ഉയരപ്പാത നിർമ്മാണം...... പൈപ്പ് പൊട്ടൽ പതിവ്, കുടിവെള്ളം മുട്ടി ജനം

Saturday 17 January 2026 9:38 PM IST

തുറവൂർ : ദേശീയപാതയുടെ ഭാഗമായ അരൂർ - തുറവൂർ ഉയരപ്പാത നിർമ്മാണപ്രവർത്തനങ്ങൾക്കിടെ കുടിവെള്ള പൈപ്പ് അടിക്കടി പൊട്ടുന്നത് പ്രദേശവാസികളുടെ വെള്ളംകുടി മുട്ടിക്കുന്നു. രണ്ടര വർഷത്തിലേറെയായി തുടരുന്ന നിർമ്മാണപ്രവൃത്തികൾക്കിടയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ നിരവധി തവണയാണ് പൊട്ടിയത്. പൈപ്പ് പൊട്ടുമ്പോഴൊക്കെ എട്ട് പഞ്ചായത്തുകളിൽ ദിവസങ്ങളോളം കുടിവെള്ളം മുടങ്ങും. അറ്റകുറ്റപ്പണിയ്ക്ക് ഒരാഴ്ച വരെ വേണ്ടി വന്ന സന്ദർഭങ്ങളുമുണ്ട്. പലപ്പോഴും പൈപ്പ് പൊട്ടി മണിക്കൂറുകളം ശുദ്ധജലം പാഴായതിനുശേഷമാണ് ജലവിതരണം നിറുത്തി വയ്ക്കുന്നത്.

ഉപ്പും ഫ്ലൂറൈഡും കലർന്ന ഭൂഗർഭജലം മാത്രം ലഭ്യമാകുന്ന ഈ പ്രദേശങ്ങളിൽ ജപ്പാൻ പദ്ധതിയിൽ നിന്നുള്ള കുടിവെള്ളം മാത്രമാണ് ജനങ്ങൾക്ക് ഏക ആശ്രയം.ഇത് മുടങ്ങുന്നത് ജീവിതമാകെ താളം തെറ്റിക്കും. കഴിഞ്ഞ ആഴ്ച രണ്ട് തവണയാണ് പൈപ്പ് പൊട്ടിയത്. ടാങ്കറുകൾ വഴി കുടിവെള്ളം എത്തിക്കാൻ പോലും നടടപിയുണ്ടായിരുന്നില്ല.

നിർദ്ദേശങ്ങൾ പാലിക്കാറില്ല

1. റോഡ് കുഴിച്ചുള്ള നിർമ്മാണം വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലേ നടത്താവൂ എന്ന് നിർദ്ദേശമുണ്ടെങ്കിലും കരാറുകാർ പാലിക്കാറില്ല

2. ഉയരപ്പാത നിർമ്മാണം മൂലം രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുന്ന ജനങ്ങൾക്ക് കുടിവെള്ളം മുടങ്ങുന്നത് ദുരിതം ഇരട്ടിയാക്കുന്നു

3. രണ്ടര വർഷത്തിലേറെയായി ജനങ്ങൾ ദുരിതം സഹിച്ചിട്ടും പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണാനും ബദൽ സംവിധാനങ്ങൾ ഒരുക്കാനും അധികൃതർ തയ്യാറായിട്ടില്ല

4. കുടിവെള്ളത്തിനൊപ്പം വൈദ്യുതി ലൈനുകളും ഇൻറർനെറ്റ് കേബിളുകളും നിർമ്മാണപ്രവർത്തനങ്ങൾക്കിടെ തകരാറിലാകുന്നതും പതിവാണ്

തീരമേഖലയിലെങ്കിലും അടിയന്തരമായി ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കണം. ഇതിന് പഞ്ചായത്ത് പ്രതിനിധികൾ ശക്തമായ ഇടപെടൽ നടത്തണം

- പ്രദേശവാസികൾ