പത്തനാപുരത്ത് ഹാഷിഷ് ഓയിലുമായി കാപ്പ പ്രതി പിടിയിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു

Sunday 18 January 2026 12:22 AM IST

പത്തനാപുരം: റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 208.52 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. പത്തനംതിട്ട ഏനാദിമംഗലം കുന്നിട സ്വദേശി ഉമേഷ് കൃഷ്ണയെ (38) ആണ് എക്സൈസ് ഇൻസ്പെക്ടർ ഷിജിനിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതി കാപ്പ നിയമപ്രകാരം മുൻപ് നടപടി നേരിട്ടിട്ടുള്ളയാളാണെന്ന് എക്സൈസ് അറിയിച്ചു.

കേസിലെ രണ്ടാം പ്രതിയായ അടൂർ ഏഴംകുളം സ്വദേശി വിനീത് ഓടി രക്ഷപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് പത്തനാപുരം - തേവലക്കര ഭാഗത്തുവെച്ചാണ് ഇവരെ പിടികൂടിയത്. എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കും. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർക്കൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സുനിൽ കുമാർ, വൈ.അനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപൻ മുരളി, വിനീഷ്, കിരൺ എന്നിവരും പങ്കെടുത്തു.