അരൂർ–ഇടക്കൊച്ചി പാലത്തിന് സമീപത്തെ മാലിന്യത്തിന് പരിഹാരം
അരൂർ : അരൂർ–ഇടക്കൊച്ചി പാലത്തിനടുത്ത് നാളുകളായി കുമിഞ്ഞുകൂടി ദുർഗന്ധം പരത്തിയ മാലിന്യക്കൂമ്പാരം നീക്കുന്നതിനായി അരൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പനും വൈസ് പ്രസിഡന്റ് മോളി ജസ്റ്റിനും നേരിട്ട് രംഗത്തെത്തി അരൂർ മുക്കത്തെ അപ്രോച്ച് റോഡിൽ ഇരുട്ടിന്റെ മറവിൽ മാലിന്യം തള്ളുന്നത് കുറെ നാളായി പതിവായിരുന്നു.
കൈതപ്പുഴ കായലിനോട് ചേർന്ന ഈ പ്രദേശം മനോഹരമായി സംരക്ഷിക്കാൻ മുൻ പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടെ പലതവണ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഇടവേളയ്ക്ക് ശേഷം മാലിന്യ തള്ളൽ വീണ്ടും തുടങ്ങി. മാലിന്യത്തിൽ നിന്ന് വമിക്കുന്ന ദുർഗന്ധം മൂലം സമീപത്തെ രണ്ട് ചായക്കടകൾ അടച്ചുപൂട്ടേണ്ടിവന്നതോടെ പ്രദേശത്ത് വെളിച്ചവും ആൾസാന്നിദ്ധ്യവും കുറഞ്ഞത് മാലിന്യം തള്ളാനെത്തുന്നവർക്ക് സൗകര്യമായി. മാലിന്യകൂമ്പാരം വർദ്ധിച്ചതോടെ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമായി. ബൈക്ക് യാത്രികരെ ഉൾപ്പെടെ നായ്ക്കൾ ആക്രമിച്ചതോടെയാണ് പഞ്ചായത്ത് ഭരണസമിതി ജെ.സി.ബി അടക്കമുള്ള സന്നാഹങ്ങളുമായി ശുചീകരണത്തിന് എത്തിയത്. പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും പുറമേ , പഞ്ചായത്ത് അംഗങ്ങളായ കെ.എ. ജോളി, റോസിലി, കുഞ്ഞുമോൻ എന്നിവരും ഹരിതകർമ്മ സേനാംഗങ്ങളും ചേർന്നാണ് ശുചീകരണം നടത്തിയത്. സ്ഥലത്ത് പുഴിയിട്ട് നിരക്കി പൂച്ചെടികൾ വച്ചുപിടിപ്പിക്കാനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും അടിയന്തര നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.