ആറളം ശലഭസങ്കേതത്തിൽ ചിത്രശലഭ സർവ്വേയ്ക്ക് തുടക്കം

Saturday 17 January 2026 10:26 PM IST

ഇരിട്ടി:ആറളം വൈൽഡ് ലൈഫ് ഡിവിഷന്റെ കീഴിൽ വരുന്ന ആറളം ശലഭ സങ്കേതത്തിൽ രണ്ടു ദിവസത്തെ ചിത്രശലഭങ്ങളുടെ സർവ്വേ ആരംഭിച്ചു. 2000 മുതൽ തുടർച്ചയായി ഇവിടെ ചിത്രശലഭ സർവേ നടന്നുവരുന്നുണ്ട്. ഇതിന് ശേഷമുള്ള 26 മത് സർവ്വേയാണിത്.

വനം വകുപ്പ് നടത്തിവരുന്ന സർവ്വേയിൽ മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി കൂടി പങ്കാളികളാണ്. ആറളം വൈൽഡ് ലൈഫ് വാർഡൻ വി.രതീശൻ നേതൃത്വത്തിൽ നടത്തിവരുന്ന രണ്ടുദിവസത്തെ സർവേയിൽ ഡോ.ജാഫർ പാലോട്ട്,വി.സി ബാലകൃഷ്ണൻ,വി.കെ.ചന്ദ്രശേഖരൻ തുടങ്ങിയ ചിത്രശലഭ വിദഗ്ധർ, കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ആറളം വൈൽഡ് ലൈഫ് റേഞ്ചിലെ ജീവനക്കാർ ഉൾപ്പെടെ എൺപതോളം പേർ പങ്കെടുക്കുന്നുണ്ട് .ആറളം ശലഭ സങ്കേതം കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിലായി പത്ത് സ്ഥലങ്ങളിലാണ് സംഘം നിരീക്ഷണം നടത്തുന്നത്. ആറളം ശലഭസങ്കേതമായി പ്രഖ്യാപിച്ചതിനുശേഷം ഉള്ള ആദ്യത്തെ സർവേയാണിതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.