അപകടഭീഷണിയായി പഞ്ചായത്ത് കിണർ
Sunday 18 January 2026 12:13 AM IST
മുഹമ്മ : നിലം പതിക്കാറായി നിലകൊള്ളുന്ന പഞ്ചായത്ത് കിണർ ഭീഷണിയാകുന്നു. മുഹമ്മ പഞ്ചായത്തിൽ തുരുത്തൻ കവലയ്ക്ക് സമീപം എസ്.എൻ.ഡി.പി യോഗം 527ാം നമ്പർ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിന് മുന്നിലുള്ള കിണറിന്റെ തൂണുകളിലൊന്നാണ് എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലുള്ളത്. ഗുരുക്ഷേത്രത്തിൽ കുട്ടികളടക്കം നിരവധി പേരാണ് എത്താറുള്ളത്. കിണറിന്റെ തൂൺ ഇവർക്ക് ഭീഷണിയാണ്.
1957ലെ ആദ്യത്തെ മുഹമ്മ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ചതാണ് ഈ കിണർ. പൂർണമായും ചെങ്കല്ലിൽ തീർത്ത കിണറിന് വെള്ളം കോരാനുള്ള കപ്പിയും കയറും സംവിധാനങ്ങളും ഉണ്ടായിരുന്നു. കാലക്രമത്തിൽ കിണർ ഉപയോഗിക്കാതാവുകയായിരുന്നു. കിണറ്റിലേക്ക് വേരുകളിറങ്ങി. ചുറ്റുതറയും പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്.