വിദ്യാർത്ഥികളുടെ ഭാവി പന്താടാതിരിക്കാൻ...

Sunday 18 January 2026 12:59 AM IST

രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വൈസ് ചാൻസലർ ,​ രജിസ്ട്രാ‌ർ അടക്കം സുപ്രധാന പദവികളിൽ ഒഴിവുണ്ടായാൽ ഒരുമാസത്തിനകം നിയമനം ഉറപ്പാക്കണമെന്ന സുപ്രീംകോടതി നിർദ്ദേശം തികച്ചും സ്വാഗതാർഹമാണെന്നു മാത്രമല്ല വിദ്യാർത്ഥികളുടെ ഭാവി പന്താടുന്ന പ്രവണത ഇല്ലാതാക്കാനും സഹായകമാകും. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള പടലപ്പിണക്കം മൂലം നാഥനില്ലാക്കളരികളായി മാറുന്ന കാഴ്ച നിർഭാഗ്യകരമാണ്. കേരളത്തിൽത്തന്നെ പതിനൊന്നു വി.സിമാരുടെ കസേര ഒഴിഞ്ഞു കിടക്കുകയാണ്.

വിരമിക്കൽ തീയതി മുൻകൂറായി അറിയാവുന്ന സ്ഥിതിക്ക് റിക്രൂട്ട്മെന്റ് നടപടികളും നേരത്തെ ആരംഭിക്കണം.അങ്ങനെയെങ്കിൽ ഒരുമാസത്തിനകം തന്നെ ഒഴിവുകൾ നികത്താനാകും. ആദ്യപടിയായി,​ എല്ലാ പൊതു - സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വൈസ് ചാൻസലർ, രജിസ്ട്രാർ, ഫാക്കൽറ്റി, മറ്റ് സുപ്രധാന ഭരണപദവികൾ എന്നിവയിലെ ഒഴിവുകൾ നികത്താൻ കോടതി നാലു മാസം സമയം അനുവദിച്ചിട്ടുണ്ട് . അദ്ധ്യാപക -അദ്ധ്യാപകേതര ഒഴിവുകൾ ഈ സമയത്തിനുള്ളിൽ നികത്തണം. സംവരണ തസ്‌തികകളിലേക്കുള്ള റിക്രൂട്ട്മെന്റിനായി സ്‌പെഷ്യൽ ഡ്രൈവും നടത്തണം. രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാ‌ർത്ഥി ആത്മഹത്യകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് പരമോന്നത നീതി പീഠം ഈ മാർഗ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്

വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് കുടിശികയുണ്ടെങ്കിൽ നാലു മാസത്തിനകം അർഹരായ വിദ്യാർത്ഥികൾക്ക് അവ കൈമാറണം. ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണം. വിതരണം ചെയ്യാൻ കഴിയാത്തതിന് പ്രത്യേക കാരണങ്ങളുണ്ടെങ്കിൽ രേഖാമൂലം രണ്ടു മാസത്തിനകം സ്ഥാപനങ്ങളെ അറിയിക്കണം. ഭാവിയിൽ വൈകൽ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നതിലെ കാലതാമസം കാരണം ഫീസടയ്ക്കാൻ കഴിയാതെ വന്നാൽ ഒരു വിദ്യാർത്ഥിയെയും പരീക്ഷ എഴുതുന്നതിൽ നിന്ന് തടയരുതെന്നും ,ഹോസ്റ്റലുകളിൽ നിന്ന് പുറത്താക്കുകയോ . ക്ലാസിൽ കയറുന്നത് വിലക്കുകയോ ചെയ്യരുതെന്നും ഉറപ്പുവരുത്തണം.. മാർക്ക് ഷീറ്റുകളും ബിരുദങ്ങളും തടഞ്ഞുവയ്‌ക്കരുത്. മറിച്ചുണ്ടായാൽ കടുത്ത നടപടിയുണ്ടാകുമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

ജാതിവിവേചനം,റാംഗിംഗ്,ലിംഗവിവേചനം,ലൈംഗികാതിക്രമം,പഠനഭാരം തുടങ്ങിയ കാരണങ്ങൾ കൊണ്ട് കലാലയങ്ങളിൽ ഇനിയൊരു ജീവൻ നഷ്‌ടപ്പെടരുതെന്ന ഉദ്ദ്യേശത്തോടെ സുപ്രീംകോടതി റിട്ട. ജഡ്‌ജി എസ്. രവീന്ദ്ര ഭട്ട് അദ്ധ്യക്ഷനായ സമിതി സമർപ്പിച്ച ശുപാർശകൾ പരിശോധിച്ച ശേഷമാണ് നിർണായക മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. വിദ്യാ‌ർത്ഥി ആത്മഹത്യകളുണ്ടായാൽ അധികൃതർ ഉടനടി പൊലീസിനെ വിവരമറിയിക്കണം. തങ്ങളുടെ സ്ഥാപനം സുരക്ഷിതവും,സമത്വമുള്ളതും,പഠനത്തിന് അനുകൂല സാഹചര്യവുമുള്ള ഇടമാണെന്ന് ഉറപ്പാക്കാനുള്ള അടിസ്ഥാന ഉത്തരവാദിത്തത്തിൽ നിന്ന് സ്ഥാപന അധികൃതർക്ക് ഒഴി‌ഞ്ഞുമാറാനാകില്ല. വിദ്യാ‌‌ർത്ഥി ആത്മഹത്യകൾ, ദുരൂഹമരണങ്ങൾ എന്നിവ സംബന്ധിച്ച് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ യു.ജി.സിക്ക് വാർഷിക റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികൾ, ട്രാൻസ്ജെൻഡേഴ്സ്, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ക്യാമ്പസുകളിൽ 'തുല്യ അവസര സെല്ലുകൾ' ആവശ്യമാണെന്ന് കൂട്ടിച്ചേർത്തു. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിൽ ദലിത് ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെയും, മുംബൈയിലെ ടി.എൻ. ടോപ്പിവാല നാഷണൽ മെഡിക്കൽ കോളേജിൽ പട്ടികവർഗ വിദ്യാർത്ഥിനി പായൽ തഡ്‌വിയുടെയും അടക്കം മരണങ്ങൾ രാജ്യത്തെ അക്കാഡമിക് മേഖലയിൽ ഏറെ ചർച്ചയായിരുന്നു.