ഗാസയെ നിയന്ത്രിക്കാൻ ട്രംപിന്റെ 'സമാധാന ബോർഡ് "  ടോണി ബ്ലെയറും ഇന്ത്യൻ വംശജൻ അജയ് ബാംഗയും അംഗങ്ങൾ

Sunday 18 January 2026 7:04 AM IST

ടെൽ അവീവ്: യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസയുടെ സ്ഥിരതയും പുനർനിർമ്മാണവും ലക്ഷ്യമിട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'സമാധാന ബോർഡ് " (ബോർഡ് ഒഫ് പീസ്) പ്രാബല്യത്തിൽ. ട്രംപ് ചെയർമാനായ ബോർഡിലെ അംഗങ്ങളെ പ്രഖ്യാപിച്ചു.

ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രംപിന്റെ മരുമകൻ ജറേഡ് കുഷ്‌നർ, ലോക ബാങ്ക് പ്രസിഡന്റും ഇന്ത്യൻ - അമേരിക്കൻ വംശജനുമായ അജയ് ബാംഗ, ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് തുടങ്ങിവരെ അംഗങ്ങളായി തിരഞ്ഞെടുത്തു. പാലസ്തീൻ വംശജരെ ഉൾപ്പെടുത്തിയിട്ടില്ല.

ഗാസയിൽ വെടിനിറുത്തൽ കരാറിന്റെ രണ്ടാംഘട്ടം തുടങ്ങിയെന്ന് യു.എസ് ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. രണ്ട് വർഷം നീണ്ട യുദ്ധത്തിനൊടുവിൽ ഒക്ടോബർ 10നാണ് ട്രംപ് ആവിഷ്കരിച്ച 20 ഇന പദ്ധതി പ്രകാരം ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. ഹമാസിന്റെ നിരായുധീകരണം മുതൽ ഗാസയുടെ പുനർനിർമ്മാണം വരെ ഉൾക്കൊള്ളുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ കേന്ദ്രബിന്ദു സമാധാന ബോർഡാണ്.

അതേസമയം, വെടിനിറുത്തൽ തുടരുന്നുണ്ടെങ്കിലും ഹമാസിന്റെ പ്രകോപനങ്ങൾക്കുള്ള തിരിച്ചടിയെന്ന് കാട്ടി ഇസ്രയേലിന്റെ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഗാസയിൽ തുടരുന്നുണ്ട്. വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത് മുതൽ ഇത്തരത്തിൽ 464 പേർ കൊല്ലപ്പെട്ടു. ഗാസയുടെ 53 ശതമാനം ഇസ്രയേൽ നിയന്ത്രണത്തിലാണ്. ഹമാസ് ആയുധം ഉപേക്ഷിക്കുന്നത് അനുസരിച്ച് ഇസ്രയേൽ സേന പിന്മാറും. 71,548 പേരാണ് ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ടത്.

# തുർക്കിക്കും ഈജിപ്റ്റിനും ക്ഷണം

വരും ആഴ്ചയിൽ സമാധാന ബോർഡിലേക്ക് കൂടുതൽ അംഗങ്ങളെ പ്രഖ്യാപിക്കും. അർജന്റീന പ്രസിഡന്റ് ഹാവിയർ മിലെ,​ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്താഹ് അൽ-സിസി, തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗൻ എന്നിവരെ അംഗമാകാൻ ട്രംപ് ക്ഷണിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ എതിർപ്പ് മറികടന്നാണ് തുർക്കിയെ ക്ഷണിച്ചതെന്നാണ് റിപ്പോർട്ട്.

# ഗാസയുടെ ഭാവി നിർണയിക്കും

 സമാധാന ബോർഡ് ഗാസയിലെ അന്താരാഷ്ട്ര മേൽനോട്ട സമിതിയായി പ്രവർത്തിക്കും. ഗാസയുടെ ഭാവിയുടെ ഗതി നിർണയിക്കും

 ട്രംപിന്റെ പദ്ധതി പ്രകാരം രൂപീകരിച്ച 15 പാലസ്തീനിയൻ സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന നാഷണൽ കമ്മിറ്റിയെ നിയന്ത്രിക്കുക സമാധാന ബോർഡ്. ഹമാസ് അധികാരം കൈമാറുന്നതോടെ ഗാസയുടെ ഇടക്കാല ഭരണം നാഷണൽ കമ്മിറ്റി ഏറ്റെടുക്കും

 ഹമാസിന്റെ നിരായുധീകരണത്തിന് മുൻകൈ എടുക്കണം. ആയുധം ഉപേക്ഷിക്കാമെന്ന് ഹമാസ് ഇനിയും സമ്മതിച്ചിട്ടില്ല

 ഗാസയുടെ പുനർനിർമ്മാണത്തിനുള്ള ഫണ്ട് കൈകാര്യം ചെയ്യണം