ക്ഷീരമേഖലയിലും ഓൺലൈൻ തട്ടിപ്പ് ..... പണം വാങ്ങും, പശു എവിടെ ?

Sunday 18 January 2026 12:08 AM IST

കോട്ടയം : കുറഞ്ഞ വിലയ്ക്ക് പശുക്കളെ ലഭ്യമാക്കാമെന്ന് പരസ്യം നൽകി ക്ഷീര കർഷകരിൽ നിന്ന് പണം തട്ടുന്ന ഓൺലൈൻ സംഘങ്ങൾ ജില്ലയിൽ സജീവം. സംസ്ഥാനത്തെ കന്നുകാലികളുടെ ലഭ്യതക്കുറവും ഉയർന്ന വിലയുമാണ് ഇത്തരക്കാർ ചൂഷണം ചെയ്യുന്നതിനായി മുതലെടുക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കന്നുകാലികളെ എത്തിച്ചു നൽകാമെന്ന് വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. കേരളത്തിൽ 10 ലിറ്റർ വരെ ലഭിക്കുന്ന ഒരു പശുവിന് 55000 രൂപ മുതൽ 60000 രൂപ വരെയാണ് വില വരുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് 25 ലിറ്റർ വരെ പാൽ ലഭിക്കുന്ന പശുവിന് 30000 മുതൽ 35000 രൂപയ്ക്ക് ലഭ്യമാക്കാമെന്നാണ് വാഗ്ദാനം. പശുക്കളുടെ ചിത്രവും ബന്ധപ്പെടേണ്ട നമ്പരും പാലിന്റെ അളവും സോഷ്യൽമീഡിയ വഴി ഷെയർ ചെയ്യും. ഈ പരസ്യത്തിൽ ആകൃഷ്ടരാകുന്ന കർഷകർ ബന്ധപ്പെടും. കച്ചവടം ഉറപ്പിച്ചശേഷം, പശുവിനെ കൊണ്ടുവരാനുള്ള വാഹനച്ചെലവ് വാങ്ങും.

വിളിച്ചാൽ പിന്നെ കിട്ടില്ല

ഇവർ പറയുന്ന അക്കൗണ്ടുകളിൽ പണം നിക്ഷേപിക്കണം. ബാക്കി കച്ചവടത്തുക പശുവിനെ എത്തിച്ച ശേഷം നൽകിയാൽ മതിയെന്നാണ് പറയുന്നത്. 30000 - 40000 രൂപ വരെയാണ് വാഹനക്കൂലി ഇനത്തിൽ ഒരു കർഷകനിൽ നിന്ന് വാങ്ങുന്നത്. തുടർന്ന് യാത്ര തുടങ്ങുന്നത് മുതലുള്ള വിവരങ്ങൾ ഫോൺ വിളിച്ച് ധരിപ്പിച്ച് കർഷകരുടെ വിശ്വാസം ഉറപ്പിക്കും. യാത്രയ്ക്കിടെ ചെക്ക് പോസ്റ്റുകളിൽ കൊടുക്കാനെന്ന് പറഞ്ഞ് വീണ്ടും പണം വാങ്ങും. പറഞ്ഞ സമയത്തിന് ശേഷവും പശുവിനെ ലഭിക്കാതെ വരുന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിയുന്നത്. വിളിച്ച നമ്പറിൽ തിരികെ ബന്ധപ്പെടാൻ ശ്രമിച്ചാൽ ലഭിക്കില്ല.

''തട്ടിപ്പ് സംഘങ്ങളെ തടയുന്നതിനുള്ള നടപടി സ്വീകരിക്കണം. ഗുണനിലവാരമുള്ള കന്നുകാലികളെ ലഭ്യമാക്കാൻ സർക്കാർ ശ്രമിക്കണം.

ക്ഷീര കർഷകർ