ഗ്രീൻലൻഡിന്റെ പേരിൽ യൂറോപ്പിന് ട്രംപിന്റെ തീരുവ പ്രഹരം
വാഷിംഗ്ടൺ: ഗ്രീൻലൻഡിനെ സ്വന്തമാക്കാനുള്ള തങ്ങളുടെ പദ്ധതിയെ എതിർക്കുന്നതിന്റെ പേരിൽ യു.കെ, ഡെൻമാർക്ക്, ജർമ്മനി, ഫ്രാൻസ് എന്നിങ്ങനെ എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് 10 ശതമാനം അധിക ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരി 1ന് പ്രാബല്യത്തിൽ വരും. ജൂൺ 1ന് തീരുവ 25 ശതമാനമായി ഉയർത്തും. ഗ്രീൻലൻഡ് വാങ്ങാനുള്ള കരാറിൽ യു.എസ് എത്തും വരെ തീരുവ തുടരുമെന്നും ട്രംപ് പറഞ്ഞു.
ഡെൻമാർക്കുമായുള്ള സംയുക്ത സൈനികാഭ്യാസത്തിനായി ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നോർവേ എന്നിവിടങ്ങളിൽ നിന്നുള്ള സൈനികർ ഗ്രീൻലൻഡിൽ എത്തിയ പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യു.എസിന്റെ ഗ്രീൻലൻഡ് പദ്ധതിയെ എതിർത്താൽ നാറ്റോ സൈനിക സഖ്യത്തിൽ നിന്ന് പിൻമാറുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
ഗ്രീൻലൻഡിനെ സൈനിക മാർഗത്തിലൂടെ നേടാൻ മടിയില്ലെന്നും ദ്വീപിന്റെ നിയന്ത്രണം യു.എസിന്റെ ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്നുമാണ് ട്രംപിന്റെ പക്ഷം. മേഖലയിൽ റഷ്യൻ, ചൈനീസ് സ്വാധീനം തടയാനും യു.എസ് ലക്ഷ്യമിടുന്നു. ട്രംപിന്റെ ഭീഷണികളെ ഗ്രീൻലൻഡും ദ്വീപിന്റെ നിയന്ത്രണമുള്ള ഡെൻമാർക്കും എതിർക്കുന്നു.