'വിഎഫ്എക്‌സ് അല്ല'; ആനയ്‌ക്കൊപ്പം സംഘട്ടന രംഗങ്ങൾ, വെെറലായി കാട്ടാളൻ ബിടിഎസ് വീഡിയോ

Saturday 17 January 2026 7:32 PM IST

ആന്റണി വർഗീസ് നായകനായി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന 'കാട്ടാളൻ' എന്ന ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രത്തിന്റെ ബിടിഎസ് വീഡിയോ പുറത്ത്. ആനയുമായുള്ള സാഹസികമായ സംഘട്ടനരംഗങ്ങളാണ് പുറത്തുവന്നത്. വളരെയധികം അപകടവും സാഹസികതയും നിറഞ്ഞ സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പില്ലാതെയാണ് ആന്റണി വർഗീസ് അഭിനയിച്ചിരിക്കുന്നത്.

മേയ് 14നാണ് ചിത്രം തിയേറ്രറുകളിൽ എത്തുന്നത്. വിഎഫ്എക്സ് ഇല്ലാതെ ആനയ്ക്കൊപ്പമുള്ള സംഘട്ടനത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ കീഴടക്കി കഴിഞ്ഞു. ആന്റണി വർഗീസിന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ആണ് കാട്ടാളൻ ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ ആണ് ആന്റണി വർഗീസ് എത്തുന്നത്.

മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമ എന്ന വിശേഷണവുമായി എത്തിയ മാർക്കോ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളനിൽ ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്വൽ ആർട്സ് ചിത്രം ഓങ് ബാക്കിന്റെ രണ്ടാം ഭാഗത്തിലെ സ്റ്റണ്ട് കൊറിയോഗ്രാഫർ കെച്ച കെംബഡികെ ആണ് ആക്ഷൻ കൊറിയോഗ്രാഫർ.

തമിഴ് നടി ദുഷാര വിജയൻ മലയാള അരങ്ങേറ്റം നടത്തുന്ന ചിത്രത്തിൽ പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻസിംഗ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ധിഖ് , ജഗദീഷ്, ആൻസൺ പോൾ, രാജ് കിരൺദാസ്, ഷോൺ റോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ, പാർത്ഥ് തിവാരി, ഹിപ്‌സ്റ്റർ, ഷിബിൻ എസ്. രാഘവ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.