പട്ന എക്‌സ്‌പ്രസി​ൽ രണ്ടു വയസുകാരനെ ഉപേക്ഷിച്ച് യുവതിയും യുവാവും കടന്നു

Sunday 18 January 2026 1:34 AM IST

കൊച്ചി: ബീഹാറിൽനിന്ന് കേരളത്തിലേക്ക് വന്ന ട്രെയിനിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച് യുവാവും യുവതിയും കടന്നു. ട്രെയിൻ തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് ആൺകുഞ്ഞിനെ ജനറൽ കോച്ചിൽ ഇരുത്തി ഒപ്പമുണ്ടായിരുന്നവർ ഇറങ്ങിപ്പോയത്. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ ട്രെയിൻ ആലുവ സ്റ്റേഷനിലെത്തിയപ്പോൾ കുഞ്ഞിനെ ആർ.പി.എഫിന് കൈമാറി.

പട്നയിൽ സ്റ്റേഷനിൽനിന്ന് വ്യാഴാഴ്ച പുറപ്പെട്ട പട്ന - എറണാകുളം എക്‌സ്‌പ്രസ് ട്രെയിനിന്റെ മുന്നിലെ ജനറൽ കോച്ചിൽ സഞ്ചരിച്ച അന്യസംസ്ഥാനക്കാരാണ് കുഞ്ഞിനെ ട്രെയിനിലി​രുത്തി കടന്നുകളഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് 1.30ന് ട്രെയിൻ തൃശൂർ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ എത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിൻ തൃശൂർ എത്തുന്നതിന് മുമ്പായി കുഞ്ഞിനൊപ്പം ഉണ്ടായിരുന്നവർ സഹയാത്രികരോട് പണം ആവശ്യപ്പെട്ടതായി യാത്രക്കാർ പറഞ്ഞു. കുഞ്ഞിനെ സീറ്റിലിരുത്തി ഇരുവരും പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ ഭക്ഷണം വാങ്ങാനാണെന്ന് മറ്റ് യാത്രക്കാർ കരുതി. 1.34ന് ട്രെയിൻ തൃശൂർ സ്റ്റേഷൻ വിട്ടപ്പോഴാണ് കുഞ്ഞ് തനിച്ചാണെന്ന കാര്യം സഹ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

പാലക്കാടുനിന്ന് കയറിയ യുവാക്കളാണ് ട്രെയിൻ 2.29ന് ആലുവ സ്റ്റേഷനിലെത്തിയപ്പോൾ കുഞ്ഞിനെ ആർ.പി.എഫിന് കൈമാറിയത്. തൃശൂർ ഉൾപ്പെടെ എല്ലാ സ്റ്റേഷനുകളിലേക്കും അടിയന്തര സന്ദേശം നൽകിയെങ്കിലും കുഞ്ഞിനെ അന്വേഷിച്ച് ആരും എത്തിയില്ല. സ്റ്റേഷനിലെത്തിയ ചൈൽഡ്‌ലൈൻ പ്രവർത്തകരും ആർ.പി.എഫും ചേർന്ന് കുഞ്ഞിന് പാലും ബിസ്കറ്റും നൽകി. ഇടയ്ക്കിടെ കരഞ്ഞ കുഞ്ഞിനോട് ഹിന്ദിയിലുൾപ്പെടെ കാര്യങ്ങൾ ചോദിച്ചറിയാൻ വനിതാ കോൺസ്റ്റബിൾ ശ്രമിച്ചെങ്കിലും വിഫലമായി. വൈകിട്ടോടെ കുഞ്ഞിനെ പെരുമ്പാവൂ‌ർ പുല്ലുവഴിയിലെ സ്നേഹജ്യോതി ഭവനിലേക്ക് മാറ്റി. കുഞ്ഞിനൊപ്പം ഉണ്ടായിരുന്നവർ രക്ഷിതാക്കളാണോ എന്നതിലുൾപ്പെടെ വ്യക്തതയില്ല.