ചെറുതോണി ബസ് സ്റ്റാൻഡ് അടുത്ത മാസം തുറക്കും
ചെറതോണി: പുതുതായി നിർമ്മിച്ച ചെറുതോണി ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് അടുത്ത മാസം തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ബസ് സ്റ്റാൻഡ് കെട്ടിടവും കാത്തിരിപ്പ് സൗകര്യങ്ങളും ടോയ്‌ലെറ്റ് സംവിധാനങ്ങളും ഇതിനോടകം പൂർത്തിയായി.സ്റ്റാൻഡിനൊപ്പം ജില്ലാ പഞ്ചായത്ത് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് ടെണ്ടർ ചെയ്ത് നൽകിയിരുന്നു. എന്നാൽ ബസ് സ്റ്റാൻഡിലേക്കുള്ള വഴിയും പുറത്തേക്കുള്ള വഴിയും രണ്ട് ഭാഗത്തായിരിക്കണമെന്ന് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചതോടെ അടിയന്തരമായി ഒരു വഴികൂടി നിർമ്മിക്കേണ്ട സാഹചര്യം ഉണ്ടായതിനാലാണ് ഉദ്ഘാടനം വൈകിയത്. പിന്നീട് എം.എൽ.എ ഫണ്ട് വിനിയോഗിച്ച് ഒരു കലുങ്ക് കൂടി നിർമ്മിക്കുകയും ബസ് സ്റ്റാൻഡിന്റെ പിൻഭാഗം മുതൽ റോഡിൽ നിന്നുള്ള പ്രവേശന കവാടം വരെ ഇറിഗേഷൻ വകുപ്പ് മുഖേന സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും പൂർത്തിയാക്കി. ഇതോടൊപ്പം കെട്ടിടത്തിന്റെ മുൻഭാഗത്ത് എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് നടത്തി ബസ്‌വേയും പാർക്കിംഗ് എരിയയും സജ്ജമാക്കി. നിർദിഷ്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറത്തേക്കുള്ള റോഡിൽ കലിങ്കിനോട് ചേർന്നുള്ള ഭാഗം കഴിഞ്ഞ മഴക്കാലത്ത് ഇടിഞ്ഞുപോയതിനാൽ ഇവിടെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് താമസം നേരിട്ടിരുന്നു. മഴ മാറിയതോടെ ഈ ഭാഗം ദ്രുതഗതിയിൽ നിർമ്മാണം പൂർത്തിയായി വരികയാണ്. പുതിയ ബസ് സ്റ്റാൻഡിനോട് ചേർന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോ കൂടി ആരംഭിക്കുന്നതിന് നടപടികൾ ഇതിനോടകം പൂർത്തിയായി വരികയാണ്. പൊലീസ് സ്റ്റേഷനും ബസ് സ്റ്റാൻഡിനും ഇടയിലുള്ള ഭാഗത്തായി ഫോർവേ ഗ്യാരേജ് നിർമ്മിക്കുന്നതിനായി 42 സെന്റ് സ്ഥലം കെ.എസ്.ആർ.ടി.സി ഏറ്റെടുത്തിട്ടുണ്ട്. ടൗൺ ഹാളിന് സമീപവും വാഴത്തോപ്പ് പഞ്ചായത്തിന്റെ മാർക്കറ്റിന്റെ സമീപത്തുമായി ആകെ രണ്ട് ഏക്കർ സ്ഥലമാണ് കെ.എസ്.ആർ.ടി.സിക്ക് അനുവദിച്ചത്. ഗ്യാരേജ് നിർമ്മാണത്തിനായി രണ്ട് കോടി രൂപ അനുവദിക്കുകയും പൊതുമരാമത്ത് വകുപ്പ് മുഖേന ടെണ്ടർ ചെയ്തിട്ടുള്ളതുമാണ്.
നിർമ്മാണം പൂർത്തിയായ ബസ് സ്റ്റാൻഡിൽ നിന്ന് രണ്ട് പാതകൾ ക്രമീകരിക്കാൻ നേരിട്ട കാലതാമസം കാലാവസ്ഥ അനുകൂലമായതോടെ പരിഹരിക്കാൻ കഴിഞ്ഞു.
സംരക്ഷണഭിത്തി പൂർത്തിയാകുന്നു
3.4 കോടി രൂപ ചെലവിൽ ബസ് സ്റ്റാൻഡിലേക്കുള്ള പ്രവേശന കവാടം മുതൽ നിർദിഷ്ട കെ.എസ്.ആർ.ടി.സി ഗ്യാരേജിന് പിൻഭാഗത്തു കൂടി കടന്നുപോയി പൊലീസ് സ്റ്റേഷന് മുൻഭാഗം വരെയുള്ള ഭാഗമാണ് സംരക്ഷണ ഭിത്തികളാണ് നിർമ്മാണം പൂർത്തിയായിവരുന്നത്. ഇതുകൂടി പൂർത്തിയാക്കുന്നതോടെ ബസ് സ്റ്റാൻഡ് ജനങ്ങൾക്കായി തുറന്നു കൊടുക്കും.