കൊയ്ത്തിനൊരുങ്ങി നെല്ലറ, സംഭരണത്തിലെ ആശങ്കകൾ നീങ്ങുന്നില്ല

Sunday 18 January 2026 12:53 AM IST

പാലക്കാട് ജില്ലയിൽ രണ്ടാംവിള കൊയ്ത്ത് അടുത്തിരിക്കെ നെല്ല് സംഭരണത്തിന് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് തിരിച്ചടിയാകുന്നു. മുമ്പ് മൂന്ന് പാഡി മാർക്കറ്റിംഗ് ഓഫീസർ ഉണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 2 പേർ മാത്രമാണ്. നെല്ല് സംഭരണത്തിൽ ഇവരെ സഹായിക്കാനുള്ള പാഡി പ്രൊക്യൂർമെന്റ് തസ്തികയിലേക്ക് കൃഷിവകുപ്പിൽ നിന്ന് കൃഷി അസിസ്റ്റന്റുമാരെയാണ് നിയോഗിക്കുക. ഒന്നാംവിളയിൽ 20 കൃഷി അസിസ്റ്റന്റുമാരെ നിയോഗിച്ചിരുന്നെങ്കിലും ചുമതലയേറ്റത് 7 പേർ മാത്രമാണ്. ഒന്നാം വിളയിൽ സപ്ലൈകോ സംഭരണം വൈകിയോടെ ഒട്ടേറെ കൃഷിക്കാർ നെല്ലു ഓപ്പൺ മാർക്കറ്റിൽ കിട്ടിയ വിലയ്ക്ക് വിറ്റു തീർക്കേണ്ടി വന്നിരുന്നു. രണ്ടാം വിളയിലും അതേ സ്ഥിതി ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് പാലക്കാട്ടെ ഭൂരിഭാഗം കൃഷിക്കാരും. രണ്ടാം വിളയിൽ പാലക്കാട് അടക്കമുള്ള ജില്ലകളിൽ റെക്കോർഡ് നെല്ലു സംഭരണം പതിവാണ്. ആവശ്യത്തിന് കൃഷി അസിസ്റ്റന്റുമാരെ ഉറപ്പാക്കിയാൽ മാത്രമേ നെല്ല് സംഭരണം സുഗമമാകൂ. സംഭരണത്തിലെ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ തലത്തിൽ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥ ക്ഷാമം പരിഹരിക്കേണ്ടത് സപ്ലൈകോ, കൃഷി വകുപ്പുകൾ സംയുക്തമായാണ്. ജില്ലയിൽ ചിലയിടങ്ങളിൽ കൊയ്ത്തു തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരിയോടെ കൊയ്ത്തു സജീവമാകും. സംഭരണം കാര്യക്ഷമമാക്കാൻ താത്പ്പര്യമുള്ള പരിസര പ്രദേശങ്ങളിലുള്ള ഉദ്യോഗസ്ഥർക്ക് മുൻഗണന നൽകി നിയമിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഇപ്പോൾ നടപടി തുടങ്ങിയാൽ മാത്രമേ നെല്ല് സംഭരണത്തിന് മുമ്പ് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയോഗിക്കാനാകൂ.

 സംഭരണത്തിന് സഹകരണ സംഘങ്ങൾ

നെല്ലുസംഭരണത്തിന് സഹകരണസംഘങ്ങളെ ആശ്രയിക്കാനുള്ള സർക്കാർ തീരുമാനം ഈ വരുന്ന സീസണിൽ പൂർണ തോതിൽ നടപ്പാക്കില്ല. പാലക്കാട് ജില്ലയിൽ മാത്രം പൈലറ്റ് പ്രോജക്ടായി സംഘങ്ങളെ പങ്കെടുപ്പിച്ച് സംഭരണം നടത്താണ് ആലോചന. ഇത് വിജയകരമായാൽ സംസ്ഥാനത്തെ മറ്റു ജില്ലകളിലും ഇത് വ്യാപിപിക്കും. അതുവരെയും പാലക്കാട് ഒഴികെയുള്ള മറ്റു ജില്ലകളിൽ നെല്ല് സംഭരണം നിലവിലെ രീതിയിൽ തുടരും. സംഘങ്ങളെക്കൊണ്ട് നെല്ലെടുപ്പിക്കുന്നതിന്റെ മുന്നൊരുക്കത്തിനായി ചീഫ് സെക്രട്ടറിയും ഭക്ഷ്യ, കൃഷി, സഹകരണ സെക്രട്ടറിമാരും ചേർന്ന സമിതിയെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ, സാങ്കേതികമായി ഒട്ടേറെ കടമ്പ കടക്കേണ്ടതുണ്ട്. വലിയൊരു കുരുക്കാണ് അഴിക്കാനുള്ളത്. നിലവിൽ നെല്ല് സംഭരിച്ച വകയിൽ കേരളാ ബാങ്കിന് 700 കോടി രൂപ കൊടുക്കാനുണ്ട്. 100 കോടി മൂലധനമുള്ള സംഘങ്ങളുടെ കൂട്ടായ്മ വഴി സ്വരൂപിച്ച് കടം വീട്ടണം എന്നതാണ് ആദ്യത്തെ കടമ്പ. സംഭരണത്തിൽ സഹകരിക്കുന്ന പൊതുമേഖലാ ബാങ്കുകൾക്ക് 2400 കോടി രൂപയോളം കൊടുക്കാനുണ്ട്. ഈ പണം കേരളാ ബാങ്ക് നബാർഡിന്റെ സാമ്പത്തിക സഹായം സ്വീകരിച്ച് അടച്ചുതീർത്ത് കടബാദ്ധ്യത ഒഴിവാക്കണം. നബാർഡ് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പ്രാഥമിക സംഘങ്ങൾ നെല്ലു സംഭരിക്കും. ഇത് പുതുതായി രൂപവത്കരിക്കുന്ന നോഡൽ സംഘങ്ങൾക്ക് കൈമാറും. അവ നെല്ല് സംസ്‌കരിച്ച് അരിയാക്കി വിപണിയിൽ എത്തിക്കുകയോ റേഷൻ സംവിധാനത്തിലേക്ക് കൊടുക്കുകയോ ചെയ്യും. നോഡൽ സംഘങ്ങൾക്കുള്ള സാമ്പത്തിക സഹായം കേരളാ ബാങ്ക് വായ്പയായി കൊടുക്കും. അരി വിറ്റുകിട്ടുന്ന പണത്തിൽനിന്ന് കടം വീട്ടും. തവിട്, തവിടെണ്ണ, ഉമി തുടങ്ങിയ ഉപോത്പന്നങ്ങൾ വഴി ലഭിക്കുന്ന തുക സംഘത്തിനു വരുമാനമാകും. നോഡൽ സംഘങ്ങൾക്ക് മില്ല് സ്ഥാപിക്കുകയോ സ്വകാര്യ മില്ലുകളുടെ സഹായം തേടുകയോ ആകാം. പക്ഷേ, പി.ആർ.എസ് കൊടുക്കുമ്പോൾ കർഷകന് അന്നുതന്നെ പണം കൊടുക്കണം. ഇതോടെ നെല്ലുവില വായ്പയായി കൊടുക്കുന്ന രീതി അവസാനിക്കും. ഒരു വർഷം 2004 കോടി രൂപയാണ് രണ്ടു സീസണുകളിലായി നെല്ല് സംഭരണത്തിന് വേണ്ടത്. ഇത്രയും തുക ഈ വരുന്ന സീസണിനു ശേഷമുള്ള സീസണോടെ സമാഹരിക്കാൻ കേരളാ ബാങ്കിന് പറ്റുമോ എന്നതിലാണ് ആകാംക്ഷ.

 ഏകോപനമില്ലായ്മ തിരിച്ചടി

പാലക്കാട്ടുകാർക്ക് നെൽകൃഷിയെന്നത് ജീവിത രീതിയാണ്. ചിറ്റൂർ, ആലത്തൂർ, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കൂകളിലെ ഗ്രാമീണരിൽ കുറേപ്പേർക്കെങ്കിലും ഇന്നും നെൽകൃഷി തൊഴിലും ഉപജീവനവുമാണ്. കാർഷിക മേഖലയെ പരിപോഷിപ്പിക്കാനായി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികളിലെ ആസൂത്രണമില്ലായ്മ ഈ രംഗത്തെ സ്വാഭാവിക മന്നേറ്റങ്ങളുടെ പോലും നിറം കെടുത്തുന്നു എന്നതാണ് യാഥാർത്ഥ്യം. പാലക്കാട് ജില്ലയിൽ നല്ലൊരു ശതമാനവും ഇടത്തരം ചെറുകിട നെൽ കർഷകരാണ്. കർഷകർക്ക് ആശ്വാസമാകേണ്ട 'സംഭരണം" ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അട്ടിമറിക്കപ്പെടുമ്പോൾ വിയർപ്പൊഴുക്കി കൊയ്‌തെടുത്ത നെല്ല് വിൽക്കാൻ കുറഞ്ഞ വില നൽകുന്ന ഇടനിലക്കാരെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജില്ലയിലെ ബഹുഭൂരിപക്ഷം കർഷകരും.

വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണ് കാർഷിക മേഖലയിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ സമ്പൂർണമായി പരാജയപ്പെടാൻ കാരണം. കൃഷിയും അനുബന്ധകാര്യങ്ങളും കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് എങ്കിലും തദ്ദേശ, ജലസേചന, സിവിൽ സപ്ലൈസ്, തൊഴിൽ, സഹകരണ വകുപ്പുകൾക്കും നമ്മുടെ കാർഷിക പുരോഗതിയിൽ സുപ്രധാനമായ പങ്കുവഹിക്കാനാകുന്നുണ്ട്. ഓരോ വിളകളും ഏത് സമയത്ത് ആരംഭിക്കണം, അതത് കാലത്ത് നടത്തേണ്ട വളപ്രയോഗം, വിളവെടുപ്പ് കാലം തുടങ്ങി ശാസ്ത്രീയമായ ഒരു കലണ്ടർ കൃഷി വകുപ്പിനുണ്ട്. ഇതൊന്നും പക്ഷേ നമ്മുടെ മണ്ണിൽ പ്രതീക്ഷിച്ചതുപോലെ നടക്കുന്നില്ല. കൃഷിവകുപ്പിന് മറ്റു വകുപ്പുകളിൽ നിന്നുള്ള സഹകരണം ഉറപ്പാക്കാൻ കഴിയാത്തതാണ് പ്രധാന പ്രശ്നം. ഈ പ്രതിസന്ധികൾ എന്ന് പരിഹരിക്കപ്പെടുമെന്നറിയാതെ ഇപ്പോഴും പ്രതീക്ഷ വറ്റാതെ കാത്തിരിക്കുകയാണ് കർഷകർ.

 പുതുതലമുറ കൃഷിയിൽ നിന്നകലും

കാലാവസ്ഥാ വ്യതിയാനവും ഉത്പാദന ചെലവ് വർദ്ധിച്ചതും കാരണം കൃഷി ആദായകരമല്ലെന്ന് പറഞ്ഞ് മണ്ണിനെ ഉപേക്ഷിച്ചവർ നിരവധിയാണ്. എന്നാൽ, സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടെ പ്രതീക്ഷയർപ്പിച്ച് നൂറുകണക്കിന് യുവാക്കൾ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനൊരുങ്ങുന്നത് ഭാവി കേരളത്തിന് ശുഭസൂചനയാണ്. മികച്ച ആസൂത്രണത്തിലൂടെയും നടത്തിപ്പിലൂടെയും കാർഷിക മേഖലയെ വളർത്തിയെടുക്കാൻ സർക്കാർ വകുപ്പുകൾ സഹായിക്കുകയാണ് വേണ്ടത്. ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുന്ന പല പദ്ധതികളും യഥാസമയം മണ്ണിലേക്കിറക്കാൻ ഇനിയെങ്കിലും ഉദ്യോഗസ്ഥർ തയ്യാറാകണം. ജോലികൾ അവസാന മണിക്കൂറുകളിലേക്ക് നീട്ടിവെച്ച് കർഷകരെ ദുരിതത്തിലാക്കുന്ന നിലപാടുകളിൽ നിന്ന് അവർ പിന്മാറണം. ഇനിയും അതിന് കഴിഞ്ഞില്ലെങ്കിൽ പുതുതലമുറ കൃഷിയിൽ നിന്ന് കൂടുതൽ അകന്നുപോകും. നാട്ടിലെ കൃഷിയിടങ്ങൾ തരിശിട്ട് അന്യസംസ്ഥാനത്തെ അരിവണ്ടികളെ കാത്തിരിക്കുന്ന അവസ്ഥ തുടർന്നു കൊണ്ടേയിരിക്കും.