അരുമാനൂർ പനച്ചമൂട്ടുകുളം സംരക്ഷിക്കണം
പൂവാർ: അരുമാനൂർ പനച്ചമൂട്ടുകുളം സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിൽ. കരിയിലയും പായലും മാലിന്യങ്ങളും മൂടി കുളം ഉപയോഗശൂന്യമായ നിലയിലാണ്. സമീപത്തെ ഓടകളിൽ നിന്നും ഒഴുകിയെത്തുന്ന മാലിന്യങ്ങൾ വന്നടിയുന്നത് പനച്ചമൂട്ടുകുളത്തിലാണ്. അതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും, അറവുമാലിന്യങ്ങളും ഉൾപ്പെടുന്നുണ്ട്. വർഷത്തിലൊരിക്കലെങ്കിലും കുളം നവീകരിച്ചാലേ കുളം സംരക്ഷിക്കാനാകൂ എന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
പനച്ചമൂട്ടുകുളം നവീകരിക്കാതായിട്ട് വർഷങ്ങളായി. വേനൽക്കാലത്ത് പായലും ചെളിയും പൂർണമായും മാറ്റി പുതിയ വെള്ളം നിറയ്ക്കാതിരുന്നതും, കുളത്തിന് ചുറ്റുമുള്ള വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിക്കാൻ കഴിയാതിരുന്നതും വെള്ളം മലിനമാകാൻ കാരണമായി.
ജലസമൃദ്ധി കുറയുന്നു
പനച്ചമൂട്ടുകുളം, കാട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം താമരക്കുളത്തിൽ നിറയും. കൂടാതെ ശാസ്താംകുളത്തിൽ നിന്നുള്ള വെള്ളവും കൈത്തോടു വഴി കൈപ്പൂരിയിൽ എത്തിച്ചേരും. ഈ ജലസമൃദ്ധിയാണ് കൈപ്പുരിയിൽ ഇരുപ്പൂ കൃഷിയും പുഞ്ചക്കൃഷിയും ചെയ്യാൻ സഹായിക്കുന്നത്. ഇപ്പോഴാകട്ടെ കൈപ്പൂരിയിൽ നെൽകൃഷി പൂർണ്ണമായും നിലച്ചു. കുളങ്ങൾ നവീകരിക്കാൻ പഞ്ചായത്ത് തയ്യാറാകുന്നില്ലെന്ന ആരോപണം ശക്തമാണ്.
കുളങ്ങൾ സംരക്ഷിക്കണം
പ്രദേശത്തെ കുളങ്ങൾക്ക് ഇന്ന് സംഭരണശേഷിയില്ലാതായി. കൈയേറ്റവും പരിപാലനക്കുറവും കുളങ്ങളുടെ സ്വാഭാവിക വിസ്തൃതി കുറച്ചു. തണ്ണീർത്തടങ്ങളും നെൽവയലുകളും സംരക്ഷിക്കാനുള്ള നിയമം ഭേദഗതി ചെയ്തതാണ് ഇപ്പോഴത്തെ തിരിച്ചടിക്ക് കാരണം.
പ്രദേശത്തെ തലക്കുളമാണ് പനച്ചമൂട്ടുകുളം. കൂടാതെ താമരക്കുളം കാട്ടുകുളം, ശാസ്താംകുളം തുടങ്ങിയ കുളങ്ങളിലെ ഒരിക്കലും വറ്റാത്ത ജലസമൃദ്ധിയാണ് പ്രദേശത്തെ കൃഷിയെ പരിപോഷിപ്പിച്ചിരുന്നത്. 200ഓളം ഹെക്ടർ വിസ്തൃതിയിൽ നെൽകൃഷി ചെയ്തിരുന്ന കൈപ്പൂരി ഏലാ വെള്ളത്തിനായി ഈ കുളങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
നീർത്തടങ്ങൾ സംരക്ഷിക്കാൻ ഹരിത കേരള മിഷൻ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ പൂവാർ ഗ്രാമപഞ്ചായത്തിൽ നടപ്പാക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപമുണ്ട്. പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ കുളത്തിന് സമീപം ഔഷധസസ്യത്തോട്ടം പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.