യു.ഡി.എഫ് വന്നാൽ ഭരിക്കുക ജമാഅത്തെ ഇസ്ലാമി : രാജീവ് ചന്ദ്രശേഖർ
(ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി സംഭാഷണം)
തദ്ദേശത്തിൽ തലസ്ഥാനം പിടിച്ചു രാജീവ് ചന്ദ്രശേഖർ നടത്തിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ രാഷ്ട്രീയ കേരളം ഏറെ ഉദ്വേഗത്തോടെയാണ് വീക്ഷിക്കുന്നത്. ' കേരളത്തിലെ ശരിയായ പ്രതിപക്ഷം ഇപ്പോൾ എൻ.ഡി.എ ആണ്. അടുത്ത സർക്കാർ ആരാകുമെന്നത് എൻ.ഡി.എ തീരുമാനിക്കും. ഉറച്ച വാക്കുകൾ, ഉറച്ച പ്രതീക്ഷ, . ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കേരള കൗമുദിയോട് സംസാരിക്കുന്നു.
? കേരളം ഇത്തവണ യു.ഡി.എഫ് ഭരിക്കില്ലേ...?
യു.ഡി.എഫിനെ ജനം തിരഞ്ഞെടുത്താൽ ഭരിക്കുക ജമാ-അത്തെ ഇസ്ലാമിയും വർഗീയ കക്ഷികളുമാവും. അതിന് തടയിടുകയാണ് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ലക്ഷ്യമിടുന്നത്.
?ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്ന വിവാദത്തിന് തുടക്കമിട്ടത് എ.കെ.ബാലനാണ്. സിപി.എമ്മിന്റെ അതേ അഭിപ്രായമാണോ ബി.ജെ.പിക്കും...?
സി.പി.എമ്മിന്റെ അഭിപ്രായമല്ല ബി.ജെ.പിയുടേത്. ബി.ജെ.പി എക്കാലവും ഇത്തരം വർഗീയ സംഘടനകളോട് പൊരുതി വളർന്ന പാർട്ടിയാണ്. പിന്നെ സി.പി.എമ്മിന്റെ കാര്യം. കേരളത്തിൽ ജമാഅത്തെ ഇസ്ലാമിയെ എറ്റവും നന്നായി അറിയാവുന്ന പാർട്ടി സി.പി.എമ്മാണ്. അവരാണല്ലോ അവരെ കൊണ്ടുനടന്നത്. കിട്ടേണ്ടത് കിട്ടിയപ്പോൾ മാറി. ഇപ്പോൾ തള്ളിപ്പറയുന്നതിന്റെ രാഷ്ട്രീയം വേറെയാണ്. പക്ഷെ, സി.പി.എം ജമാഅത്തെ ചട്ടക്കൂടിൽ നിന്ന് രക്ഷപ്പെട്ടു. അത് കോൺഗ്രസിനാവില്ല. ഇത്തരം വർഗീയ കക്ഷികളെ കൂട്ടുപിടിച്ച് അധികാരമേറ്റെടുത്താൽ അവരുടെ ചൊൽപ്പടിക്ക് കോൺഗ്രസും യു.ഡി.എഫും നിൽക്കേണ്ടിവരും. അത് കേരളത്തിന് ആപത്താണ്. അതിനെ ചെറുക്കുകയാണ് എൻ.ഡി.എ ലക്ഷ്യമിടുന്നത്.
? കേരളത്തിൽ എൻ.ഡി.എ ആരുമായിട്ടാണ് മത്സരിക്കുന്നത്...?
എൽ.ഡി.എഫും യു.ഡി.എഫും അടങ്ങുന്ന കുറുവാ സഖ്യത്തോട്. ഇവർ രണ്ടും ഒന്നല്ലേ. കേരളത്തിൽ മാത്രമല്ലേ ഈ പോര്. ബാക്കിയെല്ലായിടത്തും ഒരുമിച്ചല്ലേ. ഇവിടെ രണ്ടാണെങ്കിലും അഴിമതിയിലും വർഗീയത വളർത്തുന്നതിലും കെടുകാര്യസ്ഥതയിലും സ്വജനപക്ഷപാതത്തിലും ഒന്നല്ലേ. പിന്നെ കോൺഗ്രസിന്റെ കാര്യം. അവർ വർഷങ്ങളോളം ഭരിച്ച സംസ്ഥാനങ്ങൾ, ഇപ്പോൾ ഭരിക്കുന്ന കർണാടകയിലടക്കം എന്താണ് അവസ്ഥ. . ഇവരെ വീണ്ടും കേരളത്തിൽ അധികാരമേൽപ്പിച്ചാൽ എന്താവും അവസ്ഥ. ഇവിടുത്തെ ജനം മണ്ടന്മാരല്ല.. അവരിതെല്ലാം കാണുന്നുണ്ട്.
? എൻ.ഡി.എ ഇത്തവണ കേരളത്തിൽ എന്താണ് ലക്ഷ്യമിടുന്നത്...?
കേരളത്തിൽ ഇത്തവണ വരുന്ന സർക്കാരിൽ എൻ.ഡി.എ നിർണായക ശക്തിയാവും. ആര് ഭരിക്കണമെന്ന് എൻ.ഡി.എ തീരുമാനിക്കും. ഇത് വെറും വാക്കല്ല. തൃശ്ശൂരിലും തിരുവനന്തപുരത്തുമൊക്കെ അത് കാണിച്ചുകൊടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റ മുണ്ടാവും. കേരളം ആഗ്രഹിക്കുന്ന മുന്നേറ്റം.
? എന്താണ് മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം...?
വികസിതകേരളം, അഴിമതി രഹിത കേരളം, സുരക്ഷിത കേരളം. വികസനത്തിൽ മോദിസർക്കാരിന്റെ മാതൃക കേരളവും കാണുന്നുണ്ടല്ലോ. പിന്നെ അഴിമതി ഇത്രയും കാലത്തിനിടെ രാജ്യം ഭരിക്കുന്ന പാർട്ടിക്കെതിരെ എന്തെങ്കിലും അഴിമതി ആരോപണമുണ്ടായോ?. കോൺഗ്രസിന്റെ കാലവുമായി ഇത് ജനം താരതമ്യം ചെയ്യില്ലേ..? പിന്നെ സുരക്ഷിത കേരളം. കേരളം അപകടകരമായ വർഗീയതയിലേക്കാണ് നീങ്ങുന്നത്. ജമാഅത്തെ ഇസ്ലാമിയെ ഒക്കെ കൂട്ടുപിടിച്ച് യു.ഡി.എഫ് ഭരണം പിടിച്ചാൽ എന്താവും കേരളത്തിന്റെ അവസ്ഥയെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അതുകൊണ്ടാണ് സുരക്ഷിത കേരളമെന്ന മുദ്രാവാക്യവും മുന്നോട്ട് വെച്ചത്.
?പലപ്പോഴും എൻ.ഡി.എ സ്ഥാനാർത്ഥി നിർണയത്തിൽ പിന്നോക്കക്കാരുടേയും വനിതകളുടേയും പ്രാതിനിധ്യം കുറയുന്നുണ്ട്...?
ഒരിക്കലുമില്ല. എല്ലാവർക്കും തുല്യപരിഗണന ഇത്തവണയുണ്ടാകും. വനിതകളും ഉണ്ടാകും. ഫെബ്രുവരി ആദ്യവാരത്തോടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമാവും.
?രാജീവ് ചന്ദ്രശേഖർ വന്നതോടെ മുൻനിര നേതാക്കളൊക്കെ അപ്രസക്തരായോ..?
ഒരിക്കലുമില്ല. ഒരു രാജീവ് ചന്ദ്രശേഖരനുമല്ല പാർട്ടിയെ നയിക്കുന്നത്. എല്ലാവരും ഒറ്റക്കെട്ടാണ്. കഴിഞ്ഞകാലങ്ങളിൽ നിങ്ങൾ കേട്ട ഒരു ഗ്രൂപ്പുമില്ല ഇപ്പോൾ ബി.ജെ.പിയിൽ. എല്ലാവരുടേയും ലക്ഷ്യം ഒന്നാണ്. നിയമസഭ പിടിക്കുക.
സംസ്ഥാന അദ്ധ്യക്ഷൻ മത്സരിക്കുന്നുണ്ടോ..? എവിടെ..?
മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരിക്കുകയാണെങ്കിൽ അത് നേമത്തായിരിക്കും. അത് ദേശീയ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്.