മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി
തെന്മല : നാഗമല എസ്റ്റേറ്റിലെ തൊഴിലാളിയുടെ മോഷണം പോയ ബൈക്ക് വനപാലകരുടെ ഇടപെടലിനെത്തുടർന്ന് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. നാഗമല സ്വദേശി മണികണ്ഠന്റെ പൾസർ ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ വീടിന് മുന്നിൽ നിന്ന് മോഷണം പോയത്. രാത്രി പന്ത്രണ്ടരയോടെ ബൈക്കുമായി ഉപ്പുകുഴി ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെത്തിയ മോഷ്ടാവ് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. സംശയം തോന്നിയ വനപാലകർ ചോദ്യം ചെയ്തതോടെ ഇയാൾ ബൈക്ക് അവിടെത്തന്നെ ഉപേക്ഷിച്ച ശേഷം ചാലിയക്കര വനമേഖലയിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. രാവിലെ ബൈക്ക് കാണാതായതിനെ തുടർന്ന് മണികണ്ഠൻ തെന്മല പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് ബൈക്ക് ചെക്ക് പോസ്റ്റിലുണ്ടെന്ന വിവരം ലഭിക്കുന്നത്. പ്രദേശത്ത് ബൈക്ക് മോഷണം പതിവാകുന്ന സാഹചര്യത്തിൽ ചാലിയക്കര, ഉപ്പുകുഴി ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് വനപാലകർ മുന്നറിയിപ്പ് നൽകി. സംഭവത്തിൽ തെന്മല പൊലീസ് അന്വേഷണം ആരംഭിച്ചു.