നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു; മൃതദേഹം വീടിന് മുന്നിൽ തള്ളി ഭർതൃവീട്ടുകാർ; ഉപയോഗിച്ചത് എസ്ഐയുടെ വാഹനമെന്ന് സംശയം
പാട്ന: ബീഹാറിൽ നവവധു ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. വൈശാലി സ്വദേശിനി സരിതയെയാണ് (28) മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ മൃതദേഹം യുവതിയുടെ സ്വന്തം വീടിന് മുന്നിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ ഉപയോഗിച്ച വാഹനം പൊലീസ് സബ് ഇൻസ്‌പെക്ടറുടെ പേരിൽ രജിസ്റ്റർ ചെയ്തതാണെന്നാണ് വിവരം.
16ന് പുലർച്ചെ 12.30ഓടെ കറുത്ത നിറത്തിലുള്ള സ്‌കോർപിയോ കാറിലെത്തിയ സംഘം യുവതിയുടെ മൃതദേഹം വീട്ടുവാതിൽക്കൽ തള്ളി കടന്നുകളയുകയായിരുന്നു. രാവിലെ വീട്ടുകാർ മൃതദേഹം കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. വീടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങളിൽ വാഹനം എത്തുന്നതും മൃതദേഹം ഉപേക്ഷിക്കുന്നതും വ്യക്തമായി പതിഞ്ഞിട്ടുണ്ട്. പൊലീസ് സംഭവം സ്ഥിരീകരിക്കുകയും കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കോർപിയോ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുസാഫർപൂർ ജില്ലയിൽ ജോലി ചെയ്യുന്ന സന്തോഷ് രജക് എന്ന എസ്‌ഐയുടെ പേരിലുള്ളതാണ് ഈ വാഹനം. ഇയാൾക്ക് കൊലപാതകത്തിൽ പങ്കുണ്ടോ അതോ മറ്റാരെങ്കിലും വാഹനം ദുരുപയോഗം ചെയ്തതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ഒൻപത് മാസം മുൻപ് വൈശാലി സ്വദേശി സത്യേന്ദ്ര കുമാറുമായാണ് സരിത വിവാഹിതയായത്. സാമ്പത്തിക ശേഷിക്കപ്പുറം സ്ത്രീധനം നൽകിയിട്ടും കൂടുതൽ പണത്തിനായി ഭർതൃവീട്ടുകാർ സരിതയെ പീഡിപ്പിച്ചിരുന്നു. ഭൂമി രജിസ്‌ട്രേഷൻ ചെയ്യാൻ എട്ടു ലക്ഷം രൂപ ഇതിനകം നൽകിയിരുന്നു. എന്നാൽ മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് സരിതയെ അവർ നിരന്തരം പീഡിപ്പിച്ചിരുന്നതായി പിതാവ് ആരോപിക്കുന്നു.
സരിതയുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുകളുണ്ടെന്നും ഇത് കൊലപാതകമാണെന്നുമാണ് കുടുംബം ഉറപ്പിച്ചു പറയുന്നത്. യുവതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സരിതയുടെ ഭർത്താവ് അടക്കം അഞ്ച് പേർക്കെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട വ്യക്തികളെ തിരിച്ചറിയാനായി വിവിധയിടങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിവരികയാണ്.