പുലിയോ കുതിരയോ? എന്താണ് ശബരിമലയിലെ വാജി വാഹനം

Sunday 18 January 2026 12:00 AM IST

കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒന്നാണ് ശബരിമലയിലെ വാജി വാഹനം. എന്താണ് അയ്യപ്പന്റെ വാജി വാഹനമെന്ന് അറിയാമോ? അയ്യപ്പന്റെ വാഹനം എന്ന സങ്കല്പത്തിലുള്ള കുതിരയുടെ രൂപമാണ് വാജി വാഹനം. ദേവ - ദേവിക്ഷേത്രങ്ങളിലെ കൊടിമരത്തിൽ അതാതു ദേവതമാരുടെ വാഹനം പ്രതിഷ്ഠിക്കാറുണ്ട്. ശബരിമലയിൽ അയ്യപ്പന്റെ വാഹനമായി കുതിരയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അയ്യപ്പൻ പുലിയുടെ പുറത്ത് വരുന്നത് കണ്ട് പലരും അയ്യപ്പന്റെ വാഹനം പുലിയാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. പക്ഷേ അയ്യപ്പന്റെ പ്രധാന വാഹനം കടുവയും പുലിയുമല്ല, അത് കുതിരയാണ്.

അയ്യപ്പനെ സ്തുതിക്കുന്ന 'ഹരിവരാസനം' ഗാനത്തിൽ 'കളഭ കേസരി വാജി വാഹനം' എന്നാണ് വർണിക്കുന്നത്. ഇതിന്റെ അർത്ഥം കളഭം അണിഞ്ഞ മനോഹരശരീരമുള്ളവനും ആന, സിംഹം, കുതിര എന്നിവരെ വാഹനമാക്കിയവനുമായ അയ്യപ്പനെയാണ് ഈ വരികൾ വിവരിക്കുന്നത് ( കളഭം എന്നാൽ ആന, കേസരി എന്നാൽ സിംഹം,​ വാജി എന്നാൽ കുതിര). അതായത് അയ്യപ്പൻ ആനയെയും സിംഹത്തെയും കുതിരയെയും എല്ലാം വാഹനമാക്കിയവനാണെന്ന് പറയപ്പെടുന്നു. 64 ശരണങ്ങളിൽ അയ്യപ്പനെ പുലിവാഹനനായും വാഴ്ത്തുന്നു. ശാസ്താവിന്റെ വിവിധ ഭാവങ്ങളിൽ ഇത്യാദികളേ ഒക്കെ വാഹനമായി അദ്ദേഹം സ്വീകരിക്കുന്നു.

ശബരിമലയിലെ വാജി വാഹനം

ശബരിമലയിലെ കൊടിമരത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന വാജി വാഹനമായ കുതിരയുടെ ഭാരം 11 കിലോഗ്രാമാണ്. കുതിര അതിന് താഴേയുള്ള പീഠം,അതിന് താഴെയുള്ള അഷ്ടദിക്‌പാലകർ ഇതെല്ലാം ചേർന്നതാണ് കൊടിമരത്തിൽ പിടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ആകെ ഭാരമാണ് 11 കിലോഗ്രാം. ഇത് ഏകദേശം 75 വർഷത്തോളം പഴക്കമുള്ളതാണ്. ആദ്യം പഞ്ചലോഹത്തിൽ നിർമ്മിച്ച ഈ വാജിവാഹനത്തിൽ പിന്നീട് സ്വർണം പൂശിയിരുന്നു. ഉത്സവം നടക്കുന്ന നാൾ മുതൽ ആറാട്ട് വരെയുള്ള ദിവസങ്ങളിൽ അയ്യപ്പൻ ഈ വാജിവാഹനത്തിന് പുറത്താണ് സഞ്ചരിക്കുന്നത് എന്നാണ് സങ്കൽപം.