'എന്റെ വീട് പൊളിച്ചവർ'; മുംബയ് കോർപ്പറേഷൻ പരാജയത്തിൽ പരിഹസിച്ച് കങ്കണ

Sunday 18 January 2026 2:03 AM IST

മുംബയ്: ബ്രിഹാൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിലെ വിജയത്തിൽ ബി.ജെ.പിയെ അഭിനന്ദിച്ചും

ഉദ്ധവ് താക്കറെ ശിവസേനയെ പരിഹസിച്ചും നടിയും എം.പിയുമായ കങ്കണ റണൗട്ട്. 2020ൽ തന്റെ ബംഗ്ലാവ് പൊളിച്ചുനീക്കിയ നടപടി പരാമർശിച്ചുകൊണ്ടായിരുന്നു പരിഹാസം.

'ബി.ജെ.പിയുടെ വിജയത്തിൽ അതിയായ സന്തോഷം. അവിശ്വസനീയമായ ഈ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെയും ബി.ജെ.പി കുടുംബത്തെയും അഭിനന്ദിക്കുന്നു. ഞങ്ങൾക്കിതൊരു വലിയ വിജയമാണ്.

എന്നെ അധിക്ഷേപിച്ചവരെയും എന്റെ വീട് പൊളിച്ചുമാറ്റിയവരെയും മഹാരാഷ്ട്ര വിടാൻ എന്നെ ഭീഷണിപ്പെടുത്തിയവരെയും മഹാരാഷ്ട്ര ഇന്ന് ഉപേക്ഷിച്ചു. ഇത്തരം സ്ത്രീവിരുദ്ധർക്കും ഭീഷണിപ്പെടുത്തുന്നവർക്കും സ്വജനപക്ഷവാദികൾക്കുമുള്ളശരിയായ സ്ഥലം ജനം കാണിച്ചുകൊടുത്തതിൽ സന്തോഷമുണ്ട്"- കങ്കണ പറഞ്ഞു.

2020ൽ അവിഭക്ത ശിവസേന അധികാരത്തിലിരിക്കെയാണ് കങ്കണയുടെ ബംഗ്ലാവിന്റെ ഒരുഭാഗം പൊളിച്ചുനീക്കിയത്. കങ്കണ

ബോംബെ ഹൈക്കോടതിയെ സമീപിച്ചു. കോർപ്പറേഷന്റെ നടപടി ദുരുദ്ദേശ്യത്തോടെയാണെന്നായിരുന്നു ഹൈക്കോടതി അന്ന് നിരീക്ഷിച്ചത്.