വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ട്രാക്കിൽ; സ്വാശ്രയ ഇന്ത്യയിലേക്കുള്ള മുന്നേറ്റമെന്ന് മോദി

Sunday 18 January 2026 3:14 AM IST

ന്യൂഡൽഹി: സ്വാശ്രയ ഇന്ത്യ"യിലേക്കുള്ള മുന്നേറ്റമാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വന്ദേഭാരത് 'മെയ്ഡ് ഇൻ ഇന്ത്യയാണ്". ആധുനികവത്കരണത്തിന്റെ സുപ്രധാനഘട്ടത്തിലൂടെയാണ് റെയിൽവേ കടന്നുപോകുന്നതെന്നും മോദി പറഞ്ഞു. ആദ്യ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ചശേഷം ബംഗാളിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാൾഡ റെയിൽവേ സ്റ്രേഷനിലായിരുന്നു ഫ്ലാഗ് ഓഫ്. ഹൗറയിൽ നിന്ന് ഗുവാഹത്തിയിലെ കാമ്യാഖ്യയിലേക്കും തിരിച്ചുമാണ് സ‌ർവീസ്. ഈ റൂട്ടിൽ രണ്ടര മണിക്കൂറിലേറെ ലാഭിക്കാനാകും. സ്ലീപ്പർ ട്രെയിനിൽ യാത്ര ചെയ്ത മോദി കുട്ടികളോടും ജീവനക്കാ‌രോടും സംസാരിച്ചു. ബംഗാളിനുള്ള സമ്മാനമാണിതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നാല് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളും രണ്ട് എക്‌സ്‌പ്രസ് ട്രെയിനുകളും രാജ്യത്തിന് സമർപ്പിച്ചു. ബംഗാളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും 3250 കോടിയുടെ റെയിൽ - റോഡ് വികസനപദ്ധതികൾക്കും മോദി തുടക്കം കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അസാമിലും മോദിയെത്തി.

 ദീർഘദൂര യാത്രക്കാർക്കായി സ്ലീപ്പർ കോച്ചുകൾ മാത്രമുള്ള (ഫുൾ സ്ലീപ്പർ ) ആദ്യ സെമി ഹൈസ്‌പീഡ് ട്രെയിൻ

 കൺഫേംഡ് ടിക്കറ്റ് നിർബന്ധം

 16 കോച്ചുകൾ. 11 തേഡ് എ.സി, 4 സെക്കന്റ് എ.സി, ഒരു ഫസ്റ്റ് എ.സി കോച്ച്

 823 ബെർത്തുകൾ

മണിക്കൂറിൽ പരമാവധി 180 കിലോമീറ്റർ വരെ വേഗത

ഓസ്റ്റനിറ്റിക് സ്റ്റെയിൻലെസ് സ്റ്രീൽ ബോഡി

ആധുനിക രീതിയിലുള്ള പാൻട്രി

അംഗപരിമിതർക്ക് പ്രത്യേക ബെർത്ത്,​ ടോയ്‌ലെറ്റ്

ഓട്ടോമാറ്റിക് ഡോറുകൾ

 കവച് സുരക്ഷ, സി.സി.ടി.വി

 ഫസ്റ്റ് എ.സിയിൽ കുളിക്കാൻ ചൂടുവെള്ളം

ലഗേജ് റൂം, ഡിസ്‌പ്ലേ ബോർഡ്

കോച്ചുകളിൽ ഇംപ്രൂവ്ഡ് ഓക്‌സിജൻ ലെവൽ

വൈറസ് പ്രതിരോധ സംവിധാനം

രാജ്യം മുന്നിൽ

യു.എസ്, യൂറോപ്പ് എന്നിവയേക്കാൾ അധികം റെയിൽ കോച്ചുകൾ ഇന്ത്യ നി‌ർമ്മിക്കുന്നുവെന്ന് മോദി പറഞ്ഞു. ധാരാളം രാജ്യങ്ങളിലേക്ക് പാസഞ്ചർ - മെട്രോ ട്രെയിൻ കോച്ചുകൾ കയറ്റി അയയ്ക്കുന്നു. റെയിൽവേയുടെ നിർമ്മാണശേഷി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. വിദേശരാജ്യങ്ങളിലെ ട്രെയിൻ സംവിധാനങ്ങൾ കണ്ട് അതെപ്പോഴെങ്കിലും ഇവിടെയുണ്ടാകുമോയെന്ന് നമ്മൾ ചിന്തിച്ചിരുന്നു. എന്നാലിന്ന് അത് യാഥാർത്ഥ്യമായി. ഇന്ന് വിദേശികൾ ഇന്ത്യൻ ട്രെയിനുകളുടെ വീ‌ഡിയോയെടുത്ത് ഇവിടുത്തെ മാറ്റങ്ങളെക്കുറിച്ച് ലോകത്തോട് പറയുന്നു.

മമതയ്‌ക്ക് കുറ്റപ്പെടുത്തൽ

തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടായിസം അവസാനിപ്പിക്കും. നുഴഞ്ഞുക്കയറ്റത്തിനെതിരെ കടുത്ത നടപടിയുണ്ടാകും. പെൺമക്കൾ മമതാ സർക്കാരിന്റെ ഭരണത്തിൽ സുരക്ഷിതരല്ല. വന്ദേമാതരത്തിന്റെ പരിപാവനത വീണ്ടെടുക്കും. ബംഗാളിനെ വികസനപാതയിലേക്ക് നയിക്കും. മമത കേന്ദ്രപദ്ധതികൾ ജനങ്ങളിലെത്തുന്നത് തടയുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

നാല് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾ

1.ന്യൂ ജൽപയ്ഗുരി-നാഗർകോവിൽ

2.ന്യൂ ജൽപയ്ഗുരി-തിരുച്ചിറപ്പള്ളി

3.അലിപുർദുവാർ - ബെംഗളൂരു

4.അലിപുർദുവാർ-പൻവേൽ

രണ്ട് എക്‌സ്‌പ്രസ് ട്രെയിനുകൾ

1.രാധികാപൂർ-ബെംഗളൂരു

2.ബാലൂർഘട്ട്-ബെംഗളൂരു

സാമുദായിക വിഷം പട‌ർത്തുന്നു

മോദിയുടെ രാഷ്ട്രീയം സാമുദായിക വിഷം പട‌ർത്തുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു. ധ്രുവീകരണം,​ വിദ്വേഷപ്രസംഗം എന്നിവയിലൂന്നിയാണ് മോദിയുടെ രാഷ്ട്രീയ പ്രവർത്തനം. കലാപത്തിനായി നിലക്കൊള്ളുന്നയാൾ ബംഗാളികൾക്ക് ഐക്യത്തെ കുറിച്ച് ക്ലാസെടുക്കുന്നു. എന്തു ധാർമ്മിക അധികാരമാണ് അദ്ദേഹത്തിനുള്ളതെന്ന് തൃണമൂൽ കോൺഗ്രസ് ചോദിച്ചു.