ഡോക്ടറിൽ നിന്ന് 7.65 കോടി തട്ടിയ കേസിൽ ഒരാൾകൂടി പിടിയിൽ

Saturday 17 January 2026 9:44 PM IST

ആലപ്പുഴ: ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്നപേരിൽ ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്ന് ഓൺലൈനായി 7.65 കോടി തട്ടിയെടുത്ത കേസിൽ ഒരു പ്രതി കൂടി പിടിയിലായി. പ്രധാന പ്രതിയായ അസാം സ്വദേശി എഹ്‌താഷാം അഹമ്മദിനെയാണ് (36) ബംഗളൂരുവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. സംഭവത്തിൽ നാലു തായ്‌വാൻ സ്വദേശികളടക്കം 15ലധികം പേരെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നേരത്തേ പിടികൂടിയിരുന്നു. എഹ്‌താഷാം തട്ടിപ്പ് നടത്തുന്ന ചൈനീസ് കമ്പനിയുമായി നേരിട്ട് ബന്ധമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സജീവ് ചെറിയാന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ആർ.മോഹൻകുമാർ, അഗസ്റ്റിൻ വർഗ്ഗീസ്, എ. സുധീർ, എ.എസ്.ഐ.മാരായ വി.പി.സുലേഖ, കെ.ഡി.ദീപ, മറ്റ് ഉദ്യോഗസ്ഥരായ ആർ. ശ്യാം, ആന്റണി ജോസഫ്, ഷെൻജു ദേവസ്യ എന്നിവരാണ് പ്രതിയെ പിടികൂടിയത്.