പുഞ്ചകൃഷിയെ പിന്നോട്ടടിച്ച് രണ്ടാംകൃഷിയുടെ സംഭരണം
ആലപ്പുഴ : രണ്ടാംകൃഷിയുടെ നെല്ല് സംഭരണം പൂർത്തിയാക്കാത്ത പാടങ്ങളിൽ വിത അസാദ്ധ്യമായതോടെ കുട്ടനാട്ടിൽ ഇത്തവണ പുഞ്ചകൃഷിയുടെ വിളവ് ഇടിയും. കഴിഞ്ഞ തവണ കൊടുംചൂടും വേലിയേറ്റമുൾപ്പെടെയുള്ള പ്രതികൂല കാലാവസ്ഥയാണ് പുഞ്ച സീസണിൽ നെല്ലുൽപ്പാദനത്തിൽ മുൻകാലങ്ങളേക്കാൾ കുറവിനിടയാക്കിയതെങ്കിൽ രണ്ടാം കൃഷിയുടെ കൊയ്ത്ത് വൈകിയതിനാൽ പുഞ്ചകൃഷിയിറക്കാൻ കഴിയാതെ പോയതാണ് ഇത്തവണത്തെ പ്രശ്നം.
നെടുമുടി, ചമ്പക്കുളം ,അമ്പലപ്പുഴ വടക്ക്, പുന്നപ്ര, പുറക്കാട്, തകഴി തുടങ്ങിയ പ്രദേശങ്ങളിലെ പാടങ്ങളിലാണ് രണ്ടാം കൃഷിയുടെ കൊയ്ത്ത് വൈകിയതും ഓരുവെള്ള ഭീഷണിയും കാരണം ഇത്തവണ പുഞ്ചകൃഷി നടത്താൻ കഴിയാത്തത്. കഴിഞ്ഞവർഷം 50,000 ഹെക്ടറോളം നിലത്ത് നെൽകൃഷിയുണ്ടായിരുന്ന ഇവിടെ ഇത്തവണ 28,000 ഹെക്ടറിലാണ് കൃഷി. പുറക്കാട്, അമ്പലപ്പുഴ, തകഴി മേഖലകളിലെ പാടങ്ങളിൽ രണ്ടാം കൃഷിയുടെ കൊയ്ത്ത് പൂർത്തിയായശേഷം പുഞ്ചകൃഷി ഇറക്കാൻ വേണ്ട സമയമില്ല. ഇവിടങ്ങളിൽ പുമ്മകൃഷി ചെയ്ത പാടങ്ങളിൽ തോട്ടപ്പള്ളിയിൽ നിന്ന് വേലിയേറ്റത്തിന്റെ ഭാഗമായി ഉപ്പുവെള്ളം കയറി നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്ന സ്ഥിതിയാണ്.
നെല്ല് സംഭരണത്തിന് കഴിഞ്ഞ വർഷത്തേതിന്റെ പകുതി എണ്ണം മില്ലുകളാണ് ഇതുവരെ കരാർ വച്ചിട്ടുള്ളത്. കായൽനിലങ്ങളുടെ സംഭരണത്തിനായുള്ള രജിസ്ട്രേഷൻ പൂർത്തിയാകുന്നതോടെ വൻകിട മില്ലുകളെത്തിച്ചേരുമെന്നാണ് കരുതുന്നതെങ്കിലും കൂടുതൽ മില്ലുകൾ രജിസ്ട്രേഷനുപോലും തയ്യാറാകാത്തതിനാൽ കുട്ടനാട്ടിൽ കർഷകർ കടുത്ത ആശങ്കയിലാണ്. തൃശൂർ, പാലക്കാട് മേഖലകളിൽ നെല്ല് സംഭരണം ആരംഭിക്കുകയും സഹകരണ മേഖല കൂടി അവിടെ സംഭരണത്തിന് സന്നദ്ധത അറിയിക്കുകയും ചെയ്തിരിക്കെ കുട്ടനാട്ടിൽ സപ്ളൈകോയുടെ നേരിട്ടുള്ള സംഭരണത്തിലെ അനിശ്ചിതത്വമാണ് കർഷകരുടെ ആശങ്കയ്ക്ക് കാരണം.
കുട്ടനാട്ടിൽ വിളവ് കുറയും
1. പ്രധാന നെല്ലുൽപ്പാദനമേഖലകളിലൊന്നായ നെടുമുടിയിൽ 36 പാടശേഖരങ്ങളിൽ 12പാടങ്ങളിൽ മാത്രമാണ് പുഞ്ച കൃഷിയുള്ളത്.ചമ്പക്കുളത്തും സമാനമാണ് സാഹചര്യം
2.കൃഷിയിറക്കിയ പാടങ്ങളിൽ തന്നെ ഒന്നരമാസം കഴിയുമ്പോൾ കൊയ്ത്തിന് പാകമാകേണ്ട നെൽച്ചെടികൾ ഓരുവെള്ളം കയറി കരിഞ്ഞുണങ്ങുന്ന സ്ഥിതിയിലാണ്
3. നവംബർ- ഡിസംബർ മാസങ്ങളിലാണ് പുഞ്ചകൃഷിയുടെ വിത നടത്തേണ്ടത്. എന്നാൽ രണ്ടാംകൃഷിയുടെ കൊയ്ത്ത് പതിവിലും രണ്ട് മാസത്തോളം വൈകിയത് വിനയായി.
4.നെല്ലുൽപ്പാദനം കുറയുന്നതിനൊപ്പം കിഴിവിന്റെ പേരിൽ മില്ലുകാരുടെ ചൂഷണം കൂടിയാകുമ്പോൾ കുട്ടനാട്ടിൽ കൃഷി ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടും
നെടുമുടി മേഖലയിൽ 36പാടശേഖരങ്ങളിൽ 12പാടങ്ങളിലാണ് ഇത്തവണ പുഞ്ചകൃഷി ചെയ്തത്. അവിടങ്ങളിൽ ഉപ്പുവെള്ള ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അമ്പലപ്പുഴ, പുറക്കാട്, തകഴി മേഖലകളിലും ഓരുവെള്ള ഭീഷണി കൃഷിയ്ക്ക് തടസമാണ്. ഇത് കുട്ടനാട്ടിൽ നെല്ലുൽപ്പാദനം കുത്തനെ കുറയാൻ ഇടയാക്കും
- ലാലിച്ചൻ പള്ളിവാതുക്കൽ, നെൽകർഷകൻ