വേനലിൽ വാടി കാർഷിക മേഖല

Sunday 18 January 2026 12:01 AM IST

കല്ലറ: വേനലിൽ കാർഷികവിളകൾ കരിഞ്ഞുണങ്ങാൻ തുടങ്ങിയതോടെ ദുരിതത്തിലായി കർഷകർ. തോടിനോട് ചേർന്ന പ്രദേശങ്ങളിലും പാടശേഖരങ്ങളിലും മാത്രമാണ് ഇപ്പോൾ കൃഷിയുള്ളത്. ചിലർ വെള്ളത്തിനായി കുഴൽക്കിണറുകളെയും ആശ്രയിക്കുന്നുണ്ട്. വരൾച്ച കൂടിയതോടെ പയർ,പാവൽ,പടവലം തുടങ്ങിയ പച്ചക്കറിക്കൃഷിയും ഏത്തവാഴ കൃഷിയും പ്രതിസന്ധിയിലായി. വിഷുവിപണി ലക്ഷ്യമാക്കിയാണ് കർഷകർ കൃഷി ആരംഭിച്ചിരിക്കുന്നത്. എന്നാൽ ചൂടിന്റെ കാഠിന്യത്തിൽ കുലച്ചവാഴകൾ പോലും ഒടിഞ്ഞുവീഴുന്ന സ്ഥിതിയാണ്. പലയിടത്തും കർഷകർ പാട്ടത്തിനെടുത്തു കൃഷി ചെയ്ത വാഴകൾ ചൂടു താങ്ങാതെ ഒടിഞ്ഞുതൂങ്ങി. ചൂട് ആരംഭിച്ചപ്പോൾ തന്നെ കർഷകർ വാഴ നനച്ചുതുടങ്ങിയിരുന്നു. എന്നാൽ കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടതോടെ വാഴകൾ നനയ്ക്കാൻ വെള്ളം കിട്ടാതായി.

പ്രതിസന്ധിയിൽ ക‌ർഷകർ

ഞാലിപ്പൂവൻ ഇനങ്ങൾക്ക് ലഭിക്കുന്ന നല്ല രീതിയിലുള്ള മികച്ച വില കണ്ടാണ് പലരും വാഴക്കൃഷിയിലേക്ക് തിരിഞ്ഞത്. റബറിന് വിലയിടിഞ്ഞതോടെ റബർ വെട്ടിമാറ്റി വാഴക്കൃഷിയിലേക്ക് തിരിഞ്ഞവരും നിരവധിയാണ്. ഇവർക്കെല്ലാം കടുത്ത വേനൽ തിരിച്ചടിയായിരിക്കുകയാണ്. കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കിയവർക്ക് വൻ സാമ്പത്തിക ബാദ്ധ്യതയാണ് ഇതു കാരണം ഉണ്ടാകുന്നത്.

ഇരുട്ടടിയായി വിലയിടിവ്

പച്ചക്കപ്പ - 100 രൂപയ്ക്ക് നാലു കിലോ, മൂന്നു കിലോ..., മൂന്നു കിലോ കായ 100 രൂപ എന്നിങ്ങനെയുള്ള ബോർഡുകൾ വഴിനീളെ കാണുമ്പോൾ, വാങ്ങുന്നവർക്ക് സന്തോഷമാണ്, പക്ഷേ കഷ്ടപ്പെട്ട് കൃഷി ചെയ്തവർക്ക് ഇത് കണ്ണീരാണ്.