ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പ്രസക്തി

Sunday 18 January 2026 12:57 AM IST

(യോഗനാദം 2026 ജനുവരി 16 ലക്കം എഡിറ്റോറിയൽ)

സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകൾക്ക് കീഴിലെ ക്ഷേത്രങ്ങളിലും വിദ്യാലയങ്ങൾ ഉൾപ്പെടെ മറ്റ് സ്ഥാപനങ്ങളിലും അര നൂറ്റാണ്ടിലേറെ നടന്ന നിയമനങ്ങൾ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നായിരുന്നു. ബന്ധുത്വവും ജാതിയും പാർട്ടിയും സാമ്പത്തിക നേട്ടങ്ങളും സ്വാർത്ഥ താത്പര്യങ്ങളും മാത്രമായിരുന്നു ഈ നിയമനങ്ങളിലെ യോഗ്യത. അർഹരായ ആയിരക്കണക്കിന് യുവജനങ്ങൾ കണ്ണീരോടെ ഈ അനീതികൾ കണ്ടു നിൽക്കേണ്ടി വന്നു. പിന്നാക്ക, പട്ടികജാതി, വർഗ വിഭാഗക്കാർക്ക് ബാലികേറാ മലയായിരുന്നു ദേവസ്വം ക്ഷേത്രങ്ങളും സ്ഥാപനങ്ങളും. ജീവനക്കാരുടെ കണക്കെടുത്താൽ ഇപ്പോഴും സവർണരായ ജീവനക്കാരാണ് ദേവസ്വം ബോർഡുകളിലെ സിംഹഭാഗവും. പ്രത്യേകിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ.

സ്വയംഭരണ സ്ഥാപനങ്ങളാണെങ്കിലും സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളും അന്ന് ഭരിച്ചതും ഇപ്പോൾ ഭരിക്കുന്നതും അതത് കാലത്തെ സർക്കാരുകളെ നയിച്ച രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളാണ്. ഈ നിയമനക്കൊള്ള അവസാനിപ്പിക്കാനും സംവരണ തത്വങ്ങൾ നടപ്പിലാക്കാനും ഉമ്മൻചാണ്ടി സർക്കാരാണ് 2014ൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഓർഡിനനസ് കൊണ്ടുവന്നത്. 2015ൽ നിയമസഭ പാസാക്കിയതോടെ ഈ സംവിധാനം നിലവിൽ വന്നു. ബോർഡുവഴിയുള്ള നിയമനങ്ങൾ ആരംഭിച്ചത് പ്രഥമ പിണറായി സർക്കാരാണ്. അന്നുതുടങ്ങി ദേവസ്വം ബോർഡുകളിലെ പാരമ്പര്യാവകാശ തസ്തികകൾ അല്ലാത്ത ഒഴിവുകളിലേക്ക് വിജ്ഞാപനം ഇറക്കി പരീക്ഷയും അഭിമുഖവും നടത്തി സംവരണചട്ടങ്ങൾ പാലിച്ച് നിയമന ശുപാർശ നൽകി വന്നത് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡാണ്. യദുകൃഷ്ണൻ എന്ന പട്ടികജാതിക്കാരനായ യുവാവ് 2017ൽ തിരുവിതാംകൂർ ദേവസ്വം ബോർഡി​ന് കീഴി​ലെ തി​രുവല്ല വളഞ്ഞവട്ടം മണപ്പുറം ശി​വക്ഷേത്രത്തി​ലെ ശ്രീകോവി​ലി​ൽ പൂജാരി​യായി​ ജോലി​യി​ൽ പ്രവേശി​ച്ചത് വലി​യ ചരി​ത്രസംഭവമായി​ സംസ്ഥാന സർക്കാരും സമൂഹവും ആഘോഷി​ച്ചത് കേരളം മറന്നി​ട്ടി​ല്ല. ദേവസ്വം ബോർഡുകളുടെ ചരിത്രത്തിൽ സുതാര്യമായ നിയമനങ്ങൾ നടന്നത് കേരള പബ്ളിക് സർവ്വീസ് കമ്മിഷന് സമാനമായ രീതിയിൽ പ്രവർത്തിച്ച കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വരവോടെയാണെന്ന് പറയാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. ഇത്രയും സൂചിപ്പിക്കാൻ കാരണം ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡി​ന്റെ നി​ലനി​ൽപ്പി​നെ തന്നെ പ്രതി​സന്ധി​യി​ലാക്കുന്ന ഒരു വിധി കേരള ഹൈക്കോടതിയിൽ നിന്ന് ഉണ്ടായ സാഹചര്യമാണ്.

ഗുരുവായൂർ ദേവസ്വം എംപ്ളോയീസ് യൂണി​യൻ കോൺ​ഗ്രസും ഒരു ജീവനക്കാരനും നൽകി​യ കേസി​ൽ ജനുവരി​ 9ൽ ഉണ്ടായ വിധിയോടെ ഗുരുവായൂർ ദേവസ്വം ബോർഡ് കേരള റിക്രൂട്ട്മെന്റ് ബോർഡിന്റെ അധികാരപരിധിയിൽ നിന്ന് പുറത്തായി. റി​ക്രൂട്ട്മെന്റ് ബോർഡി​ന്റെ ​ആധാരശിലയായ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആക്ടിന്റെ വകുപ്പ് 9 ജസ്റ്റി​സ് സുശ്രുത് അരവി​ന്ദ് ധർമ്മാധി​കാരി​യും ജസ്റ്റി​സ് വി​എം.ശ്യാംകുമാറും ഉൾപ്പെട്ട ഡി​വി​ഷൻ ബെഞ്ച് ഭരണഘടനാവി​രുദ്ധമായി​ പ്രഖ്യാപി​ച്ചു. ഇനി​ ഗുരുവായൂർ ദേവസ്വം ആക്ട് 1978 പ്രകാരമാണ് അവി​ടെ നി​യമനം. 38 തസ്തി​കകളി​ലേക്ക് റി​ക്രൂട്ട്മെന്റ് ബോർഡ് വഴി​ പുരോഗമി​ച്ചി​രുന്ന ഗുരുവായൂർ ദേവസ്വത്തി​ലെ വി​വി​ധ നി​യമന നടപടി​ക്രമങ്ങളെല്ലാം തന്നെ റദ്ദാക്കി​. നടത്തി​യ നി​യമനങ്ങൾക്ക് വി​ധി​ ബാധകമല്ല. പുതി​യ നി​യമനങ്ങൾക്കായി​ പ്രത്യേക കമ്മി​റ്റി​യെയും ഹൈക്കോടതി​ നി​യോഗി​ച്ചു. നി​യമനം സുതാര്യമായി​ നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗുരുവായൂർ ദേവസ്വം ആക്ട് 1978 പ്രകാരം റി​ട്ട. ജസ്റ്റി​സ് പി​.എൻ. രവീന്ദ്രൻ തലവനും ഗുരുവായൂർ ദേവസ്വം അഡ്മി​നി​സ്ട്രേറ്ററും അഡ്വ.കെ. ആനന്ദ് അംഗവുമായി​ സമി​തി​യ്ക്കും രൂപം നൽകി​. റി​ട്ട. ജസ്റ്റി​സി​ന് മാസം ഒരു ലക്ഷം രൂപയും അഡ്വ.ആനന്ദി​ന് അരലക്ഷം രൂപയും പ്രതി​ഫലവും നി​ശ്ചയി​ച്ചു.

കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡി​ന്റെ ഉദ്ദേശലക്ഷ്യം ഈ വി​ധി​യോടെ അനി​ശ്ചി​തത്വത്തി​ലാണ്. നി​യമനി​ർമ്മാണത്തി​ലെ ന്യൂനതകളാകാം കാരണം. നി​യമത്തി​ന്റെ ലക്ഷ്യത്തെക്കാളും അതി​ന്റെ നി​യമസാധുതയാണ് ഹൈക്കോടതി​ വി​ലയി​രുത്തുക. നി​യമനി​ർമ്മാണത്തി​ൽ എന്തെങ്കി​ലും പി​ഴവുകളുണ്ടായെങ്കി​ൽ എത്രയും വേഗം അത് പരി​ഹരി​ക്കുക മാത്രമാണ് ഇനി​ പോംവഴി​. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പ്രാബല്യത്തിൽ വരാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കി​. പുതി​യ നി​യമനി​ർമ്മാണത്തി​നോ പരി​ഷ്കരണത്തി​നോ ഈ സർക്കാരി​ന് സമയം ലഭി​ക്കാൻ ഇടയി​ല്ല. അതി​നുള്ളി​ൽ ഒട്ടേറെ നി​യമനങ്ങൾ ഗുരുവായൂർ ദേവസ്വം നേരി​ട്ട് നടത്തേണ്ടി​ വരും. ഹൈക്കോടതി​ ഉത്തരവി​ൽ സംവരണ മാനദണ്ഡങ്ങളെക്കുറി​ച്ചും മറ്റും സൂചി​പ്പി​ക്കാത്തതുകൊണ്ട് സംവരണം നടപ്പാക്കപ്പെടുമോ എന്നതി​ൽ വ്യക്തതയുമി​ല്ല. ഉദ്യോഗാർത്ഥി​കളുടെ ആശങ്കകളേക്കാൾ ഉപരി​ ദേവസ്വം നി​യമനങ്ങളി​ലെ സുതാര്യത ഉറപ്പുവരുത്തുക സർക്കാരി​ന്റെ ഉത്തരവാദി​ത്വമാണ്.

1978ലെ ഗുരുവായൂർ ദേവസ്വം ആക്ടി​ന് അംഗീകാരം നൽകിയ​ത് രാഷ്ട്രപതി​യാണ്. രാഷ്ട്രപതി​ ഒപ്പുവച്ച നി​യമത്തി​നു മുകളി​ൽ സാധുത ലഭി​ക്കണമെങ്കി​ൽ ദേവസ്വം റി​ക്രൂട്ട്മെന്റ് ആക്ടി​നും രാഷ്ട്രപതിയുടെ അംഗീകാരം അനി​വാര്യമായി​രുന്നുവെന്ന് വി​ധി​യി​ൽ പറയുന്നു. ഈ വൈതരണി​യി​ൽ നി​ന്ന് കരകയറണമെങ്കി​ൽ കേരള ദേവസ്വം റി​ക്രൂട്ട്മെന്റ് ബോർഡും സംസ്ഥാന സർക്കാരും ഗുരുവായൂർ ദേവസ്വം ബോർഡും എത്രയും വേഗം സുപ്രീം കോടതി​യെ സമീപി​ക്കണം, ഹൈക്കോടതി​ വി​ധി​ക്ക് സ്റ്റേ വാങ്ങണം. അപ്പീൽ നൽകുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി​യി​ട്ടുണ്ടെങ്കി​ലും പതി​വ് നൂലാമാലകൾ ഇക്കാര്യത്തി​ൽ ഉണ്ടാകാതെ നോക്കണം. പി​ന്നാക്ക, പട്ടി​കജാതി​ വി​ഭാഗങ്ങൾ പതി​റ്റാണ്ടുകൾ അകറ്റി​നി​റുത്തപ്പെട്ട ദേവസ്വം സംവി​ധാനത്തി​ലും സമൂഹത്തി​ലും വി​ധി​യി​ൽ ആഹ്ളാദി​ക്കുന്നവർ ഉണ്ടാകും. എന്നാൽ ഈ വി​ധി​കൊണ്ട് സാമൂഹ്യനീതി​ നി​ഷേധി​ക്കപ്പെടാൻ അവസരം സൃഷ്ടി​ക്കരുത്. മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ തന്നെ ഇക്കാര്യത്തി​ൽ നേരി​ട്ട് ഇടപെടണം. സുപ്രീം കോടതി​യി​ൽ അപ്പീൽ നൽകാനും ഒപ്പം തന്നെ കേരള റി​ക്രൂട്ട്മെന്റ് ബോർഡ് ആക്ടി​ൽ ന്യൂനതകളുണ്ടെങ്കി​ൽ ആവശ്യമായ ഭേദഗതി​കൾ കൊണ്ടുവരാനും യുദ്ധകാലാടി​സ്ഥാനത്തി​ലുള്ള നീക്കങ്ങൾ ഉണ്ടാകണം.