തർക്കങ്ങൾ വേഗത്തിൽ തീർക്കാൻ ഇടപെടൽ; തെക്കി ബസാർ ഫ്‌ളൈ ഓവർ ടെൻഡറിലേക്ക്

Saturday 17 January 2026 10:16 PM IST

കണ്ണൂർ:നിർദ്ദിഷ്ട തെക്കി ബസാർ ഫ്‌ളൈ ഓവർ ടെൻഡർ നടപടിയിലേക്ക് കടക്കാൻ സർക്കാരിന്റെ നിർദേശം.കണ്ണൂരിന്റെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമെന്ന നിലയിൽ ആവിഷ്കരിച്ച കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് (11 റോഡുകൾ),തെക്കിബസാർ ഫ്ളൈ ഓവർ എന്നിവയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസുകളിൽ ഉടൻ തീർപ്പ് കല്പിക്കുന്നതിനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്റ്റാൻഡിംഗ് കൗൺസിലർമാർ,​ ഗവ.പ്ലീഡർമാർ എന്നിവർക്ക് നൽകാനും ഉദ്യോഗസ്ഥൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ 77 ശതമാനം സ്ഥലമാണ് ഫ്ളൈ ഓവറിനായി ഏറ്റെടുത്തിരിക്കുന്നത്.കഴിഞ്ഞ ഡിസംബർ 30നാണ് അധികഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയത്. സ്ഥലം വിട്ടുനൽകുന്നവർക്കുള്ള പുനരധിവാസ പാക്കേജ് കഴിഞ്ഞ ഏഴിന് ജില്ലാഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ കേരള ആണ് പദ്ധതി നടപ്പിലാക്കുന്നത്. കെ.എസ്.ഇ.ബി , കെ.ഡബ്ല്യു.എ തുടങ്ങിയ വകുപ്പുകളുടെ പൈപ്പുകളും കേബിളുകളും മാറ്റുന്നതിനുള്ള എസ്റ്റിമേറ്റുകൾ തയ്യാറാക്കി കഴിഞ്ഞു.പദ്ധതി പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള ക്വട്ടേഷനുകളും ക്ഷണിച്ചുകഴിഞ്ഞു.

യോഗം വിളിച്ചുചേർത്ത് മന്ത്രി

ഫ്ളൈ ഓവറുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസുകളുടെ പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ,സ്റ്റാൻഡിംഗ് കൗൺസിലുമാർ ,ഗവ.പ്ലീഡർമാർ ,ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്നു. ഇരുപ്രവൃത്തികളുടെ മേലിലും ഹൈക്കോടതിയിലുള്ള കേസുകളുടെ അവലോകനമാണ് യോഗത്തിൽ നടന്നത്.

സിറ്റി റോഡ് ഇപ്ലൂവ് പദ്ധതിയിൽ മൂന്ന് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചുകഴിഞ്ഞു. ബാക്കി റോഡുകളുടെ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കുവാനും യോഗം തീരുമാനിച്ചു .സ്‌പെഷ്യൽ ഗവ.പ്ലിഡർ അഡ്വ.സുധാദേവി ,സീനിയർ ഗവ.പ്ലീഡർ അഡ്വ.കെ.വി.മനോജ് കുമാർ , ഗവ.പ്ലീഡർ അഡ്വ.ഇ.സി ബിനീഷ് , ആഡ്വ.രശ്മിത രാമചന്ദ്രൻ ,ആർ.ബി.ഡി.സി.കെ ,കെ.ആർ.എഫ്.ബി ,റവന്യു ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.

ഫ്ളൈ ഓവറിനെതിരെ 20 ഹരജികൾ തെക്കി ബസാർ ഫ്ളൈ ഓവറിന് എതിരായി ഇരുപതിൽപ്പരം ഹരജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സാമൂഹികാഘാത പഠനത്തിലും പ്രാഥമിക വിജ്ഞാപനത്തിലും ഉൾപ്പെടാതിരുന്നിട്ടും സ്ഥലം വിട്ടുകൊടുക്കാൻ നോട്ടീസ് ലഭിച്ച തെക്കി ബസാറിലെ മാർത്തോമ ചർച്ച് വരെ ഇതിൽപെടും തിരക്കേറിയ താണ, തളാപ്പ് ഭാഗങ്ങളെ സ്പർശിക്കാത്ത തെക്കി ബസാർ ഫ്‌ളൈ ഓവർ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകില്ലെന്ന് കാണിച്ച് കണ്ണൂർ കോർപറേഷനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. അശാസ്ത്രീയവും കൂടുതൽ ഗതാഗത കുരുക്കുണ്ടാക്കുന്നതുമാണെന്ന ആക്ഷേപവുമായി ഒരു വിഭാഗം വ്യാപാരികളും എതിർപ്പുമായി മുന്നിലുണ്ട്.മക്കാനി മുതൽ ചേംബർ ഹാൾ വരെ മൂന്ന് വളവുകളോട് കൂടിയുള്ള 900 മീറ്റർ ഫ്ളൈ ഓവർ കീഴെയുള്ള പോക്കറ്റ് റോഡുകളിൽ ഗതാഗത കുരുക്കിനിടയാക്കുമെന്നാണഅ ഇവരുടെ ആക്ഷേപം.