പേരയം -താന്നിമൂട് റോഡ് നിർമ്മാണം പുനരാരംഭിക്കണം
പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പേരയം താന്നിമൂട് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് നാട്ടുകാർ. നിർമ്മാണം നിശ്ചലമായിട്ട് രണ്ടുമാസമായി. പി.ഡബ്ല്യൂ.ഡിയുടെ ചുമതലയിലുള്ള റോഡിന്റെ നിർമ്മാണ സാമഗ്രികൾ കോൺട്രാക്ടർ തിരികെ കൊണ്ടുപോയതിനാൽ പണി
നിറുത്തിവയ്ക്കുകയായിരുന്നു. ഡി.പി.ആറിൽ ഉൾപ്പെടുത്താത്ത ജോലികൾ ചെയ്താൽ കോൺട്രാക്ടർക്കു നഷ്ടംവരുമെന്നതിനാലാണ് നിർമ്മാണം നിറുത്തിയതെന്നാണ് ആക്ഷേപം. പേരയം മുതൽ താന്നിമൂടുവരെയുള്ള നാലരകിലോമീറ്റർ റോഡ് ശബരിമല പാക്കേജിലുൾപ്പെടുത്തി ബി.എം,ബി.സി നിലവാരത്തിൽ പുനർനിർമ്മിക്കാനാണ് 5കോടി അനുവദിച്ചത്. എന്നാൽ കുടവനാട് മുതൽ പേരയംവരെയുള്ള റോഡ് മാത്രമാണ് ഭാഗികമായി പണിതത്. വാഹനയാത്ര ഏറെ ദുഷ്കരമായ കുടവനാട് മുതൽ തന്നിമൂട് വരെയുള്ള റോഡും നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കേരള റോഡ് ഫണ്ട് ബോർഡിനാണ് പതിമൂന്നരകിലോമീറ്റർ വരുന്ന റോഡിന്റെ ചുമതല. പതിമൂന്നു കോടി നാല്പത്തിയഞ്ചു ലക്ഷം രൂപയ്ക്കാണ് കരാർ എടുത്തിട്ടുള്ളത്. വർക്കല പൊന്മുടി ടുറിസം ലക്ഷ്യമിട്ടാണ് റോഡുകൾ പുതുക്കി പണിയുന്നത്. പേരയം താന്നിമൂട് റോഡ് നിർമ്മാണം എത്രയും വേഗം പുനരാരംഭിക്കണമെന്നും റോഡ് വികസനത്തിനായി സ്വകാര്യവ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുകയാണെങ്കിൽ അർഹമായ നഷ്ടം നൽകണമെന്നും ബാഹ്യഇടപെടലില്ലാതെ പണിപൂർത്തിയാക്കണമെന്നും സി.പി.ഐ പേരയം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു