FITNESS And STYLE

Sunday 18 January 2026 6:09 AM IST

പ്രഭാസ് ചിത്രം രാജാസാബിൽ ഭൈരവിയായി പ്രേക്ഷകർ മാളവിക മോഹനനെ കണ്ടു. സ്റ്റൈലിഷ് ആണ് ഭൈരവി. പലപ്പോഴും മാളവിക മോഹന്റെ കഥാപാത്രങ്ങൾ ന്യൂജനറേഷൻ വേഷക്കാരായിരിക്കും. ഇതിൽ അൽപ്പം മാറ്റം വന്നത് വിക്രം ചിത്രം തങ്കലാനിലെ കഥാപാത്രത്തിൽ മാത്രം. തമിഴ് ആയോധന കലയായ സിലംബം പഠിച്ച ശേഷമാണ് കഥാപാത്രമായി മാറിയത്. വടി കൊണ്ട് പൊരുതുന്നതാണ് സിലംബം.

''കുട്ടിക്കാലത്ത് സ്പോർട്സിൽ പങ്കെടുത്തിരുന്നു. അതുകൊണ്ടായിരിക്കും എന്റെ ശരീരം എന്തിനോടും വളരെവേഗം പൊരുത്തപ്പെടും. ഇപ്പോൾ സിലംബം ആഴ്ചയിൽ രണ്ടുമൂന്നു തവണ പരിശീലിക്കും. എന്റെ ഫിറ്റ്നസിനെക്കുറിച്ച് എനിക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. ഇഷ്ടമില്ലാതെ വ്യായാമമോ യോഗയോ ചെയ്യുകയാണെങ്കിൽ ഒരിക്കലും അധികകാലം തുടരാനാകില്ല. എനിക്ക് എന്താണോ ചെയ്യാൻ തോന്നുന്നത് അതിനനുസരിച്ച് എന്റെ ഒരു ദിവസം പോകുന്നു. ഹോട്ടൽ മുറിയിൽ പോലും ഞാൻ പുഷ് അപ്പ് ചെയ്യാറുണ്ട്. യോഗ മാറ്റ് വാങ്ങി യോഗ ചെയ്യാറുണ്ട്. ആസ്വദിക്കുന്ന കാര്യങ്ങൾ സ്ഥിരമായി ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. മാളവിക മോഹനന്റെ വാക്കുകൾ.

ഫാഷൻ സെൻസ് ലേഡി എന്ന വിളിപ്പേരുണ്ട് തെന്നിന്ത്യൻ സിനിമാലോകത്ത് മാളവിക മോഹനന്.

എന്നാൽ തനിക്ക് പ്രത്യേകിച്ച് ഫാഷൻ സെൻസ് ഇല്ലെന്നും മലയാളി പെൺകുട്ടിയായി നാടൻ ലുക്കിൽ നടക്കാനാണ് ഇഷ്ടമെന്നും മാളവിക. ''എന്റെ അമ്മയെ കൂടുതലും കൈത്തറി സാരി ധരിച്ചാണ് കാണുന്നത്. തലമുടിയിൽ മുല്ലപ്പൂവ് വച്ച് ചുവപ്പ് നിറം വട്ട പൊട്ട് തൊട്ട് കണ്ണെഴുതി നടക്കുന്ന അമ്മ മുന്നിലുണ്ട്. സ്റ്റൈൽ എന്നു പറയുന്നത് അതാണ്. എന്റെ ജോലിയുടെ ഭാഗമായി പല സ്‌റ്റൈലുകൾ ചെയ്യാറുണ്ട്. എന്റെ സ്റ്റൈലുകൾ എപ്പോഴും എന്റെ വീടിനോടും എന്റെ വേരുകളോടും ചേർന്നാണ് നിൽക്കുന്നത്. സ്‌റ്റൈൽ എന്നത് എനിക്ക് ഒരു നൊസ്റ്റാൾജിയ ആണ്."

മാളവിക പറഞ്ഞു.അതേസമയം കാർത്തി ചിത്രം സർദാർ 2 ആണ് മാളവികയുടെ അടുത്ത റിലീസ്.