മയക്കുമരുന്ന് വാങ്ങാൻ ആർ.എം.ഒയുടെ പേരിൽ വ്യാജ കുറിപ്പടി; രണ്ടുപേർ അറസ്റ്റിൽ
പിടിയിലായവരിൽ ഭിന്നശേഷിക്കാരനും
കൊച്ചി: എറണാകുളം ജനറൽ ആശുപത്രി മുൻ ആർ.എം.ഒയുടെ പേരിൽ വ്യാജ കുറിപ്പടി ചമച്ച് കൊച്ചിയിലെ മെഡിക്കൽ സ്റ്റോറിൽ നിന്ന് മയക്കുമരുന്ന് ഗുളികകൾ വാങ്ങാൻ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ ഭിന്നശേഷിക്കാരനായ മറ്റൊരു യുവാവിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഇരുകാലുകളും ഇല്ലാത്തതിനാൽ റിമാൻഡ് ചെയ്യാതെ നോട്ടീസ് നൽകി വിട്ടയച്ചു. മനോരോഗ ചികിത്സ നടത്തുന്ന ജില്ലയിലെ നിരവധി ഡോക്ടർമാരുടെ പേരിൽ സംഘം വ്യാജകുറിപ്പടി ചമച്ച് മയക്കുമരുന്നു ഗുളികകളും മാനസികരോഗത്തിനുള്ള മരുന്നുകളും വാങ്ങി വിൽപ്പന നടത്തിയെന്ന് സൂചനയുണ്ട്.
ചേരാനല്ലൂർ ചിറ്റൂർ തൃക്കുന്നശേരി സ്വദേശി ശ്യാം (30), എറണാകുളം രവിപുരം മാമ്പള്ളിപ്പാടം കാച്ചപ്പിള്ളിയിൽ എബി തോമസ് (40) എന്നിവരും ഭിന്നശേഷിക്കാരനായ യുവാവുമാണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. ഇപ്പോൾ മട്ടാഞ്ചേരിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സർക്കാർ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനായ ഡോ. പി.ജെ. സിറിയക്കിന്റെ പേരിലാണ് വ്യാജ കുറിപ്പടി തയ്യാറാക്കിയത്. ജനറൽ ആശുപത്രിക്ക് സമീപം ഡോക്ടർ സ്വകാര്യ മനോരോഗ ചികിത്സ നടത്തുന്നുണ്ട്. ഇവിടെ മറ്റേതോ രോഗിക്ക് നൽകിയ കുറിപ്പടി തരപ്പെടുത്തിയാണ് വ്യാജൻ തയ്യാറാക്കിയത്.
ഡിസംബർ 29ന് രാത്രി 7.15ന് ശ്യാമാണ് പച്ചാളത്തെ ജനസേവന മെഡിക്കൽ ഷോപ്പിൽ മരുന്നിനെത്തിയത്. ഉറക്കക്കുറവിനുള്ള 10 എം.എൽ നൈട്രാസെപാം, മനോരോഗികൾക്ക് നൽകുന്ന ക്വിറ്റിപിൻ ഗുളികകളാണ് ഒരു മാസത്തേക്ക് 30 വീതം കുറിച്ചിരുന്നത്. കൈയക്ഷരത്തിൽ സംശയം തോന്നിയ ഫാർമസിസ്റ്റ് ലെറ്റർപാഡിലെ ഡോക്ടറുടെ നമ്പരിൽ വിളിച്ചതോടെ കള്ളി വെളിച്ചത്തായി. ഫാർമസിസ്റ്റ് വാട്സാപ്പ് ചെയ്ത കുറിപ്പടി കണ്ട് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ പൊലീസിനെ അറിയിച്ചു. ശ്യാമിനെ കഴിഞ്ഞ ഏഴിനാണ് കസ്റ്റഡിയിലെടുത്തത്.
തുടരന്വേഷണത്തിലാണ് എബി തോമസുൾപ്പെടെ രണ്ട് പേർ കൂടി ഇന്നലെ പിടിയിലായത്. സ്വന്തം ലഹരി ആവശ്യത്തിനും മറ്റുള്ളവർക്ക് വിതരണം ചെയ്യാനുമാണ് ഗുളികകൾ തരപ്പെടുത്തുന്നത്. ഒറിജിനൽ കുറിപ്പടി കമ്പ്യൂട്ടറിൽ സ്കാൻ ചെയ്താണ് വ്യാജ കളർ കുറിപ്പടി ചമച്ചത്. ലെറ്റർപാഡും സീലും ഒപ്പും കണ്ടാൽ സംശയം തോന്നില്ലെന്ന് ഡോ. ഡോ. പി.ജെ. സിറിയക്ക് പറഞ്ഞു.