പെൺവാണിഭം: എറണാകുളം സൗത്തിലെ ലോഡ്ജിൽനിന്ന് യുവതികളുൾപ്പടെ പിടിയിൽ

Sunday 18 January 2026 1:05 AM IST

കൊച്ചി: എറണാകുളം നഗരത്തിലെ ലോഡ്ജിൽ അനാശാസ്യത്തിന് എത്തിയ യുവതികളുൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശികളായ മൂന്ന് യുവതികളും ഇടപാടുകാരനായ പാലക്കാട് സ്വദേശിയുംലോഡ്ജിലെ ജീവനക്കാരനുമാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്.

വളഞ്ഞമ്പലത്തിന് സമീപം സ്വകാര്യ ആശുപത്രിക്കടുത്ത് പ്രവർത്തിക്കുന്ന ലോ‌‌ഡ്ജിൽ ഇന്നലെ വൈകിട്ട് സെൻട്രൽ എസ്.എച്ച്.ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്. എറണാകുളം സൗത്ത് ഭാഗത്തെ ചില ലോഡ്ജുകൾ കേന്ദ്രീകരിച്ച് അസാന്മാർഗിക പ്രവ‌ർത്തനങ്ങൾ നടക്കുന്നതായി പൊലീസിന് പരാതി കിട്ടിയിരുന്നു. പൊലീസ് സംഘം ലോഡ്ജിൽ എത്തുമ്പോൾ പാലക്കാട് സ്വദേശിയും ഒരു യുവതിയും മുറിയിലായിരുന്നു. മറ്റ് രണ്ട് യുവതികൾ ഇടപാടുകാർക്കായി കാത്തിരിക്കുകയായിരുന്നു. മണിക്കൂർ നേരത്തേക്കാണ് നിരക്ക്.

യുവതികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. മറ്റ് രണ്ട് പേരെയും കോടതിയിൽ ഹാജരാക്കും. റെയ്ഡ് സമയത്ത് ലോഡ്ജ് നടത്തിപ്പുകാരൻ ഉണ്ടായിരുന്നില്ല. ഇയാൾക്കെതിരെ അനാശാസ്യകേന്ദ്ര നടത്തിപ്പിനും അനാശാസ്യത്തിന് സഹായം നൽകിയതിനും കേസെടുക്കും. സൗത്ത് സ്റ്റേഷൻ ജംഗ്ഷൻ പരിസരത്തെ റോഡുകൾ കേന്ദ്രീകരിച്ച് പകൽസമയത്ത് അന്യസംസ്ഥാന യുവതികൾ പെൺവാണിഭത്തിന് തമ്പടിക്കുന്നതായി വ്യാപകപരാതിയുണ്ട്. മൂന്നു മാസം മുമ്പ് പൊലീസ് സംഘം ഇവരെ താക്കീത് നൽകി പറഞ്ഞയച്ചിരുന്നു. ഇതോടെ പരിസരത്തെ ഇടറോഡുകളിലേക്ക് ഇവർ താവളംമാറ്റി. ഈ ഭാഗത്തെ ചില ചെറുകിട‌ ലോഡ്ജുകളിൽ മണിക്കൂർ നിരക്കിലാണ് ഇവർക്ക് സൗകര്യം ഒരുക്കുന്നത്.