എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം

Saturday 17 January 2026 10:29 PM IST

രോഗം സ്ഥിരീകരിച്ചത് കാക്കയിൽവളർത്തുപക്ഷികളിൽ സ്ഥിരീകരിച്ചില്ല

ഇരിട്ടി: നഗരസഭ പരിധിയിലെ എടക്കാനത്ത് പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചു.കാക്കയിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് കണ്ണൂർ റീജ്യനൽ ഡയഗ്‌നോസ്റ്റിക് ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് നൽകിയത്. വളർത്തുപക്ഷികളിൽ നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടില്ല. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ കളക്ടർ അരുൺ കെ.വിജയൻ ജാഗ്രതാ നിർദേശം നൽകി.

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും വൈറസ് വ്യാപനം നിയന്ത്രിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്കും കളക്ടർ നിർദേശം നൽകി.രോഗം സ്ഥിരീകരിച്ചത് കാക്കയിൽ ആയതിനാൽ രോഗത്തിന്റെ പ്രഭവ കേന്ദ്രം കണ്ടെത്താനായിട്ടില്ല. നിലവിൽ ഇവിടെ പക്ഷികളെ കൊന്നൊടുക്കേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ നൽകുന്ന വിവരം. ഏതെങ്കിലും പ്രത്യേക മേഖലയെ നിരീക്ഷിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടില്ല.

ചത്ത പക്ഷിയുടെ ശരീരം നിർദ്ദിഷ്ട ആഴത്തിൽ കുഴിയെടുത്ത് കാൽസ്യം കാർബണേറ്റ് ഇട്ട് സംസ്കരിക്കാൻ നഗരസഭ പൊതുജനാരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കൈയുറ, മാസ്‌ക്, പി.പി.ഇ കിറ്റ് എന്നിവ ധരിച്ചായിരിക്കണം പക്ഷിയെ മറവുചെയ്യേണ്ടതെന്നും നിർദ്ദേശമുണ്ട്. പ്രദേശത്ത് അജ്ഞാതമായ പനി, ശ്വാസകോശ അണുബാധ എന്നിവ റിപ്പോർട്ട് ചെയ്യുന്നത് നിരീക്ഷിക്കാനും ആരോഗ്യ വകുപ്പിന് നിർദേശം ലഭിച്ചിട്ടുണ്ട്.