സച്ചുവിന് തുണയായി സർക്കാരും മന്ത്രിയും
സംസ്ഥാന സ്‌കൂൾ കലോത്സവം കാര്യമായ പരാതികളും പരിഭവങ്ങളുമില്ലാതെ തൃശൂരിൽ ഇന്ന് സമാപിക്കുകയാണ്. കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള സ്‌കൂളുകളിൽ നിന്നുള്ള കൗമാര പ്രതിഭകളുടെ വൈവിദ്ധ്യമാർന്ന കലാവിരുന്ന് ആസ്വദിക്കാൻ പൂരത്തിനെന്ന പോലെ വലിയ ജനക്കൂട്ടം ഒഴുകിയെത്തുന്നു. വേദിയിൽ മറ്റെല്ലാം മറന്ന് കുട്ടികൾ മത്സരത്തിൽ മുഴുകുന്നു. ആ സമയം കുടുംബത്തിലെ ഇല്ലായ്മകളും കഷ്ടപ്പാടുകളും അവർ മറക്കുന്നു. കഠിനാദ്ധ്വാനം ചെയ്തും കടം വാങ്ങിയും മക്കളുടെ ഭാവിജീവിതം ഭദ്രമായി കാണാൻ പാടുപെടുന്ന രക്ഷിതാക്കളുടെ അവസ്ഥയും വ്യത്യസ്തമല്ല. മത്സരങ്ങളിൽ പങ്കെടുക്കുന്ന പലർക്കും സ്വന്തമായി കിടപ്പാടമില്ല. ചിലർക്ക് രക്ഷിതാക്കളില്ല. കല തന്നെയാണ് ജീവിതമെന്ന സങ്കല്പത്തിൽ അവർ ഏകാഗ്രതയോടെ മത്സരങ്ങളിൽ പങ്കെടുക്കുന്നു. അക്കൂട്ടരുടെ നിശ്ചയദാർഢ്യത്തെ സമ്മതിക്കുക തന്നെ വേണം.
'സച്ചുവിന്റെ എ ഗ്രേഡിന് അമ്മയുടെ കണ്ണീർമണം" എന്ന തലക്കെട്ടിൽ ജനുവരി 16ന് കലോത്സവത്തിൽ എ ഗ്രേഡ് നേടിയ സച്ചു സതീഷ് എന്ന പ്ളസ് വൺ വിദ്യാർത്ഥിയുടെ ജീവിത നേർക്കാഴ്ച കൗമുദി സ്‌പെഷ്യലായി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങളുടെ ലേഖകൻ അരുൺ പ്രസന്നൻ തയ്യാറാക്കിയ ഈ വാർത്തയിൽ മകനുവേണ്ടി അഹോരാത്രം കഷ്ടപ്പെടുന്ന അമ്മ ബിന്ദുവിന്റെ ലക്ഷ്യബോധവും ഉണ്ടായിരുന്നു. കാസർകോട് കമ്പല്ലൂർ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയായ സച്ചു തുടർച്ചയായി നാലാം തവണയാണ് ആൺകുട്ടികളുടെ ഭരതനാട്യത്തിൽ എ ഗ്രേഡ് നേടുന്നത്. ആറുവർഷം മുമ്പ് ഹൃദയാഘാതത്തിൽ അച്ഛൻ പി.ആർ. സതീഷിനെ നഷ്ടമായി. അതോടെ സച്ചുവും അമ്മയും ജീവിതയാത്രയിൽ തനിച്ചായി. മുമ്പ് കലോത്സവങ്ങൾക്ക് അച്ഛനും അമ്മയ്ക്കുമൊപ്പമാണ് സച്ചു മത്സരങ്ങളിൽ പങ്കെടുക്കാൻ പോയതും എ ഗ്രേഡ് നേടിയതും. സച്ചുവിന്റെ കലയോടുള്ള അഭിനിവേശം ജീവിതം ഇരുട്ടിലായിട്ടും കുറഞ്ഞില്ല. ആശ്രയം നഷ്ടപ്പെട്ട ബിന്ദു, മകന്റെ ഭാവിയ്ക്കും കലാപരമായ ഉയർച്ചയ്ക്കും വേണ്ടി കൂലിപ്പണിക്കിറങ്ങി. കല്ലെടുത്തും ഇഷ്ടിക ചുമന്നും തൊഴിലുറപ്പിനു പോയും അവർ സച്ചുവിനെ വളർത്തി. സ്വന്തമായി ഒരു വീടില്ലാത്തതായിരുന്നു ബിന്ദുവിന്റെ ഏറ്റവും വലിയ ദുഃഖം. പങ്കാളി കൂടി നഷ്ടമായതോടെ മനസിന്റെ കോണിൽ അതൊരു സ്വപ്നമായി ശേഷിച്ചു. കലയിൽ ഉയർന്ന പടവുകൾ കയറാൻ കഷ്ടപ്പെടുന്ന മകനെ സഹായിക്കാൻ ആവും വിധമെല്ലാം ബിന്ദു പരിശ്രമിച്ചു. സബ് ജില്ലാ മത്സരത്തിന് 60,000 രൂപയും ജില്ലാ മത്സരത്തിന് 50,000 രൂപയും ലോണെടുത്താണ് ബിന്ദു സച്ചുവിനെ മത്സരങ്ങൾക്കു കൊണ്ടുപോയത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ സ്കൂളിൽ നിന്ന് 32,000 രൂപ നൽകി. ഇതിനു പുറമേ സന്മനസുള്ള നിരവധി പേരും ഇവരെ സഹായിച്ചു.
അച്ഛനെ നഷ്ടപ്പെട്ട ശേഷം ബിന്ദുവിന്റെ ചേച്ചി ലക്ഷ്‌മിയുടെയും ഭർത്താവിന്റെയും മക്കളുടെയും ഒപ്പം ഒരു കൊച്ചുവീട്ടിലാണ് താമസം. പട്ടികവർഗ മലവേട്ടുവ സമുദായത്തിൽപ്പെട്ട കുടുംബമാണ് ഇവരുടേത്. പഠിച്ച് ജോലി സമ്പാദിച്ച് അമ്മയ്ക്കൊരു വീടുണ്ടാക്കി കൊടുക്കണം എന്നതായിരുന്നു സച്ചുവിന്റെയും ഏറ്റവും വലിയ ആഗ്രഹം.
ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിലും കേരള നടനത്തിലും എ ഗ്രേഡ് നേടിയ സച്ചുവിന്റെ കഷ്ടപ്പാടുകൾ കേരളകൗമുദി വാർത്തയിലൂടെ ശ്രദ്ധയിൽപ്പെട്ട വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സച്ചുവിന് 15 ലക്ഷത്തിന്റെ വീട് നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ തൃക്കരിപ്പൂർ എം.എൽ.എ രാജഗോപാലനെ മന്ത്രി ചുമതലപ്പെടുത്തുകയും ചെയ്തു. തക്കസമയത്തുള്ള മന്ത്രിയുടെ ഈ ഇടപെടൽ സച്ചുവിന്റെ ഭാവിജീവിതത്തിനും കലയ്ക്കുമുള്ള ഉത്തമ പ്രോത്സാഹനം കൂടിയാണ്.