ചന്ദ്രനിലേക്ക് പറക്കാൻ ആർട്ടെമിസ്
വാഷിംഗ്ടൺ: അര നൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രന്റെ അടുത്തേക്ക് കുതിക്കുന്നു. നാസയുടെ സ്വപ്ന ദൗത്യമായ ആർട്ടെമിസ് - 2 ഫെബ്രുവരിയിൽ വിക്ഷേപിക്കുമെന്ന് അറിയിച്ചതോടെ, ചരിത്ര നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം. ഫെബ്രുവരി 6നാണ് വിക്ഷേപണത്തിന് ലക്ഷ്യമിടുന്നതെങ്കിലും കാലാവസ്ഥാ, സാങ്കേതിക ഘടകങ്ങൾക്കനുസരിച്ച് വിക്ഷേപണ തീയതി മാറിയേക്കാം.
റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൻ എന്നിവരാണ് യാത്രികർ. ഇവരിൽ ജെറമി കനേഡിയൻ സ്പേസ് ഏജൻസി പ്രതിനിധിയും മറ്റുള്ളവർ അമേരിക്കക്കാരുമാണ്. ഇവർ ചന്ദ്രനിലിറങ്ങില്ല. പകരം, ദൗത്യത്തിലെ ഒറിയോൺ പേടകം ഇവരുമായി ചന്ദ്രനടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് പത്ത് ദിവസത്തിനുള്ളിൽ തിരിച്ചെത്തും.
ഈ ദൗത്യം വിജയിക്കുന്നതോടെ മറ്റ് നാല് യാത്രികരെ ചന്ദ്രോപരിതലത്തിൽ ഇറക്കാനുള്ള ആർട്ടെമിസ് 3 ദൗത്യവുമായി നാസ മുന്നോട്ടുപോകും. 1972ൽ അപ്പോളോ 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്. ഇതിന് ശേഷം മനുഷ്യരുമായി ചന്ദ്രന്റെ അടുത്ത് എത്തുന്ന ആദ്യ ദൗത്യമാണ് ആർട്ടെമിസ് 2. 12 പേരാണ് ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയത്.
ആർട്ടെമിസ് 3, 2027 പകുതിയോടെ ലക്ഷ്യമിടുന്നുണ്ടെങ്കിലും കാലതാമസം നേരിട്ടേക്കും. 2022 നവംബറിലാണ് ആർട്ടെമിസ് പദ്ധതിയിലെ ആദ്യ ദൗത്യമായ ആർട്ടെമിസ് 1 വിക്ഷേപിച്ചത് (ഒറിയോൺ പേടകം സഞ്ചാരികളില്ലാതെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി).