ്തു, പേരും നാടും ചോദിച്ചു. അപ്പോഴാണ് അവർ രണ്ടുപേരും ശത്രുരാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് അറിഞ്ഞത്. അതോടെ പരസ്പരം ദേഷ്യമായി. തങ്ങൾ ഏതു രാജ്യക്കാരാണെന്ന ചിന്ത ഇല്ലാതിരുന്നപ്പോൾ അവിടെ മനുഷ്യത്വം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിടെ സ്നേഹവും ഐക്യവും ഉണ്ടായിരുന്നു. തങ്ങൾ ശത്രുരാജ്യക്കാരാണെന്ന അറിവു വന്നതോടെ വെറുപ്പും വിദ്വേഷവുമായി! ഒരു കാര്യം നമ്മൾ മറക്കരുത്. നാമെല്ലാം അടിസ്ഥാനപരമായി മനുഷ്യരാണ്. ഒരേ ലോകകുടുംബത്തിലെ അംഗങ്ങളാണ്. അതിനുശേഷം മാത്രമാണ് നാം ഏതെങ്കിലും മതത്തിലെയോ രാജ്യത്തെയോ അംഗങ്ങളാകുന്നത്. അതിനാൽ, ഏറ്റവും ആദ്യം സംരക്ഷിക്കേണ്ടത് നമ്മുടെ മനുഷ്യത്വമാണ് ഏതെങ്കിലും മതത്തോടോ രാജ്യത്തോടോ വിഭാഗത്തോടോ നമുക്കുള്ള കൂറ് നമ്മുടെ മനുഷ്യത്വവും അടിസ്ഥാന മൂല്യങ്ങളും നഷ്ടപ്പെടാൻ ഇടയാക്കരുത്. മനുഷ്യർ കൂടുതൽ കൂടുതൽ പുരോഗമിക്കുമ്പോൾ, കൂടുതൽ വിദ്യാഭ്യാസം നേടുമ്പോൾ യഥാർത്ഥത്തിൽ അവരുടെ സങ്കുചിത ഭാവങ്ങൾ കുറയേണ്ടതാണ്. നമ്മളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളും ചിന്തകളും പുലർത്തുന്നവരെക്കൂടി അംഗീകരിക്കുന്ന ഭാവം വളരേണ്ടതാണ്. വിയോജിക്കുന്നവരെപ്പോലും ഉൾക്കൊള്ളുന്നതാണ് സംസ്കാരത്തിന്റെ ലക്ഷണം. തീവ്ര ചിന്താഗതികൾ ഇളം മനസുകളിൽ കുത്തിവയ്ക്കുമ്പോഴാണ് അത് സാദ്ധ്യമാകാതെ വരുന്നത്. ഈ ലോകം ഒരു കുടുംബമാണ്, നാമെല്ലാം അതിലെ അംഗങ്ങളും. ഒരു വീട്ടിൽ താമസിക്കുന്നവർ തങ്ങൾ ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന ബോധത്തോടെ അവരവരുടെ ധർമ്മം നിർവഹിക്കുമ്പോഴാണ് അവിടെ ശാന്തിയും ഐക്യവും ഉണ്ടാകുന്നത്. താൻ ഒരു പ്രത്യേക വംശത്തിൽപ്പെട്ട ആളാണെന്നോ പ്രത്യേക രാഷ്ട്രത്തിലെ പൗരനാണെന്നോ മാത്രം ചിന്തിക്കാതെ, എല്ലാവരും ലോക കുടുംബത്തിലെ അംഗങ്ങളാണെന്ന ബോധത്തോടെ പ്രവർത്തിക്കുമ്പോൾ മാത്രമേ ഭൂമിയിൽ ശാന്തിയും സമാധാനവും പുലരുകയുള്ളൂ.