കേന്ദ്രസർക്കാർ സബ്സിഡി വെട്ടിക്കുറച്ചു; രാസവളം വില കുതിച്ചു, കർഷകർക്ക് കിതപ്പ്

Sunday 18 January 2026 1:06 AM IST

കോട്ടയം : കേന്ദ്ര സർക്കാർ സബ്സിഡി വെട്ടിക്കുറച്ചതോടെ രാസവള വില വീണ്ടും കുതിച്ചുയർന്നത് കർഷകർക്ക് ഇരുട്ടടിയായി. ഒറ്റയടിയ്ക്ക് 50 - 400 രൂപയുടെ വരെ വർദ്ധനവാണുണ്ടായത്. ഉത്പാദനം കുറച്ചതോടെ രാസവള ക്ഷാമം രൂക്ഷമാണ്. ഇതിനു പുറമേ വില കുത്തനെ കൂട്ടിയത് കൃഷിച്ചെലവ് വൻതോതിൽ ഉയർത്തും. ഇതോടെ പലരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകും. ഇത് ഉത്പാദനം കുറയ്ക്കാനും കാർഷികോത്പന്നങ്ങളുടെ വില വർദ്ധിക്കാനും കാരണമാകും. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഫാക്ട് ഉത്പാദിപ്പിക്കുന്ന ഫാക്ടംഫോസ് , എൻ.പി.കെ കോംപ്ലക്സ് ( 15,15, 15 ) എന്നിവയയ്ക്കടക്കം വിലകൂടി. നേരത്തേ കർഷകർക്ക് നേരിട്ടായിരുന്നു സബ് സിഡിയെങ്കിൽ ഇപ്പോൾ കമ്പനികൾക്കാണ് നൽകുന്നത്. സബ്സിഡിയിലുണ്ടാകുന്ന കുറവ് മറികടന്ന് ലാഭം ഉണ്ടാക്കാൻ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും കമ്പനികൾ മത്സരിച്ച് വില തോന്നുംപോലെ കൂട്ടുകയാണ്.

വളപ്രയോഗം തെറ്റിയാൽ വിളവ് കുറയും

യൂറിയയും, പൊട്ടാഷും കിട്ടാനില്ലാത്തത് നെൽകർഷകരെയും ആശങ്കയിലാഴ്ത്തുകയാണ്. അമോണിയം ഫോസ്‌ഫേറ്റടങ്ങുന്ന ഫാക്ടംഫോസ് കൃഷിയ്ക്ക് അഭിവാജ്യമാണ്. യൂറിയയും പൊട്ടാഷും മിശ്രിതമാക്കിയാണ് ഇടേണ്ടത്. യൂറിയയും പൊട്ടാഷും കിട്ടിയില്ലെങ്കിൽ കൂട്ടുവളമാണ് പിന്നെ ആശ്രയം. യൂറിയ നെൽച്ചെടികൾക്ക് കൃത്യ അളവിൽ നൽകിയില്ലെങ്കിൽ വിളവ് കുറയും. ഒരു ഏക്കറിന് 50 കിലോ ഫാക്ടംഫോസ്, 20 കിലോ പൊട്ടാസ്, 15 മുതൽ 25കിലോ വരെ യൂറിയ എന്ന ക്രമത്തിലാണ് നെൽച്ചെടികൾക്ക് വളം നൽകുന്നത്.

പോക്കറ്റ് ചോർത്തി പ്രതിസന്ധി എൻ.പി.കെ കോംപ്ലക്സ് (നൈട്രജൻ ,ഫോസ്‌ഫറസ്, പൊട്ടാസ്യം) വളത്തിന് 1425 രൂപയിൽ നിന്ന് 1650 രൂപയും, ഫാക്ടംഫോസ് 50 കിലോ ബാഗ് 1425 രൂപയിൽ നിന്ന് 1475 രൂപയും കൂടി. ആറ് മാസത്തിനിടയിൽ 125 രൂപയാണ് കർഷകർ ഏറെ ഉപയോഗിക്കുന്ന ഫാക്ടംഫോസിന് മാത്രം വർദ്ധിപ്പിച്ചത് . പൊട്ടാഷി കിട്ടാനില്ലെങ്കിലും വില 1400 ൽ നിന്ന് 1800 രൂപയായി.

''രാസവള ക്ഷാമം, അടിക്കടിയുള്ള വില വർദ്ധനവ് സബ്സിഡി വെട്ടിക്കുറക്കൽ, വിത്ത് ബിൽ പ്രശ്നങ്ങൾ കാർഷിക മേഖലയെ തകർത്തു. ദേശീയ തലത്തിൽ കർഷക പ്രക്ഷോഭം അടിച്ചമർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. കിസാൻ സഭ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രക്ഷോഭം നടത്തും.

കെ.എം.ദിനകരൻ ( കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി )